ഐപിഎല്ലിന്റെ 18-ാം പതിപ്പിന് രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 17 വർഷങ്ങളിൽ നിരവധി താരങ്ങളാണ് ഐപിഎല്ലിൽ റൺവേട്ട നടത്തിയത്. ഇതിൽ ഓപണിങ് പൊസിഷനിൽ മികവ് പുലർത്തിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാനാണ് ഐപിഎൽ ഓപണറായി റൺവേട്ട നടത്തിയവരുടെ പട്ടികയിൽ ഒന്നാമൻ.
ശിഖർ ധവാൻ ഡെക്കാൻ ചാർജേഴ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ ആകെ 6,362 റൺസാണ് ധവാൻ നേടിയത്. ഓസ്ട്രേലിയൻ മുൻ ഇതിഹാസം ഡേവിഡ് വാർണറാണ് റൺവേട്ട നടത്തിയ ഓപണർമാരുടെ പട്ടികയിൽ രണ്ടാമൻ. 5,910 റൺസാണ് വാർണർ ഐപിഎല്ലിൽ അടിച്ചെടുത്തത്.
Also Read: ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടം ആഘോഷിക്കാം; ഇന്ത്യൻ ടീമിന് 58 കോടി പ്രഖ്യാപിച്ചു
ഐപിഎൽ ചരിത്രത്തിലെ മികച്ച ഓപണർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ക്രിസ് ഗെയ്ൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ ടീമുകൾക്കായി കളിച്ച ഗെയ്ൽ 4,480 റൺസ് നേടിയിട്ടുണ്ട്.
വിരാട് കോഹ്‍ലി ഐപിഎല്ലിൽ ഏറെക്കാലമായി ഓപണർ ആയിട്ടാണ് ഇറങ്ങുന്നത്. 4,352 റൺസ് ഓപണറായി മാത്രം കോഹ്‍ലി നേടിയിട്ടുണ്ട്. ഇന്ത്യൻ നിരയിൽ വ്യത്യസ്ത റോളുകൾ ചെയ്യുന്ന കെ എൽ രാഹുൽ ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങളിലും ഓപണറുടെ റോളിലാണ് എത്തിയത്. റോയൽ ചലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കായി രാഹുൽ കളിച്ചു. 4,183 റൺസ് രാഹുൽ ഓപണറായി അടിച്ചെടുത്തു.