കഴുകനെ പോലെ വട്ടമിട്ട് പറന്ന്, കേരളത്തിലെ ഇടതുപക്ഷത്തെയും കമ്യൂണിസ്റ്റ് പാർട്ടികളെയും കടന്നാക്രമിക്കുന്നവരോടാണ് ഇനി പറയാനുള്ളത്. ഇനി ഒരിക്കലും ഇടതുപക്ഷത്തിന് തിരിച്ചുവരാൻ കഴിയില്ല എന്ന നിങ്ങളുടെ പ്രചരണം, രാഷ്ട്രീയ കേരളത്തിൽ എന്തായാലും വിലപ്പോകാൻ പോകുന്നില്ല. കമ്യൂണിസ്റ്റുകൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാം, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ നിന്ന് പുറത്താവുകയും ചെയ്യാം, അതുപോലെ തന്നെ, ഒരു നേതാവിന്റെ കാലവും അവസാനിക്കാം. എന്നാൽ, ഒരു സമൂഹത്തിന്റെ ജീവിതത്തെ മാറ്റിയ ആശയങ്ങളുടെയും സമരങ്ങളുടെയും ചരിത്രം അതുകൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ലന്നത് മനസ്സിലാക്കണം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ, ആ ചരിത്രത്തിലെ ചുവന്ന അധ്യായങ്ങൾ വായിക്കാതെ, ഒരിക്കലും കേരളത്തെ പൂർണമായി മനസ്സിലാക്കാനാവുകയില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒഴിവാക്കി ഒരു ചരിത്രം എഴുതുക തന്നെ പ്രയാസമാണ്. പച്ചക്ക് പറഞ്ഞാൽ, അത് നടക്കാത്ത കാര്യം തന്നെയാണ്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം, കേരളത്തിന്റെ സാമൂഹിക ഘടനയിലും തൊഴിലാളി–കർഷക ജീവിതത്തിലും വിദ്യാഭ്യാസത്തിലും, പൊതുജനാരോഗ്യത്തിലും തുടങ്ങി… അധികാരവികേന്ദ്രീകരണത്തിൽ വരെ, ഇടതുപക്ഷ രാഷ്ട്രീയം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്ന ഈ കേരളം ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല.
അതിനുപിന്നിലെല്ലാം, നവോത്ഥാന പ്രസ്ഥാനങ്ങളുണ്ട്, സാമൂഹിക പരിഷ്കർത്താക്കളുണ്ട്, വിവിധ രാഷ്ട്രീയ പാർട്ടികളും മത–സാമുദായിക സംഘടനകളും തൊഴിലാളി–കർഷക പ്രസ്ഥാനങ്ങളുമുണ്ട്. പ്രവാസികളുടെ അധ്വാനവും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിവിധ കാലങ്ങളിലെ നയങ്ങളും അതിനു പിന്നിലുണ്ട് എന്നതും ഒരു വസ്തുതയാണ്. എന്നാൽ ഈ മാറ്റങ്ങളുടെ ചരിത്രത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വന്തമായൊരു അധ്യായമുണ്ട്. അതാകട്ടെ, ചോരയിൽ എഴുതിയ അധ്യായവുമാണ് മറ്റൊരു പ്രസ്ഥാനങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്ത ത്യാഗങ്ങളുടെ പോരാട്ടമാണത്. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾ കൊണ്ട് മറച്ച് പിടിക്കാൻ ശ്രമിച്ചാൽ മറയുന്ന കാഴ്ചകൾ അല്ല ഇതന്നെതും പറയാതിരിക്കാൻ കഴിയുകയില്ല.
സോഷ്യൽ മീഡിയകളിൽ ഒരു വിഭാഗം പടച്ച് വിടുന്നതെല്ലാം വിശ്വസിച്ച്, അതിൻ്റെ പിന്നാലെ പോകുന്നവരുടെ ശ്രദ്ധയിലേക്കും, പുതു തലമുറയുടെ അറിവിലേക്കുമായി ചിലകാര്യങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ജന്മിത്വത്തോട് നടത്തിയ പോരാട്ടമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ ഇടപെടലുകളിൽ ഒന്ന് ഭൂമിയുടെയും കർഷകന്റെയും പ്രശ്നങ്ങളിലായിരുന്നു. ഒരു കാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം ചെറിയൊരു വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കുകയും വലിയൊരു ജനവിഭാഗം കുടിയാന്മാരും കർഷകത്തൊഴിലാളികളുമായി ജീവിക്കുകയും ചെയ്തിരുന്നു. ഈ കാലത്താണ് ഈ വ്യവസ്ഥയ്ക്കെതിരായ കർഷക സമരങ്ങൾക്കും കുടിയാൻ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റുകൾ വലിയ രാഷ്ട്രീയ ശക്തിയും ഊർജ്ജവും നൽകിയിരുന്നത്.
