ഓടുന്ന ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി കമ്പാർട്ട്മെന്റ് അനധികൃതമായി ‘മധുവിധു മുറി’ പോലെ അലങ്കരിച്ച സംഭവത്തിൽ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. സുരക്ഷാവീഴ്ച മുൻനിർത്തി ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ റെയിൽവേ അടിയന്തരമായി സസ്പെൻഡ് ചെയ്തു. റെയിൽവേയുടെ അനുമതിയില്ലാതെ കോച്ചിനുള്ളിൽ കയറി അലങ്കാരങ്ങൾ നടത്തിയ ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 6-ന് ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലാണ് സംഭവം നടന്നത്. ഫസ്റ്റ് എസി ക്യാബിൻ ബലൂണുകളും പൂക്കളും ലൈറ്റുകളും കൊണ്ട് ലക്ഷ്വറി ഹോട്ടൽ മുറിക്ക് സമാനമായി അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളോടെ വൈറലായിരുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം അനുസരിച്ച്, ട്രെയിനിൽ യാത്ര ചെയ്യാനിരുന്ന നവദമ്പതികൾ തങ്ങളുടെ ഫസ്റ്റ് എസി ക്യാബിൻ അലങ്കരിക്കുന്നതിനായി ഒരു ഓൺലൈൻ പോർട്ടൽ വഴി സ്വകാര്യ ഡെക്കറേറ്ററെ നിയമിക്കുകയായിരുന്നു. എന്നാൽ റെയിൽവേയുടെ യാതൊരുവിധ ഔദ്യോഗിക അനുമതിയുമില്ലാതെയാണ് ഈ ഡെക്കറേഷൻ സംഘം ട്രെയിൻ കോച്ചിനുള്ളിൽ അതിക്രമിച്ചു കയറിയത്. ടിക്കറ്റില്ലാതെയാണ് അലങ്കാരപ്പണികൾ ചെയ്തയാൾ ട്രെയിനിൽ പ്രവേശിച്ചതെന്നും റെയിൽവേ കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികൾക്കായി ആണ് ഫസ്റ്റ് എസി കൂപ്പെ പൂർണ്ണമായും അലങ്കരിച്ചത്. ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകൾ, എൽഇഡി ഫെയറി ലൈറ്റുകൾ, പൂമാലകൾ എന്നിവയ്ക്ക് പുറമെ ബെർത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ വിതറുകയും ഭിത്തിയിൽ ഐ ലവ് യു എന്ന് എഴുതുകയും ചെയ്തിരുന്നു. റെയിൽവേ കോച്ചിനുള്ളിൽ ഒരു സ്വകാര്യ ആഡംബര ഹോട്ടൽ മുറിയുടെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ഈ അലങ്കാരങ്ങൾ. പ്രീമിയം കോച്ചുകളിൽ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ പുറത്തുനിന്നുള്ളവർക്ക് ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയെ സസ്പെൻഡ് ചെയ്തത്. സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടായോ എന്നും റെയിൽവേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസ്.






