ദുബായിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിൽ വാടകയ്ക്കെടുത്ത ആഢംബര കാർ ഉപയോഗിച്ച് അശ്രദ്ധമായും അപകടകരമായും അഭ്യാസപ്രകടനം നടത്തിയ ഒരു വിനോദസഞ്ചാരിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയുയർത്തുന്ന തരത്തിൽ വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
അപകടകരമായ ഡ്രൈവിംഗിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് ദുബായ് പോലീസ് ഈ വിഷയത്തിൽ ഇടപെട്ടത്. റോഡിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. അശ്രദ്ധമായ ഡ്രൈവിംഗിനോടും ഇത്തരം പ്രകടനങ്ങളോടും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് അറിയിച്ച പോലീസ്, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും നൽകി.






