മഹാരാജാസിലെ എസ് എഫ് ഐക്കാരെ സസ്‌പെൻഡ് ചെയ്തവർ സ്പീക്കറുടെ ഈ പ്രതികരണവും കേൾക്കണം

ഇഎംഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം തടസ്സപ്പെടുത്തിയ കെ എസ് യു നേതാക്കളെ പൊലീസ് പിടിച്ച് കൊണ്ട് പോയപ്പോൾ ഇടപെട്ട് വിടുതൽ നൽകിയത് വിഡി സതീശൻ സർക്കാർ ഓർക്കണം

മഹാരാജാസിലെ എസ് എഫ് ഐക്കാരെ സസ്‌പെൻഡ് ചെയ്തവർ സ്പീക്കറുടെ ഈ പ്രതികരണവും കേൾക്കണം
മഹാരാജാസിലെ എസ് എഫ് ഐക്കാരെ സസ്‌പെൻഡ് ചെയ്തവർ സ്പീക്കറുടെ ഈ പ്രതികരണവും കേൾക്കണം

ഈ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന് എതിരെ ശബ്‌ദമുയർത്തുന്ന ആളാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ അദ്ദേഹത്തിൻ്റെ പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് ഒരു മന്ത്രിയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ചോദിച്ചതിന് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കേസെടുത്തിരിക്കുന്നത്. ഭരണപക്ഷത്തിൻ്റെ ഇടപെടലിൽ കോളേജ് യൂണിയൻ ഭാരവാഹികളെ ഉൾപ്പെടെയാണ് സസ്‌പെൻഡും ചെയ്തിരിക്കുന്നത്. ഇതെന്ത് ഏർപ്പാടാണ് എന്നതിന് ഇനി രാഹുൽ ഗാന്ധിയും മറുപടി പറയേണ്ടതുണ്ട്. പൊതുപരിപാടികൾ തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള വകുപ്പുകൾ പ്രകാരമാണ് വിദ്യാർത്ഥികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് അച്ചടക്ക നടപടി നേരിടുകയും സസ്പെൻഷനിലാവുകയും ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും, ഈ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി തുടരുന്നതിൽ പ്രതിഷേധിച്ചാണ് മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ എസ് എഫ് ഐ പ്രവർത്തകർ ഉന്നത വിദ്യാഭ്യാസ മന്ത്രികൂടിയായ റോജി എം ജോണിനെതിരെ പ്രതിഷേധിച്ചിരുന്നത്. ഇത്തരം പ്രതിഷേധങ്ങൾ കേരളത്തിന് പുതുമയുള്ള കാര്യമല്ലാതിരുന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചത് മന്ത്രിയുടെ അറിവോടെ തന്നെ ആയിരിക്കുമെന്നാണ് കരുതേണ്ടത്. ഇത് പ്രതികരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ് എന്നതിൽ സംശയം വേണ്ട.

ഡൽഹിയിൽ മോദി സർക്കാർ ചെയ്യുന്നതിൻ്റെ മറ്റൊരു രൂപമായേ ഈ നടപടികളെയും വിലയിരുത്താൻ കഴിയുകയുള്ളൂ. ഉന്നത വിദ്യാഭ്യാസ മേഖലയെ ചൊൽപ്പിടിയിലാക്കാൻ ചാൻസലർ കൂടിയായ ഗവർണ്ണറെ ഉപയോഗിച്ച് വലിയ രൂപത്തിലുള്ള ഇടപെടലുകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. അതിന് കുട പിടിക്കുന്ന ഏർപ്പാടാണ് സതീശൻ സർക്കാറും ഇവിടെ ചെയ്യുന്നത് എന്ന വിമർശനവും പരക്കെയുണ്ട്. എസ് എഫ് ഐക്കാരുടെ പിന്നാലെ കൂടുന്ന എം എസ് എഫ് നേതൃത്വവും മുസ്ലിംലീഗും ഇക്കാര്യത്തിലും അഭിപ്രായം പറയേണ്ടതുണ്ട്. യുഡിഎഫ് അണികൾ തന്നെ അത്തരം ഒരു മറുപടി അവരിൽ നിന്നും പ്രതീക്ഷിക്കുന്നുമുണ്ട്. കാര്യം എന്തായാലും എസ് എഫ് ഐ പ്രവർത്തകർ മന്ത്രിക്ക് എതിരെ പ്രതിഷേധിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രതികരണം ഇപ്പോൾ വൈറലായിട്ടുണ്ട്. അത് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേതാണ്.

