ഇന്ത്യന്‍ വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുത്തന്‍ മോഡലുകളുമായി പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രംഗത്ത്. നിലവിലുള്ള മാരുതി സുസുക്കി സഹകരണത്തോടൊപ്പം സ്വന്തം പ്ലാറ്റ്‌ഫോമുകളിലും ഡിസൈനുകളിലും ഊന്നിയുള്ള പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന 12 മാസത്തിനുള്ളില്‍ ബജറ്റ്-പ്രീമിയം വിഭാഗങ്ങളിലായി മൂന്ന് പ്രധാന മോഡലുകളാണ് ടൊയോട്ട ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്. ഇതില്‍ പുതിയ ഹൈലക്‌സിന്റെ ഒമ്പതാം തലമുറ കഴിഞ്ഞ മാസം തന്നെ നിരത്തുകളിലെത്തിക്കഴിഞ്ഞു.
മാരുതി സുസുക്കിയുടെ പുതിയ ബലേനോ മോഡലിന്റെ വരവിന് പിന്നാലെ, അതിന്റെ റീബാഡ്ജ് പതിപ്പായ ടൊയോട്ട ഗ്ലാന്‍സയും പുതിയ മുഖവുമായി വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ലില്‍ വരുത്തിയ മാറ്റങ്ങള്‍, പുതുക്കിയ അലോയ് വീലുകള്‍, സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കൂടാതെ, കമ്പനിയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ മാറ്റങ്ങളും, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പവേഡ് ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഹൈക്രോസിന്റെ പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തും.
Also Read: മാരുതി സുസുക്കിക്ക് റെക്കോർഡ് നേട്ടം; ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ 21.3% വളർച്ചയോടെ കുതിപ്പ്!
ഇവയ്‌ക്കെല്ലാം പുറമേ, അടുത്ത വര്‍ഷം മധ്യത്തോടെ ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ ഫോര്‍ച്യൂണറിന്റെ നാലാം തലമുറയും ഇന്ത്യന്‍ വിപണിയിലെത്തും. പുതിയ ഹൈലക്‌സിന് സമാനമായ മുന്‍ഭാഗ ഡിസൈനാണ് പുതിയ ഫോര്‍ച്യൂണറിനും നല്‍കിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവും കൂടാതെ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ടാകും. എന്‍ജിന്‍ ഘടനയില്‍ മാറ്റമില്ലാതെ എത്തുന്ന ഈ മൂന്ന് പുതിയ വാഹനങ്ങളും ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






