വള്ളിക്കുന്ന്: ജാതിയും മതവും പറഞ്ഞ് വിഭജിക്കാൻ വരുന്നവരെ നാട്ടിൻപുറങ്ങളിൽ ചെറുക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. പരസ്പരം സ്‌നേഹിച്ചും പങ്കുവെച്ചും കഴിഞ്ഞ മതേതര സംസ്‌ക്കാരമാണ് നമ്മുടേത്. വെറുക്കാൻ പഠിപ്പിക്കുന്ന വർഗീയതയെ ചെറുക്കാൻ ജനകീയ കൂട്ടായ്മകൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
മാരാത്തയിൽ ബേബിരാജ് മെമ്മോറിയൽ ട്രസ്റ്റിന്റെ അനുസ്മരണവും പുരസ്‌ക്കാരദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരിക്കെ മരണപ്പെട്ട ബേബിരാജിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ബേബിരാജ് സ്മാരക പുരസ്‌ക്കാരം വേങ്ങര സഹകരണ റൂറൽ ബാങ്കിന് ആര്യാടൻ ഷൗക്കത്ത് സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസറും സെക്രട്ടറി എം. ഹമീദും ഏറ്റുവാങ്ങി.
Also Read: ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം: മുഖ്യമന്ത്രി
ഗാന്ധിയൻ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച നേതാവായിരുന്നു ബേബിരാജെന്ന് അദ്ദേഹം ഓർമിച്ചു. നിർധനരായ രോഗികൾക്ക് ട്രസ്റ്റിന്റെ ധനസഹായ വിതരണവും വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലെ ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം മോഹൻദാസ് അധ്യക്ഷം വഹിച്ചു. വൈദ്യുത ബോർഡ് മുൻ സ്പെഷ്യൽ ഓഫീസർ(റവന്യൂ) കെ.പി മുരളീധരൻ ബേബിരാജ് അനുസ്മരണം നടത്തി. സെക്രട്ടറി ബാബു പാലാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ അച്യുതൻ, ശ്രീധരൻ ചെറുവണ്ണൂർ, കെ.ഹരീഷ്‌കുമാർ, കെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു. വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചീനിയർ പി.വി സുപ്രിയ, അസിസ്റ്റന്റ് എഞ്ചിനീയർ പി രാജഗോപാലൻ എന്നിവർ വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ്സും ഉപഭോക്താക്കളുടെ സംശയ ദൂരീകരണവും നടത്തി.