സി.പി.എം നേതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് കേരളം ഭരിച്ചിരുന്ന കാലത്ത് വിദ്യാർത്ഥി പ്രക്ഷോഭകരോട് എങ്ങനെയാണ് അദ്ദേഹം പെരുമാറിയത് എന്നതാണ് അക്കാലത്ത് വിദ്യാർത്ഥി നേതാവായിരുന്ന തിരുവഞ്ചൂർ തുറന്ന് പറഞ്ഞിരിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ചവർ ഇതും കേൾക്കണം. നിങ്ങൾക്കുള്ള ഒരു മറുപടി കൂടിയാണ് നിങ്ങളുടെ നേതാവ് തന്നെ ഇവിടെ നൽകിയിരിക്കുന്നത്. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ വെച്ചുണ്ടായ ഒരു സംഭവമാണ് അദ്ദേഹം ഇപ്പോൾ വിവരിച്ചിരിക്കുന്നത്.

യൂത്ത് ഫെസ്റ്റിവലിന്റെ തലേദിവസം അഞ്ചൽ കോളേജിൽ വെടിവെപ്പുണ്ടായിരുന്നു. തുടർന്ന് അന്നത്തെ ജില്ലാ കെ എസ് യു പ്രസിഡന്റായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പ്രവർത്തകർ ചേർന്ന് യൂത്ത് ഫെസ്റ്റിവലിൽ ഇഎംഎസ് പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ അപ്രതീക്ഷിതമായി പ്രതിഷേധം നടത്തുകയാണുണ്ടായത്. ഒടുവിൽ മുഖ്യമന്ത്രിക്ക് പ്രസംഗം അവസാനിപ്പിച്ച് വേദി വിടേണ്ട സാഹചര്യവും അന്നുണ്ടായിരുന്നു. പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെടുകയും തിരുവഞ്ചൂർ ഉൾപ്പെടെയുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ യാതൊരു കേസും എടുക്കരുതെന്നും അവരെ എല്ലാവരെയും ഉടൻ വിട്ടയക്കണമെന്നുമാണ് ഇഎംഎസ് പോലീസിന് നിർദേശം നൽകിയിരുന്നത്. മാത്രമല്ല, വിദ്യാർഥികളുയർത്തിയ വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനായി പി.എസ്. ശ്രീനിവാസനെ ഇഎംഎസ് തന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം കെ എസ് യു നേതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയാണുണ്ടായത്.

ഇത്തരം ഒരു വലിയ പ്രതിഷേധമുണ്ടാകുമ്പോൾ പ്രതീക്ഷിക്കുന്ന പ്രതികരണങ്ങൾക്ക് വിപരീതമായി ഇഎംഎസ് കാണിച്ച ഈ സമീപനം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുറന്നു പറഞ്ഞിരിക്കുന്നത്. മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രതിഷേധത്തെ മഹാ വിഷയമാക്കി കേസെടുപ്പിച്ചവർക്കും മന്ത്രി റോജി എം ജോണിനും മുഖ്യമന്ത്രി വിഡി സതീശനും എല്ലാം ഉള്ള ഒരു മാസ് മറുപടിയായാണ് ഈ പ്രതികരണത്തെ രാഷ്ട്രീയ കേരളവും നോക്കി കാണുന്നത്.

EXPRESS VIEW

Share Email
Top