ടിക് ടോക്കിന് യു എസില്‍ വിലക്ക്; പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു

ടിക് ടോക്കിന് യു എസില്‍ വിലക്ക്; പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു

വാഷിങ്ടണ്‍: ടിക് ടോക്കിന് യു.എസില്‍ വിലക്ക് വന്നതിന് പിന്നാലെ പ്രതികരിച്ച് ടിക് ടോക് സി.ഇ.ഒ ഷോ സി ച്യു. തങ്ങള്‍ എവിടെയും പോകുന്നില്ലെന്നായിരുന്നു കമ്പനി സി.ഇ.ഒയുടെ ആദ്യ പ്രതികരണം. വസ്തുതകളും ഭരണഘടനയും തങ്ങള്‍ക്കൊപ്പമാണ്. ഇനിയും യു.എസില്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് ടിക് ടോകിനെ വിലക്കിയതിന് പിന്നാലെ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് സി.ഇ.ഒയുടെ പ്രതികരണം.

പ്രമുഖ സോഷ്യല്‍ മീഡിയ ആപായ ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നല്‍കിയത്. ടിക് ടോകി?ന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി ബൈറ്റാന്‍സ് കമ്പനിയിലെ ഓഹരികള്‍ വിറ്റില്ലെങ്കില്‍ നിരോധനമേര്‍പ്പെടുത്തുമെന്നാണ് യു.എസ് അറിയിച്ചത്. തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടതോടെ ബില്‍ നിയമമാവുകയും ചെയ്തു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ബില്ല് അവതരിപ്പിച്ചത്. യു.എസ് സെനറ്റിലെ അംഗങ്ങള്‍ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സൂചന. യു.എസിലെ പൗരന്‍മാരുടെ സ്വകാര്യത ടിക് ടോക് ലംഘിക്കുമെന്നായിരുന്നു യു.എസ് സെനറ്റ് അംഗങ്ങളുടെ പ്രധാന ആശങ്ക.

ബില്‍ യാഥാര്‍ഥ്യമായാല്‍ 170 മില്യണ്‍ യു.എസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമായിരിക്കുമതെന്ന് കഴിഞ്ഞ ദിവസം ടിക് ടോക് പ്രതികരിച്ചിരുന്നു. ഏഴ് മില്യണ്‍ അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ടിക് ടോക്കിലുണ്ട്. 24 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ടിക് ടോക് യു.എസ് സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Top