അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിർണ്ണായക സന്ധിയിലാണ് ഡോണൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡൻസി ഇന്ന് എത്തിനിൽക്കുന്നത്. തൻ്റെ ഭരണത്തിന് കീഴിൽ എതിർശബ്ദങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടുകയും, കോൺഗ്രസിൻ്റെ അധികാരം പോലും തന്നിഷ്ടപ്രകാരം കീഴ്പ്പെടുത്തുകയും ചെയ്ത ട്രംപിന്, ഇപ്പോൾ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ജനങ്ങളിൽ നിന്നും ഒരേസമയം വെല്ലുവിളികൾ നേരിടേണ്ടി വന്നിരിക്കുകയാണ്. അമിതമായ രാഷ്ട്രീയ ആധിപത്യം അനുഭവിച്ച ഒരു നേതാവിന്, ചരിത്രത്തിലാദ്യമായി സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും ഒരു ‘വിമത പ്രവാഹം’ നേരിടേണ്ടി വരുന്നു എന്നതും, സാധാരണക്കാരുടെ ജീവിതച്ചെലവിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കകൾക്ക് മുന്നിൽ ട്രംപിന്റെ സാമ്പത്തിക അജണ്ട ഉലയുന്നു എന്നതും ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നുണ്ട്. 2030-ൽ അധികാരം ഒഴിയേണ്ടി വരുന്ന ഒരു പ്രസിഡൻ്റ് എന്ന നിലയിൽ, ട്രംപിന്റെ വാക്കുകൾക്കും പിന്തുണയ്ക്കും ഉണ്ടാകാവുന്ന ഭാവിയിലെ സ്വാധീനം പോലും ചോദ്യം ചെയ്യപ്പെടുന്ന, ഒരു അത്യപൂർവമായ രാഷ്ട്രീയ ‘കൊടുങ്കാറ്റ്’ ആയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ അവസ്ഥയെ നോക്കിക്കാണുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, ട്രംപിന് ഭീഷണിയായി രണ്ട് പ്രധാന വെല്ലുവിളികളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ആദ്യത്തേത് സാധാരണക്കാരുടെ ജീവിതച്ചെലവിനെക്കുറിച്ചുള്ള വർധിച്ച ആശങ്കകളാണെങ്കിൽ, രണ്ടാമത്തേത് ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ കേസിലെ രഹസ്യരേഖകൾ പുറത്തുവിടാനുള്ള റിപ്പബ്ലിക്കൻ വിമതരുടെ സമ്മർദ്ദമാണ്. ഈ ഇരട്ട പ്രതിസന്ധികൾ, സമീപകാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ നേടിയ വിജയങ്ങൾക്ക് പിന്നാലെ, ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അവശേഷിക്കുന്ന ജനസമ്മിതിയെക്കുറിച്ച് ഒരു കണക്കെടുപ്പ് നടത്തേണ്ട അനിവാര്യതയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

അമേരിക്ക ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളിൽ ഏറ്റവും മുൻപന്തിയിലുള്ളത് സാമ്പത്തിക ആശങ്കകൾ തന്നെയാണ്. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള വോട്ടർമാരുടെ അതൃപ്തി ട്രംപിന് വലിയ തലവേദനയാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞ പണപ്പെരുപ്പമായിട്ടും, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നില്ല എന്ന വികാരം ആളുകൾക്കിടയിൽ ശക്തമാണ്. ഉയർന്ന ജീവിതച്ചെലവ് ട്രംപിന്റെ മറ്റ് രാഷ്ട്രീയ അജണ്ടകളെ പിന്നോട്ട് വലിക്കുന്ന നിർണ്ണായക സാഹചര്യമാണ് നിലവിലുള്ളത്.