1957-ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നടപടികൾ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പിന്നീട് വിവിധ സർക്കാരുകളുടെ കാലത്ത് നിയമപരവും ഭരണപരവുമായി ഈ നിയമം മുന്നോട്ടുപോവുകയാണ് ഉണ്ടായത്. ജന്മിത്വത്തിന്റെ പഴയ അധികാരഘടന തകർക്കുന്നതിലും കുടിയാന്മാർക്ക് കൂടുതൽ അവകാശവും സുരക്ഷയും നൽകുന്നതിലും, കമ്യൂണിസ്റ്റ് സർക്കാർ നടത്തിയ ഈ രാഷ്ട്രീയ ഇടപെടലുകൾ നിർണായകമായിട്ടുണ്ട്. ഭൂമി എന്നത് വെറും സ്വത്ത് മാത്രമല്ലായിരുന്നു. അത് പൗരൻ്റെ അന്തസ്സും സുരക്ഷയും, സാമൂഹിക അധികാരമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക മാറ്റത്തിന്റെ ചരിത്രത്തിൽ ഭൂപരിഷ്കരണത്തിന് വലിയ സ്ഥാനവുമുണ്ട്. അടുത്തതായി പറയാനുള്ളത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളാണ്. വിദ്യാഭ്യാസത്തെ സാധാരണക്കാരന്റെ അവകാശമാക്കിയ തീരുമാനങ്ങളാണ്.

വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ മുന്നേറ്റം ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം നേട്ടമല്ല. മിഷനറി പ്രവർത്തനങ്ങളും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും തിരുവിതാംകൂർ–കൊച്ചി ഭരണകാലത്തെ ഇടപെടലുകളും വിവിധ സർക്കാരുകളുടെ നയങ്ങളും അതിന് തീർച്ചയായും അടിത്തറയിട്ടിട്ടുണ്ട്. എന്നാൽ, വിദ്യാഭ്യാസത്തെ പൊതുജനങ്ങളുടെ അവകാശമായി കാണുന്ന രാഷ്ട്രീയ സമീപനത്തിന് ഇടതുപക്ഷമാണ് വഴിമരുന്നിട്ടത്. ശക്തമായ ഇടപെടലുകളാണ് കമ്യൂണിസ്റ്റുകൾ ഇതിനായി നടത്തിയിരിക്കുന്നത്.
1957-ലെ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബിൽ ഇതിൽ ഏറ്റവും നിർണ്ണായകമാണ്. ഈ ബിൽ, കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവച്ചെങ്കിലും, അധ്യാപകരുടെ തൊഴിൽസുരക്ഷ, നിയമനരീതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണക്രമം തുടങ്ങിയ വിഷയങ്ങളെ പൊതുചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ ഈ തീരുമാനം വഴിവച്ചിട്ടുണ്ട്.
പിന്നീടുള്ള പതിറ്റാണ്ടുകളിൽ സർക്കാർ സ്കൂളുകളും പൊതുവിദ്യാഭ്യാസ സംവിധാനവും സംരക്ഷിക്കണമെന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായി മാറിയതും, അത്തരത്തിലുള്ള മാറ്റങ്ങൾ സംഭവിച്ചതും
കേരളം കണ്ട മറ്റൊരു കാഴ്ചയാണ്. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ ഇന്ന് അനുഭവിക്കുന്ന മിക്ക അവകാശങ്ങളും അവർക്ക് നേടി കൊടുത്തത് കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകിയ സർക്കാരുകളാണ്. ഇക്കാര്യത്തിൽ, രാഷ്‌ട്രീയ എതിരാളികൾക്ക് പോലും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അതുപോലെ തന്നെ പറയാനുള്ള മറ്റൊരു പ്രധാനപ്പെട്ട കാര്യം, തൊഴിലാളികളെ സംബന്ധിച്ചാണ്. തൊഴിലാളികൾക്ക് ശബ്ദം നൽകിയ പ്രസ്ഥാനം എന്നു പറയുന്നത് തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. കേരളത്തിലെ തൊഴിലാളി രാഷ്ട്രീയത്തിന്റെ ചരിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും തമ്മിൽ വേർതിരിക്കുക എന്നതും എളുപ്പമുള്ള കാര്യമല്ല.
