പാരീസില്‍ ട്രംപും സെലന്‍സ്‌കിയും നേര്‍ക്കുനേര്‍, തന്ത്രങ്ങള്‍ നെയ്ത് മാക്രോണ്‍

ട്രംപിനൊപ്പം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പാരീസില്‍ വരുന്നതിനു പിന്നിലും മാക്രോണിന്റെ നയതന്ത്ര വിജയമാണ്

പാരീസില്‍ ട്രംപും സെലന്‍സ്‌കിയും നേര്‍ക്കുനേര്‍, തന്ത്രങ്ങള്‍ നെയ്ത് മാക്രോണ്‍
പാരീസില്‍ ട്രംപും സെലന്‍സ്‌കിയും നേര്‍ക്കുനേര്‍, തന്ത്രങ്ങള്‍ നെയ്ത് മാക്രോണ്‍

മേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റ വരവോടെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തിയാകുമെന്ന കണക്കൂട്ടലിലും അതിന്റെ ആശ്വാസത്തിലുമാണ് ലോകരാജ്യങ്ങള്‍. കാരണം പുടിന്‍ ട്രംപിന്റെ സുഹൃത്ത് എന്നതിലുപരി, യുദ്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ട്രംപിന് താല്‍പ്പര്യം ഇല്ലെന്നുള്ള ആ ഒരൊറ്റ കാരണംകൊണ്ടാണ് യുദ്ധത്തിന് എത്രയും പെട്ടെന്ന് സമാപനമാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടാകുന്നത്.

ഇതിനിടെ പുതുതായി പുനഃസ്ഥാപിച്ച നോട്രെ-ഡാം കത്തീഡ്രലിന്റെ പുനരാരംഭ ചടങ്ങിനായി പാരീസില്‍ കൂട്ടിമുട്ടുന്ന ട്രംപിനും സെലന്‍സ്‌കിക്കും ആതിഥേയത്വം വഹിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മൂന്ന് രാഷ്ട്രീയ നേതാക്കള്‍ ഒന്നിച്ച് ത്രികക്ഷി യോഗം നടത്തുമോ അതോ ട്രംപ് സെലന്‍സ്‌കിയുമായി പ്രത്യേക ചര്‍ച്ച നടത്തുമോ എന്ന് വ്യക്തമല്ലെങ്കിലും ഇതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ന്‍. ജനുവരിയില്‍ ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തുംമുമ്പ് ഇരു നേതാക്കളും വീണ്ടും ചര്‍ച്ച നടത്തുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. നവംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

Notre dame

Also Read: ഒരു തീയും പുനർജന്മവും, നോട്രെ ഡാം കത്തീഡ്രലിൻ്റെ ചരിത്ര വഴിയേ…

അതേസമയം, ട്രംപിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയിനിനുള്ള അമേരിക്കന്‍ പിന്തുണയുടെ ഭാവിയെക്കുറിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് മുമ്പ് ട്രംപുമായും യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും മാക്രോണ്‍ തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ഫ്രഞ്ച് എംബസിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പല ദിവസങ്ങളിലായി പുറത്തു വിട്ടിരുന്നു. ട്രംപിന് കത്തീഡ്രലിനോട് വളരെക്കാലമായി കൗതുകമുണ്ട്, കൂടാതെ അഞ്ച് വര്‍ഷത്തിലേറെ മുമ്പ് പാരീസിലെ സെയ്ന്‍ നദിയിലെ ഐലെ ഡി ലാ സിറ്റി എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഗോഥിക് കെട്ടിടത്തെ തീ നശിപ്പിച്ചപ്പോള്‍ വന്‍ ദുരന്തം എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

2019 ഏപ്രിലില്‍ തീപിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച നോട്ട്-ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നതിനായി 50 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ നേതാക്കളും പ്രമുഖരുമാണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ എത്തുന്നത്. അതേസമയം, മാക്രോണിന്റെ രാഷ്ട്രീയ കലഹങ്ങളുടെ സമയത്താണ് നോട്രെ-ഡാം കത്തീഡ്രല്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിശ്വാസികള്‍ക്കായി ഞായറാഴ്ച തുറന്നുകൊടുക്കുന്നത്. ന്യൂനപക്ഷ മന്ത്രിസഭയുടെ വന്‍തോതിലുള്ള ചെലവുചുരുക്കല്‍ നടപടികളെ ഇടതു-വലതു കക്ഷികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ഫ്രഞ്ച് പ്രധാനമന്ത്രി മൈക്കല്‍ ബാര്‍ണിയറെ പുറത്താക്കിയിരുന്നു.