പണപ്പെരുപ്പം സാധാരണ നിലയിലാക്കിയെന്ന് അവകാശപ്പെടുമ്പോഴും, ഉപഭോക്തൃ ചെലവുകൾ ഉയർന്ന നിലയിലാണ് എന്ന് ട്രംപ് തന്നെ സമ്മതിച്ച കാര്യമാണ്. ഈ സാമ്പത്തിക സമ്മർദ്ദത്തെ നേരിടാൻ, തന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നായ ഇറക്കുമതി തീരുവകളിൽ നിന്നും ട്രംപ് ഭാഗികമായി പിന്നോട്ട് പോയി. കാപ്പി, മാംസം, ഉഷ്ണമേഖലാ പഴങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ തീരുവ കുറക്കാൻ ട്രംപ് നിർബന്ധിതമായത്, തീരുവകൾ ജനങ്ങൾക്ക് ചെലവേറിയതായി മാറി എന്നതിന്റെ സൂചനയായി കണക്കാക്കാം. കൂടാതെ, ധനികരല്ലാത്ത എല്ലാ അമേരിക്കക്കാർക്കും തീരുവ വരുമാനത്തിൽ നിന്ന് 2,000 ഡോളറിന്റെ ഡിവിഡന്റ് നൽകാനുള്ള നിർദ്ദേശവും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്. ജനങ്ങളുടെ അതൃപ്തി തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനുള്ള മുൻകരുതലായി ഇതിനെ കാണാമെങ്കിലും, വർധിച്ചുവരുന്ന കേന്ദ്ര കടം കണക്കിലെടുക്കുമ്പോൾ ഈ ആശയം കോൺഗ്രസ് അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ഈ മാസം ന്യൂജേഴ്‌സിയിലും വിർജീനിയയിലും ഡെമോക്രാറ്റുകൾ നേടിയ വൻ വിജയങ്ങൾ, ട്രംപിന്റെ സാമ്പത്തിക കൈകാര്യം ചെയ്യലിലുള്ള ജനങ്ങളുടെ അതൃപ്തിയുടെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വില കുറയുന്നു എന്ന് രാഷ്ട്രീയക്കാർ പറഞ്ഞാൽ മാത്രം പോരാ, സാധാരണക്കാർക്ക് അത് നേരിട്ട് അനുഭവപ്പെടണം എന്ന് റിപ്പബ്ലിക്കൻ പോൾസ്റ്റർ നീൽ ന്യൂഹൗസ് നൽകിയ മുന്നറിയിപ്പും ഇതുമായി കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്.

ട്രംപ് അകപ്പെട്ടിരിക്കുന്ന മറ്റൊരു ഊരാക്കുടുക്കാണ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീൻ കേസ്. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ആവശ്യം ട്രംപിന് കോൺഗ്രസിനുള്ളിൽ നിന്ന് നേരിടേണ്ടി വരുന്ന അപൂർവ വെല്ലുവിളിയാണ്. കെന്റക്കി റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സിയാണ് ഈ വിഷയത്തിൽ വിമത ശബ്ദമുയർത്തുന്നത്.
നിലവിൽ ട്രംപിന്റെ അംഗീകാരം നേടുന്നതിനായി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സഹപ്രവർത്തകരോട് മാസ്സി തുറന്നടിച്ചു: “ഇപ്പോൾ ട്രംപിന് നിങ്ങളെ സംരക്ഷിക്കാൻ കഴിയും, എന്നാൽ 2030-ൽ അദ്ദേഹം പ്രസിഡന്റായിരിക്കില്ല. നിങ്ങൾ ഈ ഫയലുകൾ പുറത്തുവിടാൻ വോട്ട് ചെയ്തില്ലെങ്കിൽ, ബാലപീഡകരെ സംരക്ഷിക്കാൻ വോട്ട് ചെയ്തവരായി നിങ്ങൾ മുദ്രകുത്തപ്പെടും, അന്ന് പ്രസിഡന്റിന് നിങ്ങളെ രക്ഷിക്കാനാവില്ല.” ആദ്യം ഈ ബില്ലിനെ ശക്തമായി എതിർത്ത ട്രംപ്, പെട്ടെന്ന് നിലപാട് മാറ്റി വോട്ടിനുള്ള പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇത് കോൺഗ്രസിൽ, പ്രത്യേകിച്ച് റിപ്പബ്ലിക്കൻ നിയന്ത്രിത സഭയിൽ, ട്രംപിന് നേരിടേണ്ടി വന്ന ഒരു അപൂർവ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
നിയമപരമായി വീണ്ടും മത്സരിക്കാൻ കഴിയില്ല എന്നതിനാൽ, അധികാരം നിലനിർത്തുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് നിലവിൽ ട്രംപുള്ളത്. അതിന്റെ ഭാഗമായി തന്നെ കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ തീവ്രമായി ശ്രമിക്കുകയാണ് ട്രംപ്. അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നിലനിർത്താൻ, സംസ്ഥാന നേതാക്കളോട് കോൺഗ്രസ് ഡിസ്ട്രിക്റ്റുകൾ പുനഃക്രമീകരിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എന്ത് വിലകൊടുത്തും ഭൂരിപക്ഷം നിലനിർത്തണം എന്ന ട്രംപിന്റെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പ് പോലും അതാണ് സൂചിപ്പിക്കുന്നത്.
