ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. കഴുത്തിൽ കുരുക്കിട്ട് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച 27 വയസുകാരി മോഹിനിയാണ് മരിച്ചത്. ഫെബ്രുവരി 6-ന് വൈകുന്നേരമാണ് സംഭവം.
കുടുംബം പോലീസിന് നൽകിയ മൊഴി പ്രകാരം, മോഹിനി ഒരു മുറിക്കുള്ളിൽ സീലിംഗ് കൊളുത്തിൽ കയർ കെട്ടി, സ്റ്റൂളിൽ കയറി കഴുത്തിൽ കുരുക്കിട്ട് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഈ സമയം അബദ്ധത്തിൽ സ്റ്റൂൾ തട്ടിമറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
മോഹിനിയുടെ നാല് വയസുകാരിയായ മകൾ മുറിയിൽ ചെന്നപ്പോഴാണ് അമ്മയെ കയറിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടമാണ് മരണകാരണമെന്ന് വ്യക്തമായത്. ബന്ദ എസ്പി പലാഷ് ബൻസാൽ പ്രാഥമിക അന്വേഷണത്തിൽ ഇത് റീൽ നിർമ്മാണത്തിനിടെ സംഭവിച്ച അപകടമാണെന്ന് സ്ഥിരീകരിച്ചു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






