CMDRF

കാൺപൂരിൽ ട്രെയിൻ അട്ടിമറി നീക്കം

കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കാൺപൂരിൽ ട്രെയിൻ അട്ടിമറി നീക്കം
കാൺപൂരിൽ ട്രെയിൻ അട്ടിമറി നീക്കം

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. പാളത്തിൽ നിന്ന് എൽപിജി സിലിണ്ടറും പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രയാഗ്‌രാജിൽ നിന്ന് ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്‌സ്‌പ്രസിന് നേരെയാണ് അട്ടിമറി ശ്രമമുണ്ടായത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ട്രെയിനിൽ തട്ടി സിലിണ്ടർ പാളത്തിൽ നിന്ന് തെറിച്ചു വീണതിനാലാണ് വൻ അപകടം ഒഴിവായത്. ഇന്നലെ രാവിലെ ഏട്ടരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ ഉൾപ്പടെ പരിശോധന തുടരുകയാണെന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read:ഉപേക്ഷിച്ച ബാഗിൽ പൊലീസ് കണ്ടെത്തിയത് 500 തിരകൾ

എൽപിജി സിലിണ്ടർ ട്രാക്കിൽ വച്ചിരിക്കുന്നത് ലോക്കോ പൈലറ്റ് കാണുകയും തുടർന്ന് എമർജൻസി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദ്ര പറഞ്ഞു. എന്നാൽ ട്രെയിൻ നിൽക്കുന്നതിന് മുമ്പ് സിലിണ്ടറിൽ ഇടിക്കുകയും സിലിണ്ടർ ട്രാക്കിൽ നിന്ന് നീങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് 20 മിനിറ്റോളം പിടിച്ചിട്ട ട്രെയിൻ കൂടുതൽ അന്വേഷണത്തിനായി ബിൽഹൂർ സ്റ്റേഷനിലേക്ക് മാറ്റി. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Top