ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ തരംഗം സൃഷ്ടിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). 2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 7% വളർച്ച രേഖപ്പെടുത്തി. 2026 മെയ് മാസത്തിൽ മാത്രം ടൊയോട്ട 33,128 വാഹനങ്ങളാണ് ആഗോളതലത്തിൽ വിറ്റഴിച്ചത്. 2025 മെയ് മാസത്തിൽ ഇത് 30,864 യൂണിറ്റുകളായിരുന്നു.
മെയ് മാസത്തിൽ 30,574 വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിറ്റു. കഴിഞ്ഞ വർഷം ഇത് 29,280 യൂണിറ്റായിരുന്നു (4% വർദ്ധന). കയറ്റുമതിയിൽ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. 2025 മെയ് മാസത്തിലെ 1,584 യൂണിറ്റുകളിൽ നിന്ന് 2,554 വാഹനങ്ങളായി ഉയർന്നു (61% വർദ്ധന). 2026 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മൊത്തം 170,322 വാഹനങ്ങൾ വിറ്റഴിച്ചു. മുൻവർഷം ഇതേ കാലയളവിൽ ഇത് 146,021 യൂണിറ്റായിരുന്നു (17% വളർച്ച).
ടൊയോട്ട ഹൈക്രോസ്, ഫോർച്യൂണർ, അർബൻ ക്രൂയിസർ ഹൈറൈഡ്, റൂമിയൻ, ഗ്ലാൻസ തുടങ്ങിയ മോഡലുകൾക്ക് വിപണിയിൽ ഇപ്പോഴും വലിയ ഡിമാൻഡാണുള്ളത്. അടുത്തിടെ പുറത്തിറക്കിയ ‘എബെല്ല’ (Ebella) എന്ന ഇലക്ട്രിക് കാറും വിപണിയിൽ ശ്രദ്ധനേടുന്നുണ്ട്. അടുത്ത തലമുറ ഫോർച്യൂണർ കൂടി വിപണിയിലെത്തുന്നതോടെ വിൽപ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.





