കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ, സംസ്ഥാന രാഷ്ട്രീയത്തിന്റെ ‘പൾസ്’ അളക്കുന്നതിൽ എന്നും സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള ജില്ലയാണ്. രൂപീകരിച്ച നാൾ മുതൽ ഇതുവരെ, ഒരു മുന്നണിക്കും സ്ഥിരമായ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത ഒരു ‘സ്വിങ്ങിംഗ് കൗൺസിൽ’ എന്ന നിലയിലും തൃശ്ശൂർ കോർപ്പറേഷൻ ശ്രദ്ധേയമാണ്.
എന്നാൽ, 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്. ഭരണവിരുദ്ധ വികാരം, ബി.ജെ.പി.യുടെ വർധിച്ചുവരുന്ന സ്വാധീനം, നിലവിലെ കൗൺസിലിലെ അസ്ഥിരത എന്നിവ ഒരുമിച്ച് ചേരുമ്പോൾ, കോർപ്പറേഷൻ ഭരണം നിലനിർത്താൻ ഇടതുപക്ഷത്തിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സ്വാഭാവികമായും തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് തിരിച്ചടിയാകുക തന്നെ ചെയ്യും. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കോർപ്പറേഷൻ കൗൺസിലിൽ ഇടതുപക്ഷം രൂപീകരിച്ച സഖ്യസർക്കാരിന്, കാര്യമായ നിലയിൽ ഭരണപരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഇതിനോടകം ജില്ലയിൽ ശക്തമാണ്. യു.ഡി.എഫ് വിമതനായിരുന്ന എം.കെ. വർഗ്ഗീസിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം 2020 ൽ തൃശ്ശൂർ കോർപ്പറേഷൻ ഭരണം പിടിച്ചത്. മേയർ സ്ഥാനത്തിരുന്ന ഇദ്ദേഹം, കോർപ്പറേഷനിലെ സി.പി.ഐ., സി.പി.എം. കൗൺസിലർമാരുമായി നിരന്തരം തർക്കങ്ങളിൽ ഏർപ്പെട്ടതും ഭരണത്തിന്റെ കെട്ടുറപ്പിനെ പോലും ബാധിച്ച വിഷയമായിരുന്നു.
വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് തൃശ്ശൂരിലെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നില്ലെന്ന വിമർശനവും പൊതുസമൂഹത്തിൽ ശക്തമാണ്. ഇത് ഇടതുപക്ഷത്തിനെതിരായ ജനവികാരം വർധിപ്പിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതിന് പുറമെ മേയറുടെ ബി.ജെ.പി പ്രേമത്തിനും വില നൽകേണ്ടി വരിക ഇടതുപക്ഷമാണ്. ഇങ്ങനെ ഒരു മേയറെ പിന്തുണച്ചതിന് ദുഃഖിക്കേണ്ട സാഹചര്യം ഇപ്പോൾ തന്നെ സി.പി.എം – സി.പി.ഐ പ്രവർത്തകർക്കുമുണ്ട്.
Also Read: വിവാദ ശബ്ദരേഖ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി യുവതി, തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറും
തൃശ്ശൂരിലെ രാഷ്ട്രീയ ഭൂപടം പൂർണ്ണമായും മാറ്റിമറിച്ചത് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് ഗോപി നേടിയ ഐതിഹാസിക വിജയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ സുരേഷ് ഗോപി തരംഗം ആവർത്തിച്ചാൽ, അത് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ ഊർജ്ജം നൽകും. ലോക്‌സഭാ വിജയത്തിന് ശേഷം ബി.ജെ.പി. നേതാക്കൾ, പ്രത്യേകിച്ച് സുരേഷ് ഗോപി, തൃശ്ശൂർ കോർപ്പറേഷൻ ഭരണം പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസം എളുപ്പത്തിൽ വോട്ടാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞേക്കും. 2015-ലും 2020-ലും 6 സീറ്റുകൾ വീതം നേടി ബി.ജെ.പി. കോർപ്പറേഷനിലെ മൂന്നാം നിർണ്ണായക ശക്തിയായി നിലയുറപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വർധനവ് കോർപ്പറേഷനിലെ പല ഡിവിഷനുകളിലും ബി.ജെ.പി.ക്ക് വിജയം നേടാൻ സഹായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. നിലവിലെ മേയർ എം.കെ. വർഗ്ഗീസ് ബി.ജെ.പിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ പോലും നടക്കുന്നത്, ബി.ജെ.പി. ഇവിടെ ലക്ഷ്യമിടുന്നത് കേവലം കൗൺസിൽ അംഗങ്ങളെ മാത്രമല്ല, ഭരണം തന്നെയാണ് എന്നതിന്റെ സൂചനയാണ്.

