ലോകം ഇന്നുവരെ കണ്ടിട്ടുള്ള എല്ലാ യുദ്ധതന്ത്രങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ആകാശസീമകളിൽ പുതിയൊരു സാമ്രാജ്യം പടുത്തുയർത്താൻ അമേരിക്ക ഒരുങ്ങിക്കഴിഞ്ഞതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വെറുമൊരു യുദ്ധവിമാനമല്ലെന്നും ശത്രുവിന്റെ റഡാറുകളിൽ തെളിയാത്ത, മിന്നൽ വേഗത്തിൽ മരണം വിതയ്ക്കാൻ ശേഷിയുള്ള ഒരു ‘അദൃശ്യ രാക്ഷസൻ’ ആണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആ പ്രഖ്യാപനം നടത്തുമ്പോൾ, ലോകരാജ്യങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുകയായിരുന്നു.
“ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിനാശകരമായ വിമാനം” – എഫ്-47 (F-47) എന്നാണ് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ശത്രുവിന് ചിന്തിക്കാൻ പോലും സമയം നൽകാതെ ആകാശത്തിന്റെ ആധിപത്യം പിടിച്ചെടുക്കാൻ അമേരിക്കൻ സൈനിക ശക്തിയുടെ പുതിയ മുഖമായി ആറാം തലമുറയിലെ ഈ അത്ഭുത വിമാനം യുദ്ധമുഖങ്ങളെ എങ്ങനെ മാറ്റിവരയ്ക്കുമെന്ന് നമുക്ക് ഒന്ന് നോക്കാം.
അമേരിക്കൻ വ്യോമസേനയുടെ ‘നെക്സ്റ്റ് ജനറേഷൻ എയർ ഡോമിനൻസ്’ (NGAD) എന്ന അതീവ രഹസ്യവും നൂതനവുമായ പ്രോഗ്രാമിന്റെ കേന്ദ്രബിന്ദുവാണ് എഫ്-47. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞതുപോലെ, “ലോകത്തിൽ മറ്റൊന്നും ഇതിനടുത്തുപോലും വരില്ല”. വിമാനത്തിന്റെ പേരിനൊപ്പമുള്ള ’47’ എന്ന നമ്പറിനെക്കുറിച്ച് പ്രസിഡന്റ് തന്റെ തനതായ ശൈലിയിൽ കൗതുകം പ്രകടിപ്പിച്ചതും വാർത്തകളിൽ ഇടംപിടിച്ചു. ദീർഘദൂര പോരാട്ടങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വിമാനം, നൂതന മിസൈലുകൾ ഉപയോഗിച്ച് ശത്രുവിന്റെ കണ്ണിൽപ്പെടാതെ കിലോമീറ്ററുകൾ അകലെ നിന്ന് ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. എന്നാൽ കേവലം ദൂരയുദ്ധങ്ങൾ മാത്രമല്ല, ആകാശത്ത് മുഖാമുഖം വരുന്ന ‘ഡോഗ് ഫൈറ്റുകളിലും’ എഫ്-47 ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
ഈ ആയുധ വിസ്മയത്തിന്റെ എഞ്ചിനീയറിംഗ് ആൻഡ് മാനുഫാക്ചറിംഗ് ഡെവലപ്‌മെന്റ് (EMD) കരാർ പ്രമുഖ വിമാന നിർമ്മാതാക്കളായ ബോയിംഗിനാണ് നൽകിയിരിക്കുന്നത്. വരും തലമുറയിലെ സ്റ്റെൽത്ത് സാങ്കേതികവിദ്യ, സെൻസർ ഫ്യൂഷൻ, ദീർഘദൂര ആക്രമണ ശേഷികൾ എന്നിവയുടെ ഒരു സങ്കരരൂപമാണ് ഈ വിമാനം. ഇതിന്റെ ‘മോഡുലാർ ആർക്കിടെക്ചർ’ വലിയൊരു പ്രത്യേകതയാണ്; അതായത് ഭാവിയിൽ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുമ്പോൾ ഈ വിമാനത്തിൽ അവ പെട്ടെന്ന് തന്നെ ഉൾക്കൊള്ളിക്കാൻ സാധിക്കും. അത്യാധുനിക എതിരാളികളെ നേരിട്ട് വ്യോമ ആധിപത്യം നിലനിർത്തുക എന്നതുതന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
നിലവിൽ അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധവിമാനമെന്ന് കരുതുന്ന എഫ്-22-നേക്കാൾ ബഹുദൂരം മുന്നിലാണ് എഫ്-47 എന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അടിവരയിടുന്നു. മെച്ചപ്പെട്ട സ്റ്റെൽത്ത് മറയും, കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം പറക്കാനുള്ള കഴിവും ഇതിനെ ലോകത്തിലെ ഏറ്റവും മികച്ച പോരാളിയാക്കുന്നു. ഡിഫൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസി (DARPA) യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ വിമാനം, നൂറുകണക്കിന് മണിക്കൂർ പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനങ്ങളും (Autonomous systems) കൃത്യമായ ലക്ഷ്യബോധവും ഇതിനെ ഒരു യന്ത്രമനുഷ്യനെപ്പോലെ കാര്യക്ഷമമാക്കുന്നു എന്നുമാണ് റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നത്.
അതേസമയം അമേരിക്ക എഫ്-47 എന്ന ആയുധവിസ്മയം ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു അഹങ്കരിക്കുമ്പോൾ, പശ്ചിമേഷ്യൻ ശക്തിയായ ഇറാൻ ഇതുകണ്ട് ഭയന്നോടുമെന്ന് കരുതുന്നത്തിൽ വസ്തുതയുണ്ടോ..? അതെ ഇല്ല എന്നാണ് യുദ്ധവിദഗ്ദ്ധരും, രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്, മറിച്ച് ഇത് അമേരിക്കയുടെ പതിവ് വിഡ്ഢിത്തമാണ് എന്നാണ് അവരും സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്ക തങ്ങളുടെ പടക്കോപ്പുകൾ ആകാശത്ത് നിരത്തി ആധിപത്യം പ്രഖ്യാപിക്കുമ്പോൾ, ഇറാൻ അങ്ങനെയല്ല. അവർ തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരാണ്. അമേരിക്ക ലോകത്തെ കാണിച്ചും കേൾപ്പിച്ചും കൊണ്ട് ഓരോന്ന് നടത്തുമ്പോൾ, ഇറാൻ നിശബ്ദമായി തങ്ങളുടെ പ്രതിരോധ കോട്ടകൾ പണിയുകയാണ് എന്നതാണ് യാഥാർത്ഥ്യം.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
പാതിവഴിയിൽ ഒളിച്ചോടുന്നവരല്ല ഇറാൻ, മറിച്ച് ശത്രുവിന്റെ ഓരോ നീക്കവും നിരീക്ഷിച്ച്, അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ശത്രുവിനെ അപ്രതീക്ഷിതമായി ചാടിവീണ് വീഴ്ത്തുന്ന വേട്ടക്കാരനെപ്പോലെയാണ് അവർ. എഫ്-47 ആകാശത്ത് വട്ടമിടുമ്പോൾ, അതിനെ താഴെയിറക്കാനുള്ള ചതിക്കുഴികൾ ഭൂമിയിൽ ഇറാൻ ഒരുക്കിക്കഴിഞ്ഞു എന്നുവേണം കരുതാൻ. ആയുധബലത്തേക്കാൾ ബുദ്ധിബലം കൊണ്ട് ഇറാൻ പൊരുതുമ്പോൾ, ഈ ആകാശപ്പോര് എവിടെ ചെന്നവസാനിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.






