കൊൽക്കത്ത: കൊൽക്കത്ത ഉൾപ്പെടെ ആറ് മെട്രോ നഗരങ്ങളിൽ തോട്ടിപ്പണിയും കൈകൊണ്ട് മലിനജലം വൃത്തിയാക്കലും സുപ്രീംകോടതി നിരോധിച്ച് നാല് ദിവസത്തിനുശേഷം കൊൽക്കത്ത ലെതർ നിർമാണ കോംപ്ലക്സിലെ ഭൂഗർഭ അഴുക്കുചാലിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം.
ദുരന്ത നിവാരണ ഗ്രൂപ്പിലെയും അഗ്നിശമന സേനയിലെയും തൊഴിലാളികൾ നാലു മണിക്കൂർ നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്. നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള ബന്താലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സമുച്ചയത്തിലെ അടഞ്ഞുകിടക്കുന്ന ഭൂഗർഭ അഴുക്കുചാലുകൾ വൃത്തിയാക്കാൻ ഒരു കരാറുകാരൻ തൊഴിലാളികളെ ഏൽപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
Also Read: ഗില്ലന്‍ ബാരി സിന്‍ഡ്രോം; മരണം അഞ്ചായി, പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍
മുർഷിദാബാദിലെ ലാൽഗോളയിൽ നിന്നുള്ള ഹസീബുർ റഹ്മാൻ (26), ഫർജെൻ സെയ്ഖ് (60), നോർത്ത് 24 പർഗാനാസിലെ നജാത്തിൽ നിന്നുള്ള സുമൻ സർദാർ (30) എന്നിവരാണ് മരിച്ചത്. വിഷവാതകങ്ങളാൽ ശ്വാസംമുട്ടിയായിരിക്കാം ഇവരുടെ മരണമെന്നാണ് പൊലീസ് പറഞ്ഞത്. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടത്തുമെന്ന് മേയറും നഗരവികസന മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. 1993ൽ ഡ്രൈ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ തൊഴിലാളികളെ ഉപയോഗിക്കുന്നത് കേന്ദ്രം നിരോധിച്ചിരുന്നു.