അമേരിക്കയിൽ കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് വലിയ തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടി. ഫെഡറൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് കുടിയേറ്റ ഡ്രൈവർമാരുടെ 28,000-ത്തിലധികം കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസുകളാണ് (സി.ഡി.എൽ) അമേരിക്കൻ ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്. അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ വലിയ സ്വാധീനമുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ വംശജരെ ഈ തീരുമാനം സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ കർശന നടപടികളിലേക്ക് കടന്നത്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്ത ഡ്രൈവർമാർക്ക് ലൈസൻസ് നൽകരുതെന്ന നിയമം കർശനമാക്കിയതിന്റെ ഭാഗമായി, മാനദണ്ഡങ്ങൾ പാലിക്കാത്ത 24,000-ത്തോളം പേരുടെ ലൈസൻസുകൾ നഷ്ടമായിട്ടുണ്ട്. കൂടാതെ, ചട്ടങ്ങൾ പാലിക്കാത്ത 9,500-ഓളം ട്രക്ക് ഡ്രൈവിംഗ് സ്കൂളുകളെയും ഫെഡറൽ മോട്ടർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ രജിസ്ട്രിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ലൈസൻസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിനെ തുടർന്നുണ്ടായ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ ‘ഫ്രീഡം ഹോളേഴ്സ്’ (Freedom Haulers) എന്ന പേരിൽ പുതിയ പദ്ധതിക്കും ഭരണകൂടം തുടക്കമിട്ടിട്ടുണ്ട്. അമേരിക്കൻ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് കൊമേഴ്സ്യൽ ഡ്രൈവിംഗ് സ്കിൽസ് ടെസ്റ്റില്ലാതെ തന്നെ ഈ മേഖലയിലേക്ക് പ്രവേശനം നൽകുന്നതാണ് പുതിയ പദ്ധതി. അമേരിക്കയിലെ നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നത്.
സുരക്ഷ മുൻനിർത്തി അമേരിക്ക കർശനമാക്കിയ പുതിയ കുടിയേറ്റ-ഗതാഗത നിയമങ്ങൾ വിദേശത്തുനിന്നെത്തി ജീവകാരുണ്യ പ്രവർത്തനങ്ങളും തൊഴിലും തേടുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഈ നടപടികൾ വരും ദിവസങ്ങളിൽ അമേരിക്കയിലെ ചരക്ക് നീക്കത്തെയും വിപണിയെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.






