പഞ്ചാബ് കിങ്സ് ഉയർത്തിയ 201 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തിലക് വർമ്മയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ മറികടന്ന് മുംബൈ ഇന്ത്യൻസ്. ധർമ്മശാലയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു പന്ത് ബാക്കിനിൽക്കെയാണ് മുംബൈ 6 വിക്കറ്റിന്റെ വിജയം ആഘോഷിച്ചത്. വിജയത്തോടെ മുംബൈ ഇന്ത്യൻസ് അഭിമാനം കാത്തപ്പോൾ, ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയേറ്റു. ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്റെയും അസാന്നിധ്യത്തിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബുംറയ്ക്ക് വിജയത്തോടെ തുടക്കം കുറിക്കാൻ ഈ മത്സരത്തിലൂടെ സാധിച്ചു.
മറുപടി ബാറ്റിംഗിൽ മുംബൈയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർ റയൻ റിക്കൽട്ടൺ നൽകിയത്. രോഹിത് ശർമ്മ (25) ഒരു വശത്ത് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, പഞ്ചാബ് ബൗളർമാരെ കടന്നാക്രമിച്ച റിക്കൽട്ടൺ വെറും 23 പന്തിൽ 4 ഫോറും 4 സിക്സറുമടക്കം 48 റൺസ് അടിച്ചുകൂട്ടി. എന്നാൽ റിക്കൽട്ടൺ, നമൻ ധിർ, രോഹിത് ശർമ്മ എന്നിവർ തുടരെ പുറത്തായതോടെ മുംബൈ 89-ന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീണു. ഈ ഘട്ടത്തിലാണ് മത്സരത്തിന്റെ ഗതി മാറ്റിയ തിലക് വർമ്മയുടെ ‘താണ്ഡവം’ ധർമ്മശാലയിൽ അരങ്ങേറിയത്. ഷെറഫെയ്ൻ റൂഥർഫോർഡിനെ (20) സാക്ഷിനിർത്തി തകർത്തടിച്ച തിലക് വർമ്മ, കേവലം 33 പന്തിൽ 6 സിക്സറുകളും 6 ഫോറുകളുമടക്കം 75 റൺസ് നേടി പുറത്താകാതെ നിന്ന് മുംബൈയെ വിജയതീരത്തെത്തിച്ചു.
അവസാന ഓവറുകളിൽ ഇംഗ്ലണ്ട് താരം വിൽ ജാക്സും (10 പന്തിൽ 25*) തിലക് വർമ്മയ്ക്ക് മികച്ച പിന്തുണ നൽകി. അവസാന മൂന്ന് ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ 50 റൺസ് വേണമായിരുന്നു. എന്നാൽ മാർക്കോ യാൻസൻ എറിഞ്ഞ 18-ാം ഓവറിൽ 22 റൺസും അർഷ്ദീപ് സിംഗ് എറിഞ്ഞ 19-ാം ഓവറിൽ 13 റൺസും അടിച്ചെടുത്ത് ഇരുവരും മത്സരം മുംബൈയുടെ കൈപ്പിടിയിലാക്കി. സേവിയർ ബാർട്ട്ലെറ്റ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ വിൽ ജാക്സ് സിക്സർ നേടി. തുടർന്ന് ലക്ഷ്യം 3 പന്തിൽ 8 റൺസായിരിക്കെ, തുടർച്ചയായ രണ്ട് പന്തുകളിൽ സിക്സറുകൾ പറത്തി തിലക് വർമ്മ മുംബൈയ്ക്ക് രാജകീയ വിജയം സമ്മാനിച്ചു. പഞ്ചാബിനായി അസ്മത്തുള്ള ഒമർസായി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളർമാർക്ക് റൺ ഒഴുക്ക് തടയാനായില്ല.






