ഡൽഹി: രാജസ്ഥാനിലെ സൂറത്ത്ഗഢ് സൂപ്പർ തെർമൽ പവർ പ്ലാന്റിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് സിഐഎസ്എഫിൻ്റെ വാഹനത്തിൽ ട്രെയിൻ ഇടിച്ച് അപകടം. വാഹനത്തിൽ മൂന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം ട്രെയിനുകൾ എത്തുന്നതിന് മുമ്പ് മുന്നറിയിപ്പായി ലെവൽ ക്രോസിംഗിൽ ഉണ്ടാകേണ്ട ബൂം ബാരിയറുകൾ ഉണ്ടായിരുന്നില്ല. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പാണ് സിഐഎസ്എഫിൻ്റെ വാഹനം ലെവൽ ക്രോസിംഗിലേയ്ക്ക് കയറുന്നത്. ട്രെയിൻ വരുന്നത് വാഹനത്തിൻ്റെ ഡ്രൈവർ കണ്ടിരുന്നില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാവുന്നത്.
വാഹനം ട്രാക്കിലെത്തുന്നതിന് മുമ്പായി ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മുൻവശത്തെ ഇടതു സീറ്റിൽ നിന്ന് പെട്ടെന്ന് ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റ് രണ്ട് യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയുന്നതിന് മുമ്പ് ട്രെയിൻ എസ്‌യുവിയിൽ ഇടിക്കുന്നതും കുറച്ച് ദുരം തള്ളിനീക്കി കൊണ്ടുപോകുന്നതും കാണാം.