കയർ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികൾ, തുടങ്ങി, സർവ്വ മേഖലയിലെയും തൊഴിലാളികളുടെ വേതനം, ജോലി സമയം, തൊഴിൽസുരക്ഷ, ക്ഷേമം തുടങ്ങിയ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പോരാടിയതും കമ്യൂണിസ്റ്റ് പാർട്ടികളുടെ തൊഴിലാളി സംഘടനകളാണ്. തൊഴിലാളികളുടെ പ്രശ്നങ്ങൾ, സംഘടിത രാഷ്ട്രീയ വിഷയങ്ങളാക്കുന്നതിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വഹിച്ച പങ്കും വലുതാണ്.”തൊഴിലുടമ തീരുമാനിക്കും; തൊഴിലാളി അനുസരിക്കും “എന്ന പഴയ ബന്ധത്തിൽ നിന്ന് കൂട്ടായ വിലപേശലിലേക്കും തൊഴിൽ അവകാശങ്ങളിലേക്കുമുള്ള മാറ്റത്തിനും ഈ സമരങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിൽ പിന്നീട് വളർന്ന വിവിധ തൊഴിലാളി ക്ഷേമനിധി സംവിധാനങ്ങളുടെയും സാമൂഹിക സുരക്ഷാ പദ്ധതികളുടെയും പിന്നിലും, ഈ സംഘടിത തൊഴിലാളി രാഷ്ട്രീയത്തിന്റെ സമ്മർദ്ദം നമുക്ക് കാണാൻ സാധിക്കും.

കർഷകനെയും കർഷകത്തൊഴിലാളിയെയും രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടു വന്നതും കമ്യൂണിസ്റ്റുകളാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം, നഗരങ്ങളിലെ തൊഴിലാളികളിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഗ്രാമീണ കേരളത്തിലെ കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാനും, കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം നൽകിയ കർഷക പ്രസ്ഥാനങ്ങൾ വലിയ രൂപത്തിൽ ശ്രമിച്ചിട്ടുണ്ട്. അവർ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൂലി, ഭൂമി, കുടിയൊഴിപ്പിക്കൽ, കടബാധ്യത, കാർഷിക ഉൽപ്പന്നങ്ങളുടെ വില തുടങ്ങിയ പ്രശ്നങ്ങളാണ് രാഷ്ട്രീയ അജണ്ടയിലേക്ക് ഉയർത്തപ്പെട്ടിരുന്നത്. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതപ്രശ്നവും രാഷ്ട്രീയ പ്രശ്നമാണെന്ന ബോധം കേരളത്തിൽ ശക്തമാകാൻ ഇത്തരം ജനകീയ പ്രസ്ഥാനങ്ങളാണ് സഹായിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭരണചരിത്രത്തിൽ ഇടതുപക്ഷത്തിന്റെ ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ അധികാരവികേന്ദ്രീകരണമാണ്.1996-ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വികസനപ്രക്രിയയിൽ കൂടുതൽ സജീവമാക്കാനുള്ള വലിയ പരീക്ഷണമായിരുന്നു. ഇതുവഴി, പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൂടുതൽ പദ്ധതിവിഹിതവും ഉത്തരവാദിത്തവും നൽകിയും, പ്രാദേശിക ആവശ്യങ്ങൾ പ്രാദേശികതലത്തിൽ തന്നെ തിരിച്ചറിയാൻ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്തു. റോഡ് എവിടെ വേണം? കുടിവെള്ള പദ്ധതി എവിടെ വേണം? സ്കൂളിന്റെ വികസനത്തിന് എന്താണ് വേണ്ടത്? ആരോഗ്യകേന്ദ്രത്തിന്റെ മുൻഗണന എന്തായിരിക്കണം? തുടങ്ങിയ തീരുമാനങ്ങളിൽ, ജനങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളെയും കൂടുതൽ പങ്കാളികളാക്കുക എന്ന ആശയം കേരളത്തിന്റെ ഭരണസംവിധാനത്തെ തന്നെയാണ് ആകെ പൊളിച്ചെഴുതിയിരുന്നത്. ഇതും ആർക്കും നിഷേധിക്കാൻ കഴിയുകയില്ല.
