ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ വൻ തോതിൽ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്ന ആരോപണവുമായി ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഷാഹ്‌ദാര, ജനക്‌പുരി, ലക്ഷ്മി നഗർ അടക്കമുള്ള സീറ്റുകളിലെ ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇ.സി.ഐ) അപേക്ഷ നൽകിയതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഷഹ്‌ദാര ഏരിയയിലുള്ള 11,018 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ ബി.ജെ.പി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, ആ അപേക്ഷയിലെ 500 പേരുകൾ പരിശോധിച്ചപ്പോൾ അതിലെ 75 ശതമാനം ആളുകളും ഇപ്പോഴും അവിടെ താമസിക്കുന്നതായി കണ്ടെത്തി. പക്ഷേ, അത്രയും പേർ തെരഞ്ഞെടുപ്പിൽനിന്ന് അപ്രത്യക്ഷരായേക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
Also Read : അതിർത്തിയിൽ തുർക്കി നിർമിത ഡ്രോൺ വിന്യാസം; നിരീക്ഷണം ശക്തമാക്കി ഇന്ത്യ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷഹ്‌ദാര നിയമസഭാ സീറ്റിൽ 5,000 വോട്ടുകൾക്കാണ് ആപ് വിജയിച്ചത്. എന്നാൽ ഇപ്പോൾ ആ മണ്ഡലത്തിലെ 11,000 വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുകയാണ്. ഈ വോട്ടർമാരിൽ ഭൂരിഭാഗവും ആപ് അനുഭാവികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം സുതാര്യതക്കായി എല്ലാ അപേക്ഷകളും വൈകുന്നേരത്തോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് കെജ്‌രിവാൾ ഇ.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.