ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ. നിർദ്ദേശം നൽകി. ഇതനുസരിച്ച് ജൂലായ് ഒന്ന് മുതൽ ആറാം ക്ലാസുകളിൽ മൂന്നാം ഭാഷാ പഠനം ആരംഭിക്കണം. ഇതുസംബന്ധിച്ച കർശന നിർദ്ദേശം അഫിലിയേറ്റഡ് സ്കൂളുകൾക്ക് കൈമാറി.
മൂന്നാം ഭാഷ തിരഞ്ഞെടുക്കാത്ത സ്കൂളുകൾ മേയ് 31-നകം നടപടികൾ പൂർത്തിയാക്കി സി.ബി.എസ്.ഇ. പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. ത്രിഭാഷാനയത്തിൽ പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. ഭരണഘടനാ പട്ടികയിലുള്ള ഭാഷകൾക്ക് എൻ.സി.ഇ.ആർ.ടി., സി.ബി.എസ്.ഇ. സൈറ്റുകൾ വഴി ജൂലായ് ഒന്നിന് മുൻപ് പുസ്തകങ്ങൾ ലഭ്യമാക്കും. മറ്റ് ഭാഷകൾക്ക് സംസ്ഥാന ബോർഡ് പുസ്തകങ്ങൾ ഉപയോഗിക്കാം. ഈ വർഷം ആറാം ക്ലാസിൽ തുടങ്ങുന്ന പഠനം ഘട്ടംഘട്ടമായി ഉയർത്തി 2031-ഓടെ ബോർഡ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളിലും ത്രിഭാഷാ പ്രാവീണ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.