ഇനി പറയാനുള്ളത്, ആരോഗ്യ മേഖലയെ കുറിച്ചാണ്.കേരളത്തിന്റെ ആരോഗ്യനേട്ടങ്ങൾക്ക് ദീർഘമായ ഒരു ചരിത്രമാണുള്ളത്. വിവിധ ഭരണകൂടങ്ങളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും സംഭാവനകളും അതിലുണ്ട്. ഇടതുപക്ഷ സർക്കാരുകൾ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും, സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി വിവിധ ഘട്ടങ്ങളിൽ വലിയ മുൻഗണനയാണ് നൽകിയിരുന്നത്.

അതുപോലെ ക്ഷേമപെൻഷനുകളും തൊഴിലാളി ക്ഷേമനിധികളും സാമൂഹിക സുരക്ഷാ പദ്ധതികളും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രധാന ഭാഗമായി വളർത്തിയതും, ഇടതുപക്ഷ സർക്കാറുകളാണ്. ഒരു ക്ഷേമസംസ്ഥാനം എന്ന ആശയം കേരള രാഷ്ട്രീയത്തിൽ ശക്തമായി നിലനിൽക്കാൻ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സമ്മർദ്ദവും ഭരണനയങ്ങളുമാണ് പ്രധാനപങ്കുവഹിച്ചിരിക്കുന്നത്.
അടുത്തതായി, ജാതിവിവേചനത്തിനും സാമൂഹിക അസമത്വത്തിനുമെതിരായ രാഷ്ട്രീയത്തെ കുറിച്ച് കൂടി നോക്കാം, കേരളത്തിലെ സാമൂഹിക നവോത്ഥാനം എന്നത്, കമ്യൂണിസ്റ്റ് പാർട്ടികൾ ആരംഭിച്ചതല്ല. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ തുടങ്ങി നിരവധി നവോത്ഥാന നായകരും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുമാണ് അതിന് അടിത്തറയിട്ടിരുന്നത്. എന്നാൽ, ആ സാമൂഹിക നവോത്ഥാനത്തിന്റെ പല ആവശ്യങ്ങളെയും വർഗരാഷ്ട്രീയവുമായി ബന്ധിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞതു കൊണ്ടാണ് വലിയ മാറ്റങ്ങൾ ഉണ്ടായത് എന്നത് പറയാതിരിക്കാൻ കഴിയുകയില്ല. ജാതി, സമ്പത്ത്, ഭൂമി, തൊഴിൽ, അധികാരം എന്നിവ തമ്മിലുള്ള ബന്ധത്തെ, കമ്യൂണിസ്റ്റുകൾ രാഷ്ട്രീയ ചർച്ചയാക്കിയത് കേരളത്തിലെ സാമൂഹിക ജനാധിപത്യത്തിന്റെ വളർച്ചയെ വലിയ രൂപത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്.
വായനശാല മുതൽ തെരുവുവരെയുള്ള രാഷ്ട്രീയ സംസ്കാരം കൊണ്ടുവന്നതും കമ്യൂണിസ്റ്റുകളാണ്. കേരളത്തിന്റെ പ്രത്യേകത എന്നു പറയുന്നത് തന്നെ, ശക്തമായ പൊതുചർച്ചയും, അതുവഴിയുള്ള ഇടപെടലുമാണ്. ചായക്കടകളിലും, വായനശാലകളിലും, തൊഴിലിടങ്ങളിലും, ക്യാമ്പസുകളിലും എല്ലാം, രാഷ്ട്രീയവും ലോകകാര്യങ്ങളും ചർച്ച ചെയ്യുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ, ഇടതുപക്ഷവും അവരുടെ വർഗ്ഗ ബഹുജന സംഘടനകളും വഹിച്ച പങ്കും ആർക്കും തിരസ്‌ക്കരിക്കാൻ കഴിയുന്നതല്ല.വായനശാലാ പ്രസ്ഥാനങ്ങൾ, സാംസ്കാരിക സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, വിദ്യാർത്ഥി–യുവജന സംഘടനകൾ തുടങ്ങിയവയിലൂടെ, രാഷ്ട്രീയ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടായിരുന്നു എന്നതും ഒരു വസ്തുതയാണ്.
അതുകൊണ്ടുതന്നെ, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം, ഒരിക്കലും, കേവലം തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രം അളക്കാൻ കഴിയുന്നതുമല്ല.