Also Read: മസ്കിന്റെ റോബോട്ടും സിംഗപ്പൂരിലെ ജനനനിരക്കും

ഇതിനിടെ, കടുത്ത ശൈത്യകാലാരംഭത്തിന് മുമ്പ് റഷ്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഭയത്താല്‍ നിലവിലെ അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്ന് പുതിയ ആയുധങ്ങള്‍ക്കായി സെലന്‍സ്‌കി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിഴക്കന്‍ യുക്രെയ്നിലെ മുന്‍നിരയിലെ രണ്ട് പ്രധാന മേഖലകളില്‍ റഷ്യ കൂടുതല്‍ സ്വാധീനം ചെലുത്തി. പോക്രോവ്സ്‌കിന്റെ വിതരണ കേന്ദ്രത്തിന് സമീപമുള്ള ഒരു ഗ്രാമവും വ്യാവസായിക നഗരമായ കുരാഖോവിനടുത്തുള്ള മറ്റൊരു ഗ്രാമവും തങ്ങളുടെ സൈന്യം വെള്ളിയാഴ്ച പിടിച്ചെടുത്തതായി റഷ്യ അറിയിച്ചിട്ടുണ്ട്.

നിലവിലെ പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് വ്യത്യസ്തമായി, യുക്രെയ്‌നുള്ള സൈനിക സഹായത്തെ ട്രംപ് ആവര്‍ത്തിച്ച് വിമര്‍ശിച്ചിട്ടുണ്ട്. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ശാന്തവും ഊഷ്മളവുമായ ബന്ധം സ്ഥാപിക്കാന്‍ യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ട്രംപ് ഏര്‍പ്പെടുത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് മുമ്പായി ഇരുപക്ഷവും യുദ്ധക്കളത്തിലേക്ക് നീങ്ങും എന്ന കണക്ക്കൂട്ടലിലാണ് രാജ്യങ്ങള്‍. അതിനാല്‍ തന്നെ അടുത്ത കുറച്ച് മാസങ്ങള്‍ നിര്‍ണായകമാകുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

Trump-Zelensky

Also Read: ജൊലാനിയുടെ ശക്തമായ ആക്രമണത്തില്‍ സിറിയ വീഴുന്നു?

അതേസമയം, ട്രംപിനെ പാരീസിലേക്ക് കൊണ്ടുവരാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍. ട്രംപിനൊപ്പം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പാരീസില്‍ വരുന്നതിനു പിന്നിലും മാക്രോണിന്റെ നയതന്ത്ര വിജയമാണ്. ഇത് അദ്ദേഹത്തിന് ഫ്രാന്‍സില്‍ മാത്രമല്ല വിദേശരാജ്യങ്ങളില്‍ പോലും സ്വീകാര്യത വര്‍ധിപ്പിച്ചു. ഇത്’നയതന്ത്ര അട്ടിമറി’ എന്നാണ് ഫ്രാന്‍സിലെ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. (കഴിഞ്ഞ മാസം രണ്ടാം തവണയും വിജയിച്ചതിന് ട്രംപിനെ പരസ്യമായി അഭിനന്ദിച്ച ആദ്യത്തെ വിദേശ നേതാവായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.) ഫെബ്രുവരി ആദ്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്കായി പാരീസിലേക്ക് ട്രംപിനെയും സ്‌പേസ് എക്സ് സിഇഒ എലോണ്‍ മസ്‌കിനെയും ക്ഷണിക്കാന്‍ മാക്രോണ്‍ പദ്ധതിയിടുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Share Email
Top