മൂവാറ്റുപുഴയിൽ പനയില്ലാത്ത തോട്ടത്തിലും കള്ള് ചെത്ത്! മരിച്ചവരുടെ പേരിൽ വ്യാജ ലൈസൻസ്; അന്വേഷണം ആരംഭിച്ച് എക്സൈസ്

പനയോ തെങ്ങോ ഇല്ലാത്ത സ്ഥലങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് കള്ള് ചെത്താനും വിൽക്കാനുമുള്ള പെർമിറ്റുകൾ ഒപ്പിച്ചെടുത്തിരിക്കുന്നത്

മൂവാറ്റുപുഴയിൽ പനയില്ലാത്ത തോട്ടത്തിലും കള്ള് ചെത്ത്! മരിച്ചവരുടെ പേരിൽ വ്യാജ ലൈസൻസ്; അന്വേഷണം ആരംഭിച്ച് എക്സൈസ്
മൂവാറ്റുപുഴയിൽ പനയില്ലാത്ത തോട്ടത്തിലും കള്ള് ചെത്ത്! മരിച്ചവരുടെ പേരിൽ വ്യാജ ലൈസൻസ്; അന്വേഷണം ആരംഭിച്ച് എക്സൈസ്

കൊച്ചി: മൂവാറ്റുപുഴ റേഞ്ചിലെ കള്ളുഷാപ്പ് ലൈസൻസുകളുടെ മറവിൽ നടക്കുന്ന വൻ വ്യാജ കള്ള് വിൽപ്പനയെയും ക്രമക്കേടുകളെയും കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് വകുപ്പ്. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് വകുപ്പിന്റെ അടിയന്തര ഇടപെടൽ. സംഭവത്തെക്കുറിച്ച് എക്സൈസ് വിജിലൻസ് ഓഫീസർ നേരിട്ട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. പനയോ തെങ്ങോ ഇല്ലാത്ത സ്ഥലങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് കള്ള് ചെത്താനും വിൽക്കാനുമുള്ള പെർമിറ്റുകൾ ഒപ്പിച്ചെടുത്തിരിക്കുന്നത്. വ്യാജ കള്ള് വിൽക്കാൻ ഇവർക്ക് എങ്ങനെ ഔദ്യോഗിക ലൈസൻസ് ലഭിച്ചുവെന്നതിനെക്കുറിച്ചാകും അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക.

മരണപ്പെട്ട വ്യക്തികളുടെ പേരിൽ വരെ വ്യാജ സമ്മതപത്രങ്ങൾ ഉണ്ടാക്കിയാണ് മൂവാറ്റുപുഴ റേഞ്ചിൽ മാത്രം പതിനഞ്ചോളം ഷാപ്പുകൾക്ക് ഇത്തരത്തിൽ ലൈസൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു പന പോലും നിലവിലില്ലാത്ത തോട്ടങ്ങളിൽ വ്യാപകമായി കള്ള് ചെത്ത് നടക്കുന്നുണ്ടെന്നാണ് എക്സൈസ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ഇത്രയും വലിയ വ്യാജ രേഖകൾ സമർപ്പിച്ചിട്ടും അത് കണ്ടെത്താതെ ഉദ്യോഗസ്ഥർ എങ്ങനെ ലൈസൻസ് അനുവദിച്ചുവെന്നും, എന്തുകൊണ്ട് കൃത്യമായ ഫീൽഡ് പരിശോധനകൾ നടത്തിയില്ലെന്നും വിജിലൻസ് സംഘം അന്വേഷിക്കും. ലൈസൻസ് തട്ടിപ്പിന് പുറമെ ഷാപ്പുകളിൽ വിൽക്കുന്ന കള്ളിന്റെ ഗുണനിലവാരവും രാസപരിശോധനയ്ക്ക് വിധേയമാക്കും.

Also Read: കണ്ണൂർ സർവകലാശാലയിലും ഗവർണറുടെ കടുംവെട്ട്; സിൻഡിക്കേറ്റിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക വെട്ടി പുതിയ ഉത്തരവിറക്കി

വ്യാജ കള്ളിന്റെ ഉത്പാദനവും അന്തർസംസ്ഥാന വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ശുദ്ധി സംസ്ഥാനത്തുടനീളം ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ 8,806 കള്ളുഷാപ്പുകളിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ മദ്യത്തിൽ നിന്ന് 1,724 സാമ്പിളുകൾ വിശദമായ രാസപരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട്ടെ 1,287 ഷാപ്പുകളിൽ പരിശോധന നടത്തുകയും 105 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതിനൊപ്പം കള്ള് കടത്തുന്ന 1,851 വാഹനങ്ങളും എക്സൈസ് കർശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Share Email
Top