റെയ്ഡിൽ ഭീഷണി, പിന്നെ ‘തെളിവ്’..! പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ഇ.ഡി ഗവേഷണമെന്ന് എം.വി. ഗോവിന്ദൻ

കഴിഞ്ഞ പത്തുവർഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്തിന് മാതൃകയായ പുതിയ കേരളത്തെ മുന്നോട്ട് നയിച്ചെന്നും അതിനെയാണ് അമർത്യ സെൻ ‘കേരള മോഡൽ’ എന്ന് വിളിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു

റെയ്ഡിൽ ഭീഷണി, പിന്നെ ‘തെളിവ്’..! പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ഇ.ഡി ഗവേഷണമെന്ന് എം.വി. ഗോവിന്ദൻ
റെയ്ഡിൽ ഭീഷണി, പിന്നെ ‘തെളിവ്’..! പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ഇ.ഡി ഗവേഷണമെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: വീണാ വിജയനുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതിയാക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗവേഷണപരമായി പഠിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെയ്ഡിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി ചില കാര്യങ്ങൾ എഴുതി വാങ്ങുകയും പിന്നീട് ഹവാല പണവുമായി ബന്ധപ്പെട്ട തെളിവുകളെന്ന പേരിൽ പ്രചാരണം നടത്തുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടന്ന സിപിഎം ബഹുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഗോവിന്ദൻ. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിക്കുന്ന രീതിയെപ്പറ്റിയും പാർട്ടി അന്വേഷിക്കുമെന്നും തെറ്റായ പ്രവണതകൾക്ക് അംഗീകാരം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

“നിന്റെ മകളുടെ ജീവിതം അപകടത്തിലാക്കും, നിന്നെ കൽത്തുറങ്കിൽ നിന്ന് പുറത്തേക്കിറക്കില്ല, ആരാന്റെ മോളെ രക്ഷപ്പെടുത്താൻ നിന്റെ മോളെ ശിക്ഷിക്കണോ” എന്ന തരത്തിൽ ഭീഷണിപ്പെടുത്തിയാണ് റെയ്ഡുകളുടെ ഭാഗമായി പോലീസുകാരെയും പട്ടാളക്കാരെയും അമ്മയെയും അച്ഛനെയും ചോദ്യം ചെയ്യുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. പിണറായിയെയും റിയാസിനെയും പ്രതിയാക്കാൻ ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്നും ഇല്ലാക്കഥകൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ ഒരു വിഭാഗം ഇഡിയുമായി ചേർന്ന് ദിവസവും പുതിയ കാര്യങ്ങൾ പുറത്തുവരുന്നുവെന്ന വ്യാജേന കള്ളപ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു. ഇഡിയുടെ കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാർട്ടിയെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള നീക്കത്തിനെതിരെ സിപിഎം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:‘തോൽവിക്ക് അണികളല്ല, നേതൃത്വം തന്നെ ഉത്തരവാദി’! സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വി.ഡി. സതീശൻ സർക്കാരിന്റെ ഭരണം കേരളത്തെ തകർക്കുകയാണെന്നും അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ലോഡ് ഷെഡ്ഡിങ് വന്നെന്നും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. കടലും തീരപ്രദേശങ്ങളും കരിമണലും കുത്തക മുതലാളിമാർക്ക് തീറെഴുതാനും പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കാനും സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചെന്നും നാടിന്റെ ഭാവിയെ അഭിസംബോധന ചെയ്യുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചു. കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറുകയാണെന്നും നേരത്തെ എൽഡിഎഫ്-യുഡിഎഫ് എന്ന നിലയിലായിരുന്ന സാഹചര്യം ഇത്തവണ ബിജെപി മൂന്ന് സീറ്റ് നേടിയതോടെ മാറിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവർഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ലോകത്തിന് മാതൃകയായ പുതിയ കേരളത്തെ മുന്നോട്ട് നയിച്ചെന്നും അതിനെയാണ് അമർത്യ സെൻ ‘കേരള മോഡൽ’ എന്ന് വിളിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യത്തെ നാടായി കേരളത്തെ മാറ്റിയെന്നും ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന സാഹചര്യം സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പല ഘട്ടങ്ങളിലും വലിയ കടന്നാക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും “നൂറുവർഷത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവരില്ല” എന്ന് എ.കെ. ആന്റണി പറഞ്ഞിരുന്നുവെന്നും ഗോവിന്ദൻ ഓർമിപ്പിച്ചു. അതേസമയം, കേരളം അപകടകരമായ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയിരങ്ങളെ അണിനിരത്തിയ ബഹുജന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയാണ് ഉദ്ഘാടനം ചെയ്തത്.

Share Email
Top