തിരുവനന്തപുരം കോർപ്പറേഷൻ കഴിഞ്ഞാൽ, കേരളത്തിൽ ഭരണം പിടിക്കാൻ കഴിയും എന്ന് ബി.ജെ.പി അവകാശപ്പെടുന്ന കോർപ്പറേഷനും തൃശ്ശൂരാണ്. ആ കോർപ്പറേഷൻ ഇങ്ങ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അതോടെ സുരേഷ് ഗോപിയുടെ ഉള്ള ഇമേജും തകരുമെന്നതും ഒരു യാഥാർത്ഥ്യമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുനഃസംഘടിപ്പിച്ച വാർഡുകളും, ഇടതുപക്ഷം ഉൾപ്പെടെയുള്ള എല്ലാ മുന്നണികൾക്കും വെല്ലുവിളിയായാണ് മാറിയിരിക്കുന്നത്. പല സിറ്റിംഗ് കൗൺസിലർമാരുടെയും വാർഡുകൾ മാറിയതോടെ, അവർക്ക് തങ്ങളുടെ സ്വാധീനം പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരും. മാത്രമല്ല, കോർപ്പറേഷൻ ഭരണം പിടിക്കാൻ, ഇനി 56 വാർഡുകളിൽ 29 സീറ്റുകൾ വേണം. കഴിഞ്ഞ തവണ 24 സീറ്റ് നേടിയ ഇടതുപക്ഷത്തിന് അഞ്ച് സീറ്റുകൾ അധികമായി നേടുക എന്നത്, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ദുഷ്കരമാകും.
അത്തരത്തിൽ, ജില്ലയിൽ ഇടതുപക്ഷം ദുർബലമാകുമ്പോൾ, ഭരണവിരുദ്ധ വോട്ടുകൾ മുഴുവനായും തങ്ങൾക്ക് അനുകൂലമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞാൽ അത് ഇടതിന് വലിയ തിരിച്ചടിയാകും. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കങ്ങളും രാജിഭീഷണികളും എല്ലാം ഉണ്ടെങ്കിലും, വിജയ സാധ്യത ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫിന് തന്നെയാണുള്ളത്. ഇടതുപക്ഷത്തോട് എതിർപ്പുള്ള വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പി.ക്കും ഇടയിൽ വലിയ രൂപത്തിൽ വിഭജിക്കപ്പെട്ടാൽ മാത്രമാണ് ഇടതുപക്ഷത്തിന് സാധ്യതയുള്ളത്.
Also Read: 2000 രൂപ അലവൻസ്, വീടില്ലാത്തവർക്ക് വാടക വീട്; യുഡിഎഫ് പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനങ്ങൾ!
അതുകൊണ്ടു തന്നെ, തൃശ്ശൂർ കോർപ്പറേഷനിലെ പോരാട്ടം ഇത്തവണ വ്യക്തമായും എൽ.ഡി.എഫ്, യു.ഡി.എഫ്, ബിജെപി എന്നീ മൂന്ന് മുന്നണികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമായി മാറും. കേരളത്തിൽ നിലവിലുള്ള ഭരണവിരുദ്ധ വികാരവും സുരേഷ് ഗോപിയിലൂടെ ബി.ജെ.പി. നേടിയ ലോക്‌സഭാ വിജയത്തിന്റെ ആവേശവും അനിശ്ചിതമായ കൗൺസിൽ ഭരണവും ചേരുമ്പോൾ, തൃശ്ശൂർ കോർപ്പറേഷൻ ഇടതുപക്ഷത്തിന് നഷ്ടപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റുകൾ നേടി, തൃശ്ശൂർ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള കരുത്ത് ബി.ജെ.പി നേടിയാൽ, തിരഞ്ഞെടുപ്പിന് ശേഷം വലിയ രൂപത്തിലുള്ള കൂറ് മാറ്റത്തിനും കുതിരകച്ചവടത്തിനുമുള്ള എല്ലാ സാധ്യതയുമുണ്ടാകും. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.
EXPRESS VIEW
വീഡിയോ കാണാം;






