ഇടുക്കി: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ബിജുവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന പോലീസ് നിഗമനം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ ശരിവയ്ക്കപ്പെട്ടു.
തലച്ചോറിനേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിജുവിന്റെ വലത് കൈയ്യിൽ മുറിവുണ്ടായിരുന്നു. അത് എപ്പോഴാണ് സംഭവിച്ചതെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ബിജുവിനെ ആക്രമിച്ച സ്ഥലത്തുനിന്ന് പെപ്പർ സ്പ്രേയും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. ബിജുവിന്റെ മൃതദേഹം കുഴിച്ചിടാൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി.
Also Read: യതീഷ് ചന്ദ്ര വീണ്ടും മാസായി, തെറിച്ചത് ഗ്രേഡ് എസ് ഐയുടെ തൊപ്പി
ജോമോന്റെ ഉടമസ്ഥതയിലുള്ള കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.മൂന്ന് ദിവസത്തെ ആസൂത്രണത്തിനൊടുവിലാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 19-ന് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമെങ്കിലും അത് പാളിയതിനെ തുടർന്ന് 20-ന് പുലർച്ചെ നടപ്പാക്കുകയായിരുന്നു. ദിവസങ്ങളോളം കോലാനിയിലെ വീടിനും പരിസരത്തും പ്രതികൾ ബിജുവിനെ നിരീക്ഷിച്ചിരുന്നു.
പുലർച്ചെ 4 മണിക്ക് അലാറം വെച്ച് ഉണർന്നാണ് രാവിലെ ബിജുവിനെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയത്. ബിജുവിനും കുടുംബത്തിനും നേരത്തെ ഭീഷണിയുണ്ടായിരുന്നെന്ന് സഹോദരൻ എം.ജെ. ജോസ് പറഞ്ഞു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്കാരം നടക്കും.