മുഖ്യമന്ത്രി വിഡി സതീശൻ്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും അടക്കമുള്ളവർ അഴിക്കുള്ളിലാകും. അതല്ലങ്കിൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഇതുവരെയുള്ള സകല ഇമേജുകളും തകർന്നടിയും.
ഇതിനകം തന്നെ സൂപ്പർ ഹിറ്റായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും, നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനും വെള്ളാപ്പള്ളിമാരെ സഹായിച്ചാൽ, അത് പൊതു സമൂഹത്തിനിടയിൽ സർക്കാരിൻ്റെ ഇമേജിനെയാണ് സാരമായി ബാധിക്കുക.
സി.പി.എം നേതാവായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ വെള്ളാപ്പള്ളിമാർക്ക് എതിരെ തുടങ്ങി വച്ച പോരാട്ടം, അദ്ദേഹത്തിൻ്റെ കാലശേഷം, കോൺഗ്രസ്സിൻ്റെ സമുന്നത നേതാവായ വിഎം സുധീരൻ ഏറ്റെടുത്ത പശ്ചാത്തലത്തിൽ, ഇനി വെള്ളാപ്പള്ളിമാരെ യുഡിഎഫ് സർക്കാർ സഹായിച്ചാൽ അതിനെതിരെയും ശക്തമായി രംഗത്തിറങ്ങാൻ പോകുന്നതും ഇതേ വിഎം സുധീരൻ തന്നെ ആയിരിക്കും. അത്തരം ഒരു നീക്കത്തിൻ്റെ സൂചന വിഎം സുധീരൻ്റെ നീക്കങ്ങളിൽ നിന്നും പ്രകടവുമാണ്.
വെള്ളാപ്പള്ളിമാരുടെ പേരിലുള്ള കേസുകളിൽ സർക്കാരിന്റെ നിലപാട് പോലെ തന്നെ പൊലീസിൻ്റെ നിലപാടും നിർണ്ണായകമായിരിക്കും. കെകെ മഹേഷൻ ആത്മഹത്യ ചെയ്ത കേസിൽ പ്രധാന പ്രതികളായി വെള്ളാപ്പള്ളിമാർക്ക് എതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് വർഷങ്ങളായിട്ടും, ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയ്യാറായിട്ടില്ല. ഇതിന് പ്രധാന കാരണം പിണറായി സർക്കാരിൻ്റെ സംരക്ഷണമാണെങ്കിലും, ആ കാലയളവിൽ ക്രൈംബ്രാഞ്ച് മേധാവിമാരായി സേവനമനുഷ്ടിച്ച ഐപിഎസുകാർക്കും അന്വേഷണ ഉദ്ദ്യോഗസ്ഥർക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. ഏറ്റവും ഒടുവിൽ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൻ്റെ ചുമതല ഏൽപ്പിച്ച എച്ച് വെങ്കിടേഷിനെ തന്നെയാണ് യുഡിഎഫ് സർക്കാരും ക്രൈംബ്രാഞ്ച് മേധാവിയായി തുടരാൻ അനുവദിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് വെള്ളാപ്പള്ളിമാരെ തുടർന്നും സഹായിക്കുന്നതിനു വേണ്ടിയുള്ള നീക്കമായും ഇപ്പോൾ വിലയിരുത്തപ്പെടുന്നുണ്ട്.
ഇതിനിടെ, മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ ആദ്യകുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അംഗീകാരം നൽകിയത് വെള്ളാപ്പള്ളി നടേശന് വൻ പ്രഹരമായിട്ടുണ്ട്. ഹൈക്കോടതിയും വിജിലൻസും കടുത്ത നിലപാട് സ്വീകരിക്കുകയും മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കാനും ഇനി സർക്കാരിന് കഴിയുകയില്ല.
വിഎസ് അച്യുതാനന്ദൻ 2016-ൽ നൽകിയ പരാതിയിൽ 124 ഇടപാടുകളിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ഇതിൽ വയനാട്ടിലെ കേസിന്റെ കാര്യത്തിലാണ് കുറ്റപത്രം തയ്യാറായിട്ടുള്ളത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് മൈക്രോഫിനാൻസ് സംസ്ഥാന കോഡിനേറ്റർ കെകെ മഹേശൻ ആത്മഹത്യചെയ്ത സംഭവത്തിലും അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി വിഎം സുധീരൻ സർക്കാരിന് കത്തു നൽകിയിരിക്കുന്നത്. ഇതോടെ ഒരേസമയം രണ്ടു വെല്ലുവിളികളെ നേരിടേണ്ട സാഹചര്യമാണ് വെളളാപ്പള്ളിമാർക്കുള്ളത്.
സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിന് മൂന്നുശതമാനം പലിശയ്ക്ക് പിന്നാക്കവികസന കോർപ്പറേഷൻ നൽകുന്ന പണം 12 ശതമാനം പലിശയീടാക്കി മറ്റാവശ്യങ്ങൾക്ക് നൽകിയെന്നാണ് മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിന്റെ അടിസ്ഥാനം. അന്വേഷണം കാര്യമായി മുന്നോട്ടുകൊണ്ടുപോകാൻ പിണറായി സർക്കാരിന്റെ കാലത്ത് തയ്യാറായിരുന്നില്ല. ഇതോടെയാണ്, അന്വേഷണത്തിന്റെ മേൽനോട്ടം ഹൈക്കോടതി നിരീക്ഷണത്തിലായിരുന്നത്.
രണ്ടാമത്തെ കേസിൽ, 32 പേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയ ശേഷമാണ് മഹേശൻ ആത്മഹത്യചെയ്തിരിക്കുന്നത്. മരണത്തിൽ മഹേശന്റെ ഭാര്യ ഉന്നയിക്കുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി തന്നെയാണ് വിഎം സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തുനൽകിയത് എന്നതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.
വെള്ളാപ്പള്ളിയിൽ നിന്ന് അനുഭവിച്ച മാനസിക പീഡനങ്ങളും മൈക്രോ ഫിനാൻസ് ക്രമക്കേടുകളുടെ ഉത്തരവാദിത്വം മുഴുവൻ തലയിൽ കെട്ടിവെക്കുവാനുള്ള നീക്കവും , എസ്എൻഡിപി യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ മഹേശനിൽ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് മരണത്തിന് കാരണമെന്നാണ് മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യ തന്നോട് പറഞ്ഞ കാര്യവും സുധീരന്റെ കത്തിൽ എടുത്തു പറയുന്നുണ്ട്.
മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം മുറുകിയാൽ മഹേശന്റെ മരണത്തിലേക്കും അത് നീളേണ്ടിവരും. സുധീരൻ ഇതിനായി വാശിപിടിച്ചുനിൽക്കുന്നത് സർക്കാരിനെ വലിയ സമ്മർദത്തിലാക്കുമെന്നതും ഉറപ്പാണ്. വെള്ളാപ്പള്ളിക്കെതിരേ പരാതി കിട്ടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ അതിനർത്ഥം മുഖ്യമന്ത്രി പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടില്ല എന്നതാണ്. അധിക ദിവസം സുധീരൻ്റെ പരാതി പിടിച്ചു വയ്ക്കാൻ എന്തായാലും മുഖ്യമന്ത്രിക്ക് കഴിയുകയില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണത്തിന്റെ കാര്യത്തിൽ ആഭ്യന്തരവകുപ്പിന് ഉടൻ തീരുമാനം എടുക്കേണ്ടതായി വരും.
ആദ്യ പരാതിക്കാരൻ സാക്ഷാൽ വിഎസ് അച്യുതാനന്ദനായിരുന്നു എന്നതിനാൽ, വെള്ളാപ്പള്ളിക്ക് കുരിക്കു മുറുകിയാൽ സിപിഎമ്മിനും ഇടതുപക്ഷത്തിനും നോക്കി നിൽക്കാനേ കഴിയുകയൊള്ളൂ. ഇപ്പോൾ തന്നെ പിണറായി സർക്കാരിൻ്റെ കാലത്ത് വെള്ളാപ്പള്ളിയെ സംരക്ഷിച്ചതിന് എതിരെ, പിണറായി വിജയന് രൂക്ഷ വിമർശനമാണ് സൈബർ ഇടങ്ങളിൽ നിന്ന് ഉയരുന്നത്. ഇടതുപക്ഷത്തിൻ്റെ തോൽവിക്ക് പ്രധാന കാരണക്കാരനായ വെള്ളാപ്പള്ളിയുമായുള്ള സഹവാസം പിണറായി അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന മുന്നറിയിപ്പാണ് ഇടതുപക്ഷ അനുഭാവികളിൽ നിന്നും ഉയരുന്നത്.
സ്റ്റാഫ് റിപ്പോർട്ടർ






