കർണാടക സംഗീത ആചാര്യന് ആദരം; നിർമല സീതാരാമൻ 250 രൂപ നാണയം പ്രകാശനം ചെയ്തു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഗവൺമെന്റ് മിന്റാണ് നാണയം പുറത്തിറക്കിയത്

കർണാടക സംഗീത ആചാര്യന് ആദരം; നിർമല സീതാരാമൻ 250 രൂപ നാണയം പ്രകാശനം ചെയ്തു
കർണാടക സംഗീത ആചാര്യന് ആദരം; നിർമല സീതാരാമൻ 250 രൂപ നാണയം പ്രകാശനം ചെയ്തു

കർണാടക സംഗീത ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 250 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കി. വാരണാസി ഐ.ഐ.ടി- ബനാറസ് ഹിന്ദു സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് നാണയ പ്രകാശനം നിർവ്വഹിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഗവൺമെന്റ് മിന്റാണ് നാണയം പുറത്തിറക്കിയത്.

ശേഖരണത്തിനായി നിർമ്മിച്ചിരിക്കുന്ന ഈ സ്മാരക നാണയങ്ങൾ പൊതു വിപണിയിലെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കാനാകില്ല. ആവശ്യക്കാർക്ക് ഗവൺമെന്റ് മിന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 6,985 രൂപ നിരക്കിൽ നാണയം വാങ്ങാം. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും സാംസ്‌കാരിക പാരമ്പര്യത്തിനും മുത്തുസ്വാമി ദീക്ഷിതർ നൽകിയ അളവറ്റ സംഭാവനകളെ ധനമന്ത്രി ചടങ്ങിൽ അനുസ്മരിച്ചു. ത്യാഗരാജ സ്വാമികൾക്കും ശ്യാമ ശാസ്ത്രികൾക്കുമൊപ്പം കർണാടക സംഗീതത്തിലെ പ്രധാന ആചാര്യനാണ് മുത്തുസ്വാമി ദീക്ഷിതർ. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ 450-ലേറെ കൃതികൾ ഭക്തിയും തത്ത്വചിന്തയും സമന്വയിക്കുന്നവയാണ്. ഏറെക്കാലം വാരണാസിയിൽ വസിച്ച അദ്ദേഹം അവിടുത്തെ ക്ഷേത്രങ്ങളെയും ദേവീദേവന്മാരെയും പ്രകീർത്തിച്ച് നിരവധി കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്.

Share Email
Top