കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണം; ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്

കോസ്‌മെറ്റിക്ക് സര്‍ജറിക്ക് വിധേയരായവര്‍ പാസ്‌പോര്‍ട്ടില്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശവുമായി ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പ്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാന്‍ ആണ് നിര്‍ദേശം. സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തില്‍ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ജിഡിആര്‍എഫ്എ പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. പാസ്‌പോര്‍ട്ട് ലഭിച്ചതിന്‌ശേഷം മൂക്ക്, കവിള്‍, താടി എന്നിവയുടെ ആകൃതിയിലുള്ള അടിസ്ഥാന മാറ്റങ്ങള്‍ വരുത്തുന്നവര്‍ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം എന്നാണ് പുതിയ ഉത്തരവ്.

ഇത്തരക്കാര്‍ തങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ ഉടന്‍ തന്നെ പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുളള ഫോട്ടോയാണ് നല്‍കേണ്ടത്. നേരത്തെ എമിഗ്രേഷന്‍ സിസ്റ്റത്തില്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നത് വരെ ഇത്തരത്തില്‍ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനക്കായി മാറ്റിനിര്‍ത്തേണ്ടി വന്നതിനാല്‍ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തിരുന്നു.

ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ജി ഡി ആര്‍ എഫ് എ യുടെ ഭാഗത്തില്‍ നിന്ന് ഇത്തരമൊരു അറിയിപ്പ്. കൃത്രിമ യാത്രാരേഖകളുമായി ദുബായിലെത്തുന്നവരെ പിടികൂടാനും പുതിയ തീരുമാനം ഉപകാരപ്പെടുമെന്നും അധികൃതര്‍ വ്യക്തമക്കി. 2024 വര്‍ഷത്തെ ആദ്യ മൂന്നുമാസത്തിനുള്ളില്‍ 366 കൃത്രിമ യാത്രാ രേഖകളാണ് പിടികൂടിയതെന്ന് വകുപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Top