ത്രിരാഷ്ട്ര പരമ്പര മത്സരത്തിനിടയിൽ ദക്ഷിണാഫ്രിക്കയുടെ മാത്യു ബ്രീറ്റ്സ്കിയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിൽ പ്രതികരണവുമായി പാക് പേസർ ഷഹീൻ അഫ്രീദി രംഗത്ത്. തർക്കം മനഃപൂർവമായിരുന്നുവെന്നും താരത്തിന്റെ ശ്രദ്ധ തിരിച്ച് വിക്കറ്റ് നേടാനുള്ള ശ്രമമായിരുന്നു അതെന്നും അഫ്രീദി പറഞ്ഞു.’ ബ്രീറ്റ്സ്കിയുടെ ശ്രദ്ധ തിരിക്കുക മാത്രമായിരുന്നു ലക്ഷ്യം, മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല, കളി ജയിക്കാൻ ഇത്തരം തന്ത്രങ്ങൾ തുടരും, അതേ സമയം കളിക്ക് പുറത്ത് നല്ല കൂട്ടുകാരനായിരിക്കും’ അഫ്രീദി കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്ക-പാകിസ്ഥാൻ മത്സരത്തിലെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് സംഭവം. അഫ്രീദിയുടെ പന്ത് പ്രതിരോധിച്ച ശേഷം ബാറ്റ് വീശുന്നതായി ബ്രീറ്റ്‌സ്‌കെ ആംഗ്യം കാണിച്ചതിന് പിന്നാലെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്. ശേഷം തൊട്ടടുത്ത ഓവറിൽ സിംഗിൾ ഓടികൊണ്ടിരുന്ന ബ്രീറ്റ്‌സ്‌കെയെ ക്രീസിൽ പാക് പേസർ തടയാൻ നോക്കിയതും പ്രശ്ങ്ങൾ രൂക്ഷമാക്കി. തുടർന്ന് ഫീൽഡ് അമ്പയർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. മത്സരത്തിന് ശേഷം ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു.
Also Read: ഐപിഎല്‍ പതിനെട്ടാം സീസണ് മാർച്ച് 22ന് തുടക്കമാകും
അതേസമയം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ റൗണ്ണൗട്ടാക്കിയ ശേഷം താരത്തിന്റെ മുന്നിൽ ചാടി വീണ് താരത്തെ പോകാൻ സമ്മതിക്കാതെ നിർത്തുകയും ചെയ്ത സംഭവത്തിൽ ഐസിസി പിഴ ചുമത്തിയിട്ടുണ്ട്. പാക് താരങ്ങളായ സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർക്കാണ് പിഴ ചുമത്തിയത്.