ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദുരന്തം: ജെഡിയു നേതാവിന്റെ കുടുംബത്തിന്റെ മരണം സംശയാസ്പദമെന്ന് എംപി

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അധികൃതരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്

ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദുരന്തം: ജെഡിയു നേതാവിന്റെ കുടുംബത്തിന്റെ മരണം സംശയാസ്പദമെന്ന് എംപി
ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദുരന്തം: ജെഡിയു നേതാവിന്റെ കുടുംബത്തിന്റെ മരണം സംശയാസ്പദമെന്ന് എംപി

പൂർണിയ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അടുത്തിരിക്കെ, പൂർണിയ ജില്ലയിൽ ജനതാദൾ (യുണൈറ്റഡ് – ജെഡിയു) നേതാവിന്റെ മൂത്ത സഹോദരനെയും ഭാര്യയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ദുരൂഹത പരത്തി.
ജെഡിയു നേതാവ് നീരഞ്ജൻ കുശ്വാഹയുടെ സഹോദരനായ നവീൻ കുശ്വാഹ, ഭാര്യ മാലാ ദേവി, മകൾ തനു പ്രിയ എന്നിവരാണ് മരിച്ചത്. കെഹാത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യൂറോപ്യൻ കോളനിയിലെ വസതിയിൽ നിന്നാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൂർണിയ സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ജ്യോതി ശങ്കർ അറിയിച്ചു.

വിവരം ലഭിച്ച ഉടൻ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. എന്നാൽ, മരണകാരണം സംബന്ധിച്ച് കുടുംബാംഗങ്ങൾ വിചിത്രമായ വാദങ്ങളാണ് ഉന്നയിക്കുന്നത്.

സംഭവം സ്വാഭാവിക മരണമല്ലെന്ന് സംശയം പ്രകടിപ്പിച്ച് പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര ലോക്‌സഭാ എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് രംഗത്തെത്തി. “ഇതൊരു സ്വാഭാവിക മരണമാണെന്ന് ഞാൻ കരുതുന്നില്ല. ഇതൊരു സംശയാസ്പദമായ കേസ് ആണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുമെന്ന് കരുതുന്നു. ജില്ലാ ഭരണകൂടം സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം,” പപ്പു യാദവ് ആവശ്യപ്പെട്ടു.

സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അധികൃതരെയും പ്രദേശവാസികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ.

Share Email
Top