‘ടോക്‌സിക്’: യഷും നയന്‍സും ഉള്‍പ്പെടുന്ന ആദ്യ ഷെഡ്യൂളിന് തുടക്കമായി

‘ടോക്‌സിക്’: യഷും നയന്‍സും ഉള്‍പ്പെടുന്ന ആദ്യ ഷെഡ്യൂളിന് തുടക്കമായി

കെജിഎഫ് നായകന്‍ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്‌സിക്’. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ്’ എന്ന ടാഗ്ലൈനോടെയുള്ള സിനിമയില്‍ തെന്നിന്ത്യന്‍ നായിക നയന്‍താരയും ബോളിവുഡ് നായിക കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യൂളിന് തുടക്കമായതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. യഷും നയന്‍താരയും ഉള്‍പ്പെടുന്ന ഷെഡ്യൂളിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളായാണ് ചിത്രീകരണം നടക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഗീതു മോഹന്‍ദാസ് ചിത്രത്തിനായി ആകെ 200 ദിവസത്തെ ഷൂട്ട് പ്ലാന്‍ ചെയ്തിട്ടുണ്ട്. അതില്‍ 150 ദിവസത്തെ ഷെഡ്യൂള്‍ ലണ്ടനിലും പരിസരങ്ങളിലുമായി നടക്കുമെന്നും സൂചനകളുണ്ട്.

സിനിമയില്‍ ഒരു ഡോണിന്റെ വേഷത്തിലാണ് യഷ് എത്തുന്നത്. എന്നാല്‍ കെജിഎഫ് ഫ്രാഞ്ചൈസിയില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രവും കഥാപശ്ചാത്തലവുമാകും ടോക്‌സിക്കിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ടോക്സിക്കില്‍ ഹുമ ഖുറേഷിയും പ്രതിനായക വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 2025 ഏപ്രില്‍ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.

Top