ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറന്നില്ലങ്കിൽ സുരേന്ദ്രൻ തെറിക്കും, എം.ടി രമേശിന് സാധ്യത തെളിയും

ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറന്നില്ലങ്കിൽ സുരേന്ദ്രൻ തെറിക്കും, എം.ടി രമേശിന് സാധ്യത തെളിയും

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിയേറ്റാൽ ബി.ജെ.പി നേതൃത്വത്തിലും വൻ പൊളിച്ചെഴുത്ത് നടക്കും. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നത്. ഇതിൽ ഒന്നെങ്കിലും നേടാൻ കഴിഞ്ഞില്ലങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ നാണക്കേടാകും. സുരേഷ് ഗോപിയുടെ വിജയം മുൻ നിർത്തി നിരവധി തവണയാണ് തൃശൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നത്. ഒടുവിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. രാജ്യത്തെ മറ്റൊരു വിവാഹ ചടങ്ങലും മോദിയെ ഈ രൂപത്തിൽ ആ പാർട്ടിയുടെ നേതാക്കൾ പോലും കണ്ടിട്ടില്ല. ഇതെല്ലാം തന്നെ തൃശൂർ പിടിക്കാൻ വേണ്ടി മോദി ക്യാംപ് തയ്യാറാക്കിയ തിരക്കഥയായിരുന്നു.

തൃശൂരിലാണ് ഇത്തവണ ബിജെപി കൂടുതലായും വിജയ സാധ്യത കാണുന്നതെങ്കിലും തിരുവനന്തപുരത്തും അവർക്ക് പ്രതീക്ഷ ഏറെയാണ്. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ പന്ന്യൻ രവീന്ദ്രൻ കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അതിൽ നല്ലൊരു വിഭാഗവും ശശി തരൂരിന്റെ പെട്ടിയിൽ നിന്നാവുമെന്നാണ് കരുതുന്നത്. അങ്ങനെ ത്രികോണ പോരിൽ, രാജീവ് ചന്ദ്രശേഖറിന് രക്ഷപ്പെടാമെന്നതാണ് കണക്കു കൂട്ടൽ. തൃശൂരിലാകട്ടെ, തൃശൂർ പൂരവിവാദമാണ് ബിജെപിയുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഇവിടെ ബിജെപിയുടെ കണക്കിൽ കോൺഗ്രസ്സിന് മൂന്നാംസ്ഥാനമാണ് ഉള്ളത്. എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷവും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കാൻ പോകുന്നില്ലന്നു തന്നെയാണ് ഇടതുപക്ഷ നേതാക്കൾ തുറന്നടിച്ചിരിക്കുന്നത്.

കേരളത്തിൽ ബിജെപിക്ക് ഒരു എം.പിയെ വിജയിപ്പിക്കാൻ കഴിയുക എന്നത്, സംഘപരിവാർ സംഘടനകളുടെ നീണ്ടകാലത്തെ അഭിലാഷമാണ്. ആർഎസ്എസിന് രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകൾ ഉള്ള കേരളത്തിൽ ബി.ജെ.പി ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്നതിൽ ആർഎസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്. മോദിയേക്കാൾ നിരവധി തവണ കേരള സന്ദർശനം നടത്തിയതും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതാണ്.

ആർഎസ്എസിന് ഇത്രയും സ്വാധീനം ഉണ്ടായിട്ടും എന്തു കൊണ്ടാണ് ഒരു എം.പിയെ പോലും സൃഷ്ടിക്കാൻ കഴിയാതിരിക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെയും തൃപ്തികരമായ ഒരു മറുപടി നൽകാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. നിയമസഭയിൽ ഉണ്ടായിരുന്ന ഏക അക്കൗണ്ട് 2021-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പൂട്ടിച്ചതും ദേശീയ നേതൃത്വത്തിന് മുന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇമേജ് തകർത്ത സംഭവമാണ്. ഈ ഒരു സാഹചര്യത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽകൂടി തിരിച്ചടി നേരിട്ടാൽ കെ.സുരേന്ദ്രൻ ഉൾപ്പെടെ പല
നേതാക്കൾക്കും സ്ഥാനം നഷ്ടമാകാനാണ് സാധ്യത.

സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും തുടരണമെന്ന ആഗ്രഹമാണ് സുരേന്ദ്രനുള്ളത്. അതല്ലെങ്കിൽ ദേശീയ തലത്തിൽ ഉയർന്ന ഒരു പദവിയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. തിരിച്ചടി നേരിട്ടാൽ ഈ പ്രതീക്ഷകൾക്കു മേലാണ് കരിനിഴൽ വീഴുക.

ലോകസഭ തിരഞ്ഞെടുപ്പോടെ കെ സുരേന്ദ്രനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ കഴിയുമെന്നാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിർചേരി കരുതുന്നത്. എം.ടി രമേശിനാണ് ഈ വിഭാഗത്തിന്റെ പിന്തുണയുള്ളത്. ശോഭ സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന നിലപാടുള്ളവരും ബിജെപി നേതൃത്വത്തിലുണ്ട്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വൻ തോതിൽ വോട്ടുകൾ നേടിയാൽ അവർക്കായുള്ള ചരടുവലിയും ബിജെപിയിൽ ശക്തമാകും.

ലോകസഭ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും ലഭിക്കാതിരിക്കുകയും സംസ്ഥാന അദ്ധ്യക്ഷ പദവി നഷ്ടമാകുകയും ചെയ്താൽ അത് കെ.സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിനു തന്നെ വലിയ ഭീഷണിയായി മാറും. ഈ അവസരം പി.കെ കൃഷ്ണദാസ് പക്ഷം ശരിക്കും ഉപയോഗപ്പെടുത്തുക കൂടി ചെയ്താൽ സുരേന്ദ്രന്റെ ഒപ്പം നിൽക്കുന്നവരുടെ കാര്യവും പരുങ്ങലിലാകും. എം.ടി രമേശും ശോഭാ സുരേന്ദ്രനും പി.കെ കൃഷ്ണദാസ് വിഭാഗത്തിന് വേണ്ടപ്പെട്ട നേതാക്കളാണ്. സമീപകാല വിവാദങ്ങൾ ശോഭ സുരേന്ദ്രന് തിരിച്ചടിയാണെങ്കിലും ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ആ ഇമേജൊക്കെ പോയി കേന്ദ്ര നേതൃത്വത്തിനും വേണ്ടപ്പെട്ട നേതാവായി ശോഭ സുരേന്ദ്രൻ മാറുമെന്നാണ് കൃഷ്ണദാസ് പക്ഷം കരുതുന്നത്.

അതേസമയം, 2019 – നെ അപേക്ഷിച്ച് ഇത്തവണ ബി.ജെ.പിയുടെ വോട്ട് ഷെയർ സംസ്ഥാനത്ത് പരക്കെ കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശബരിമല വിഷയം കത്തി നിന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും വൻ വോട്ട് വർദ്ധനവാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ അത്തരം ഒരു വിഷയവും ഇല്ലാത്തതിനാൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ പോലും വലിയ തിരിച്ചടി ബിജെപിക്ക് ഉണ്ടാകുമെന്നാണ് പ്രവചനം. അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വവും ഇവിടെ ബിജെപി വോട്ടുകളെ തന്നെ ബിജെപിയ്ക്ക് എതിരാക്കി മാറ്റിയിട്ടുണ്ട്.

ദേശീയ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്ക് എതിരെ വയനാട്ടിൽ മത്സരിച്ച കെ.സുരേന്ദ്രന് ലഭിക്കുന്ന വോട്ടുകളും ആലപ്പുഴയിൽ ശോഭ സുരേന്ദ്രന് ലഭിക്കുന്ന വോട്ടുകളും മുൻനിർത്തിയുള്ള താരതമ്യവും വോട്ടെടുപ്പ് കഴിഞ്ഞാൽ തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്. ശോഭ നേടിയതിനേക്കാൾ കുറവ് വോട്ടാണ് സുരേന്ദ്രന് ലഭിക്കുന്നതെങ്കിൽ അതും അദ്ദേഹത്തിന് മാനക്കേടാകും. അതാകട്ടെ വ്യക്തവുമാണ്.

EXPRESS KERALA VIEW

Top