‘ഇതാണ് പിണറായിസം, ഞാനൊരു ഫാനാണ്’; മുഖ്യമന്ത്രിയെ പിന്തുണച്ച് സി. ഷുക്കൂർ, അടൂർ പ്രകാശിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനം

സ്ത്രീകൾ പരാതിക്കാരായെത്തുന്ന കേസുകളിലെ നിലപാടുകളാണ് പിണറായിസം എന്നും, താനൊരു പിണറായി ഫാൻ ആകാനുള്ള കാരണം ഇതൊക്കെയാണെന്നും പറഞ്ഞുകൊണ്ടാണ് സി. ഷുക്കൂർ പോസ്റ്റ് അവസാനിപ്പിക്കുന്നത്

‘ഇതാണ് പിണറായിസം, ഞാനൊരു ഫാനാണ്’; മുഖ്യമന്ത്രിയെ പിന്തുണച്ച് സി. ഷുക്കൂർ, അടൂർ പ്രകാശിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനം
‘ഇതാണ് പിണറായിസം, ഞാനൊരു ഫാനാണ്’; മുഖ്യമന്ത്രിയെ പിന്തുണച്ച് സി. ഷുക്കൂർ, അടൂർ പ്രകാശിന്റെ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനം

കാസർകോട്: നടി ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി അഭിഭാഷകനും സിനിമാതാരവുമായ സി. ഷുക്കൂർ. “നിങ്ങൾ എന്തുകൊണ്ടാണ് ഒരു പിണറായി ഫാൻ ആകുന്നത്?” എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചത്.

“ആ മനുഷ്യൻ ഈ നാട്ടിലെ അരുകു വൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ആകുന്ന ആളാണ്. ഉത്തരം വളരെ സിംപിളാണ്,” എന്ന് പറഞ്ഞുകൊണ്ടാണ് ഷുക്കൂർ വക്കീൽ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് സ്വീകരിച്ച നിലപാടിനെ അദ്ദേഹം വിമർശിച്ചു. “ഇന്നു രാവിലെ മുതൽ മീഡിയയിൽ വരുന്ന വലിയ വാർത്ത യു.ഡി.എഫ്. കൺവീനറുടെ ദിലീപ് ഫാൻ സപ്പോർട്ടാണ്, മൂപ്പരുടെ ഭാഷ ദിലീപ് പറയുന്നതിന്റെ ആവർത്തനമാണ്,” ഷുക്കൂർ വിമർശിച്ചു. അടൂർ പ്രകാശ് പാലക്കാട്ടെ എം.എൽ.എയുടെ വിഷയത്തിലും ഇതേ സമീപനമാണ് സ്വീകരിച്ചതെന്നും ഇത് സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസുകളിലെ വലതുപക്ഷ നിലപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ‘മനുഷ്യത്വം വേണം’: അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ.കെ. ശൈലജ; ശക്തമായ വിമർശനം

പി.ടി. കുഞ്ഞുമുഹമ്മദിന്റെ കേസ് ഉദാഹരണം

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ഷുക്കൂർ മുഖ്യമന്ത്രിയെ പിന്തുണച്ചത്. പ്രമുഖ ഇടതുപക്ഷ മുഖവും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഒരു വനിതാ സിനിമാ പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

“പിണറായി സഖാവ്, സ്ത്രീയുടെ വാക്കുകൾ വിശ്വസിച്ച്, ആ പരാതി പോലീസിലേക്ക് കൈമാറുന്നു. നിയമം യാതൊരു ദാക്ഷിണ്യവും കാണിക്കാതെ പി.ടി.ക്കെതിരെ കേസെടുക്കുന്നു. ഇന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുമെന്നും വാർത്ത വരുന്നു,” അദ്ദേഹം വിശദീകരിച്ചു.

‘ഇതാണ് പിണറായിസം’

“സംസ്ഥാനം ഭരിക്കുന്നത് അടൂർ പ്രകാശ് ആണെങ്കിൽ, അയാൾക്ക് സ്വാധീനമുള്ള മുന്നണിയാണെങ്കിൽ, ഇത്തരം ഒരു പരാതിയിൽ എന്തു നിലപാടുകൾ ആയിരിക്കും സ്വീകരിക്കുക?” എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾ പരാതിക്കാരായെത്തുന്ന കേസുകളിലെ നിലപാടുകളാണ് പിണറായിസം എന്നും, താനൊരു പിണറായി ഫാൻ ആകാനുള്ള കാരണം ഇതൊക്കെയാണെന്നും പറഞ്ഞുകൊണ്ടാണ് സി. ഷുക്കൂർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share Email
Top