ദുബായ്: യു.എ.ഇ.യുടെ വാണിജ്യ-ലോജിസ്റ്റിക്സ് തലസ്ഥാനമായ ദുബായിൽ ചരക്കുനീക്കം കൂടുതൽ സുഗമമാക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനുമായി വൻ വിപുലീകരണ പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിലായി ട്രക്ക് പാർക്കിങ് ശേഷി 56 ശതമാനമാണ് അതോറിറ്റി വർധിപ്പിച്ചത്. പുതിയതായി 364 പാർക്കിങ് സ്ലോട്ടുകൾ കൂടി സജ്ജമാക്കിയതോടെ നഗരത്തിലെ ആകെ ട്രക്ക് പാർക്കിങ് സൗകര്യം 1,007 ആയി ഉയർന്നു.
ദുബായ് സാമ്പത്തിക അജൻഡ ലക്ഷ്യമിടുന്ന ആഗോള ലോജിസ്റ്റിക്സ് ഹബ്ബെന്ന പദവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അൽ റുവയ്യ 2 (107 സ്ലോട്ടുകൾ), ലഹ്ബാബ് 2 (90 സ്ലോട്ടുകൾ), ലഹ്ബാബ് 1 (47 സ്ലോട്ടുകൾ), മദീനത്ത് ഹിന്ദ് 2, അൽ തയ് (18 സ്ലോട്ടുകൾ), അൽ റുവയ്യ 1 (15 സ്ലോട്ടുകൾ) എന്നിവിടങ്ങളിലാണ് നിലവിൽ പാർക്കിങ് ശേഷി വർധിപ്പിച്ചത്. ഇതിന് പുറമേ, നാദ് അൽ ഹമർ ട്രക്ക് റെസ്റ്റ് സ്റ്റോപ്പിൽ 60 സ്ലോട്ടുകൾ കൂടി ഉൾപ്പെടുത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നഗരത്തിലെ പ്രധാന ഹൈവേകളിലും റോഡരികുകളിലും ട്രക്കുകൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് വഴിയുണ്ടാകുന്ന വലിയ ഗതാഗതക്കുരുക്കിന് പുതിയ സംവിധാനം ശാശ്വത പരിഹാരമാകും. ദീർഘദൂര സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിലൂടെ ക്ഷീണം മൂലമുണ്ടാകുന്ന റോഡപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനാകുമെന്നാണ് ആർ.ടി.എ. വ്യക്തമാക്കുന്നത്. കേവലം പാർക്കിങ് കേന്ദ്രങ്ങൾ എന്നതിനപ്പുറം ഡ്രൈവർമാർക്കായുള്ള വിശ്രമമുറികൾ, റസ്റ്ററന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇന്ധന സ്റ്റേഷനുകൾ, ടയർ റിപ്പയറിങ് കേന്ദ്രങ്ങൾ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം ഒന്നര ലക്ഷത്തിലധികം ട്രക്കുകളാണ് നിലവിൽ ഈ ആധുനിക പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഓ. ഹുസൈൻ അൽ ബന്ന അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്-ഹത്ത റോഡ് തുടങ്ങി പ്രധാന പാതകളിലായി വിഭാവനം ചെയ്ത 16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളിൽ 14 എണ്ണവും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കൂടാതെ, 2026-2033 കാലയളവിലേക്കുള്ള ട്രാഫിക് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്കായി നാല് ഭാഷകളിൽ തയ്യാറാക്കിയ ‘ട്രക്ക് സേഫ്റ്റി ഗൈഡ്’ വിതരണവും ദുബായ് പോലീസുമായി സഹകരിച്ചുള്ള കർശന വാഹന പരിശോധനകളും ബോധവത്കരണ പരിപാടികളും ആർ.ടി.എ. ഊർജിതമാക്കിയിട്ടുണ്ട്. പുതിയ വിപുലീകരണത്തോടെ ദുബായിലെ ചരക്കുനീക്കം കൂടുതൽ സ്മാർട്ടാകുമെന്നാണ് വിലയിരുത്തൽ.