പുനഃക്രമീകരണത്തെ പിന്തുണയ്ക്കാത്ത നിയമനിർമ്മാതാക്കൾക്കെതിരെ എതിർ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നുള്ള ഭീഷണിയും നിലനില്പിനെക്കുറിച്ചോർത്ത് ട്രംപ് എത്രമാത്രം ആകുലപ്പെടുന്നുണ്ട് എന്നത് വ്യക്തമാക്കുന്നു. ട്രംപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ മാർജോറി ടെയ്‌ലർ ഗ്രീനുമായുള്ള പരസ്യമായ അഭിപ്രായവ്യത്യാസം പോലുള്ള സംഭവങ്ങളും, സ്വന്തം പാർട്ടിക്കുള്ളിൽപ്പോലും ട്രംപിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ് നൽകുന്നത്.

ട്രംപിന്റെ തീവ്രമായ ഭരണശൈലി രണ്ടാം ടേമിലും ആധിപത്യം സ്ഥാപിക്കാൻ സഹായകമായെങ്കിലും, സാമ്പത്തിക യാഥാർത്ഥ്യങ്ങളും രാഷ്ട്രീയ വിമതരും അദ്ദേഹത്തിന് കടുത്ത വെല്ലുവിളികളാണ് ഉയർത്തുന്നത്. പണപ്പെരുപ്പവും, എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള സമ്മർദ്ദവും, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഒരു പ്രതിരോധം ട്രംപിനെതിരെ വളർന്നുവരുന്നു എന്നതിന്റെ സൂചനയാണ്. കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്മാർക്ക് നഷ്ടപ്പെട്ടാൽ, അത് ട്രംപിന്റെ അജണ്ടയെ തടസ്സപ്പെടുത്തുകയും ഭരണകൂടത്തിനെതിരെ കൂടുതൽ അന്വേഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നാലും സ്ഥിതി മറിച്ചാകില്ല.
തൻ്റെ മുൻഗാമികൾ കാണിക്കാത്ത രീതിയിൽ അധികാരം പ്രയോഗിച്ച് ഫെഡറൽ ഭരണകൂടത്തെ അഴിച്ചുപണിത അദ്ദേഹം, ഇപ്പോൾ നേരിടുന്നത് കേവലം രാഷ്ട്രീയ എതിരാളികളെ മാത്രമല്ല. വിലക്കയറ്റവും സ്വന്തം പാർട്ടിക്കുള്ളിലെ ധാർമ്മിക ചോദ്യങ്ങളുംട്രംപിന്റെ രാഷ്ട്രീയ സ്വാധീനത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പുകൾ ട്രംപിന്റെ ബാക്കിയുള്ള ഭരണകാലത്തിന്റെ ഗതി നിർണ്ണയിക്കും. ഏതായാലും ട്രംപിൻ്റെ രണ്ടാം ടേം, ഉയർന്നുവരുന്ന ആഭ്യന്തര വിമതശബ്ദങ്ങൾക്കും ജനങ്ങളുടെ സാമ്പത്തിക പ്രതിഷേധങ്ങൾക്കും മുന്നിൽ ട്രംപ് നടത്തുന്ന നിലനിൽപ്പിനായുള്ള പോരാട്ടത്തിൻ്റെ ചിത്രമാണ് നൽകുന്നത്. അടുത്ത വോട്ടെടുപ്പ് ഫലങ്ങൾ, ഈ കൊടുങ്കാറ്റിൽ ട്രംപിന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയും എന്ന് തെളിയിക്കും.
EXPRESS VIEW
വീഡിയോ കാണാം;






