അൽ-ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിലും മറ്റ് അഴിമതിക്കുറ്റങ്ങളിലും തടവിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രിക്-ഇ-ഇൻസാഫ് (പി.ടി.ഐ) സ്ഥാപകനുമായ ഇമ്രാൻ ഖാൻ, അഡിയാല ജയിലിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി. തനിക്കെതിരെ സൈനിക നേതൃത്വം രാഷ്ട്രീയ പീഡനം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സഹോദരി ഉസ്മ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പി.ടി.ഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇമ്രാൻ ഖാൻ ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. “സൈനിക സംവിധാനം എനിക്കെതിരെ അവർക്ക് കഴിയുന്നതെല്ലാം ചെയ്തു. ഇനി അവർക്ക് എന്നെ കൊല്ലുക മാത്രമാണ് ബാക്കിയുള്ളത്.” – ഇമ്രാൻ ഖാൻ പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു തടവുകാരന്റെതിന് സമാനമായ സാഹചര്യങ്ങളിലാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്ന് ഖാൻ ആരോപിച്ചു. വൈദ്യുതി, സൂര്യപ്രകാശം, സംശയാസ്പദമായ ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, വൈദ്യസഹായം, തടവുകാർക്ക് സാധാരണയായി ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തനിക്ക് നിഷേധിക്കപ്പെടുന്നു എന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു.
“ഒരു കൂട്ടിൽ അടച്ചിട്ട് മൃഗങ്ങളേക്കാൾ മോശമായി പെരുമാറി എന്നെ പീഡിപ്പിച്ചു. എൻ്റെ സെല്ലിലേക്കുള്ള വൈദ്യുതി അഞ്ച് ദിവസത്തേക്ക് വിച്ഛേദിച്ചു. പത്ത് ദിവസത്തേക്ക് എന്നെ സെല്ലിൽ അടച്ചു,” മുൻ പ്രധാനമന്ത്രി ആരോപിച്ചു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പാകിസ്ഥാൻ സൈനിക നേതൃത്വമായിരിക്കും ഉത്തരവാദിയെന്നും ഖാൻ മുന്നറിയിപ്പ് നൽകി. “എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ആർമി ചീഫ്, ഡിജി ഐഎസ്‌ഐ എന്നിവർ ഉത്തരവാദികളായിരിക്കും.” – അദ്ദേഹം വ്യക്തമാക്കി.
സൈനിക മേധാവി ജനറൽ അസിം മുനീറിനെ ശക്തമായി വിമർശിച്ച ഇമ്രാൻ ഖാൻ, “ചരിത്രത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപതിയായ അസിം മുനീർ, മാനസികമായി അസ്ഥിരനാണ്” എന്നും ആരോപിച്ചു.
റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അഡിയാലയിൽ വെച്ചാണ് ഉസ്മ ഖാൻ സഹോദരനെ സന്ദർശിച്ചത്. 25 മുതൽ 35 മിനിറ്റ് വരെ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, ഇമ്രാൻ ഖാൻ മാനസികമായി ശക്തനും ആത്മവീര്യം ഉയർന്ന നിലയിലുമായിരുന്നുവെന്ന് ഉസ്മ ഖാനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനാധിപത്യ വിരുദ്ധ ഭരണകൂടത്തിനെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്ന സന്ദേശവും അദ്ദേഹം പാർട്ടി നേതൃത്വത്തിന് കൈമാറി. എന്നാൽ ജയിൽ ഭരണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ഇമ്രാൻ ദേഷ്യത്തിലായിരുന്നതായും ഉസ്മ ഖാൻ കൂട്ടിച്ചേർത്തു.