ഇടതുപക്ഷ രാഷ്‌ട്രീയം എന്നു പറയുന്നത്, കേരളത്തിന്റെ പൊതുബോധത്തിലും രാഷ്ട്രീയ ഭാഷയിലും പതിഞ്ഞുകിടക്കുന്നതാണ്. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിൻ്റെ കാര്യത്തിലും വലിയ ഇടപെടൽ നടത്തിയത് ഇടതുപക്ഷ സർക്കാറുകളാണ്. സ്ത്രീകളുടെ തൊഴിൽ അവകാശം, തുല്യത, പൊതുരംഗത്തെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഇടതുപക്ഷ സംഘടനകളാണ് നിരന്തരം ഉയർത്തിയത്.
പിന്നീട് കുടുംബശ്രീ പോലുള്ള വലിയ സ്ത്രീശാക്തീകരണ സംവിധാനങ്ങൾ കേരളത്തിൽ വളർന്നതും നാം കണ്ടതാണ്. സ്ത്രീകളുടെ സാമ്പത്തിക–സാമൂഹിക പങ്കാളിത്തത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന സംവിധാനമായി അത് ഇപ്പോഴും ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ സ്ത്രീസമത്വം ഇന്നും പൂർത്തിയായ കഥയല്ലെങ്കിലും, സ്ത്രീകൾ പൊതുരംഗത്ത് കൂടുതൽ ശക്തമായി ഇടപെടുന്ന സാമൂഹിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്ക് ഒരിക്കലും അവഗണിക്കാൻ കഴിയുകയില്ല.

ഇതൊക്കെ പറയുമ്പോൾ തന്നെ, ഇടതുപക്ഷത്തിന് എതിരെ ഉയർന്നു വന്ന വിമർശനങ്ങളെ കുറിച്ചും പറയാതിരിക്കാൻ കഴിയുകയില്ല. ഇടതുപക്ഷ രാഷ്‌ട്രീയത്തിൻ്റെ ചരിത്രപരമായ സംഭാവനകളെ അംഗീകരിക്കുക എന്നത് , ഒരു രാഷ്ട്രീയ പാർട്ടിയുടെയും എല്ലാ തീരുമാനങ്ങളെയും ന്യായീകരിക്കുക എന്നതല്ലന്നു കൂടി പറയാൻ ആഗ്രഹിക്കുകയാണ്.കേരളത്തിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും പല കാലഘട്ടങ്ങളിലും ഗുരുതരമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
രാഷ്ട്രീയ അക്രമം, യൂണിയനുകളുടെ അതിരുകടക്കൽ, വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ബാധിച്ചുവെന്ന ആരോപണം, പാർട്ടി സംവിധാനത്തിലെ അധികാര കേന്ദ്രീകരണം, ഭരണപരമായ വീഴ്ചകൾ, അഴിമതി ആരോപണങ്ങൾ, വികസന പദ്ധതികളെച്ചൊല്ലിയ വൈരുദ്ധ്യങ്ങൾ, തുടങ്ങിയവയെല്ലാം, കേരളത്തിന്റെ രാഷ്ട്രീയ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നിട്ടുണ്ട്.
അത്തരം വിമർശനങ്ങളും തീർച്ചയായും പരിശോധിക്കപ്പെടണം. കാരണം ചരിത്രത്തെ വിലയിരുത്തേണ്ടത് ആരാധനയിലൂടെയോ വിദ്വേഷത്തിലൂടെയോ അല്ല, വസ്തുതകളിലൂടെ ആയിരിക്കണം. തെറ്റ് തിരുത്തുന്നതിനുള്ള ശ്രമങ്ങൾ ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സി.പി.എം, ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. അതെന്തായാലും സ്വാഗതാർഹമായ കാര്യം തന്നെയാണ്. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്ന് പറയുന്നതു പോലെ, ഇടതുപക്ഷം ഉള്ളപ്പോൾ അവരുടെ വില നമ്മളാരും അറിയില്ല. അവർ ഇല്ലാതാകുന്ന ഒരു സാഹചര്യത്തിൽ മാത്രമേ, ആ വില അറിയുകയൊള്ളൂ. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത്, കേരളത്തെ തന്നെ, കഴുകൻമാർക്ക് കൊത്തിപ്പറിക്കുന്നതിന് ഇട്ടു കൊടുക്കുന്നതിന് തുല്യമായിരിക്കും എന്നതുകൂടി ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല. ഈ യാഥാർത്ഥ്യം, ഇടതുപക്ഷത്തെ ഇപ്പോൾ കൊത്തിപ്പറിക്കുന്നവരും തിരിച്ചറിയുന്നത് നല്ലതായിരിക്കും.
EXPRESS VIEW
വീഡിയോ കാണാം…






