മന്ത്രിമാരുടെ കാര്യത്തില്‍ ആണെങ്കിലും മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലായാലും ഒന്നാം പിണറായി സര്‍ക്കാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ഒരു പരാജയമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അന്ധമായ പാര്‍ട്ടികൂറ് മാറ്റിവച്ച് ജനങ്ങളുടെ കണ്ണിലൂടെ നോക്കിയാല്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റാവുന്ന കാര്യമാണിത്. കോവിഡിനെയും പ്രളയത്തെയും ഉള്‍പ്പെടെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ കേരളത്തിന് കരുത്ത് നല്‍കിയ മുഖ്യമന്തി പിണറായി വിജയന് അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തില്‍ എന്തു സംഭവിച്ചു എന്നത് സി.പി.എം നേതൃത്വം ഗൗരവമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
ഇത്, പിണറായിയുടെ മാത്രം കുഴപ്പം കൊണ്ടു സംഭവിക്കുന്ന വീഴ്ചയല്ല, മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍, ഇടതുപക്ഷത്തിന് ആകെ വന്ന വീഴ്ച തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ മതിപ്പുള്ള എത്ര മന്ത്രിമാര്‍, രണ്ടാം പിണറായി സര്‍ക്കാരിലുണ്ട് എന്ന് ചോദിച്ചാല്‍ മൂന്നോ നാലോ മന്ത്രിമാരില്‍ മാത്രമായി ആ നമ്പര്‍ ഒതുങ്ങി പോകുമെന്നത് ഒരു വസ്തുത തന്നെയാണ്. മന്ത്രിസ്ഥാനത്ത് ഇരുത്താന്‍ യോഗ്യതയില്ലാത്ത നിരവധി പേര്‍ രണ്ടാം പിണറായി സര്‍ക്കാറിലുള്ളതാണ്, പ്രവര്‍ത്തന രംഗത്ത് പിന്നോട്ടടിക്കാന്‍ ഒരു പ്രധാന കാരണം.

ഒന്നാം പിണറായി സര്‍ക്കാര്‍ പോലെ, വളരെ ശക്തമായ ഒരു നേതൃത്വം നല്‍കുന്നതില്‍, ഈ ഘട്ടത്തില്‍ പിണറായി വിജയനും പരാജയപ്പെട്ടിട്ടുണ്ട്. അതും ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിയുകയില്ല. എല്ലാ മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഒരു വിശകലനത്തിലേക്ക്, തല്‍ക്കാലം ഇപ്പോള്‍ കടക്കുന്നില്ല. എന്നാല്‍, ചിലരുടെ കാര്യം ഈ ഘട്ടത്തില്‍ പറയാതിരിക്കാനും കഴിയുകയില്ല. വനം വകുപ്പിലെയും ആരോഗ്യവകുപ്പിലെയും കെടുകാര്യസ്ഥതമൂലം, വലിയ രൂപത്തിലുള്ള മാധ്യമ വേട്ടകള്‍ക്കാണ്, കഴിഞ്ഞ കുറേ മാസങ്ങളായി ഇടതുപക്ഷം ഇരയായി കൊണ്ടിരിക്കുന്നത്. അതിന്റെ കൂടി തിരിച്ചടിയാണ്, നിലമ്പൂരിലും ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആര്‍.എസ്.എസ് സഹകരണം സംബന്ധിച്ച പ്രസ്താവനയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുന്ന പുതിയ ഘട്ടത്തില്‍, മന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍ വാസവനുമാണ് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രതിസന്ധി സംബന്ധിച്ച്, ഡോ ഹാരിസ് ഉയര്‍ത്തിയ പ്രതിഷേധം കത്തിപ്പടര്‍ന്ന്… സര്‍ക്കാറിനെതിരായ വലിയ വികാരമായി മാറിയതിന് തൊട്ടു പിന്നാലെ തന്നെ, ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ദാരുണമായ ദുരന്തവും ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആരൊക്കെ നിഷേധിച്ചാലും, അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

03-07 -2025ന്, രാവിലെ 10.30-ന് തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കുടുങ്ങിക്കിടന്ന ബിന്ദുവിനെ പുറത്തെടുക്കുന്നത് ഒരുമണിയോടെയാണ് എന്നത് ഞെട്ടിക്കുന്ന അനാസ്ഥയാണ്. തിരച്ചില്‍ പോലും തുടങ്ങിയത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് അറിയുമ്പോഴാണ് നഷ്ടപ്പെടുത്തിയ സമയത്തിന് ജീവന്റെ വില നല്‍കേണ്ടി വന്നില്ലേ എന്ന ചോദ്യവും ഉയരുന്നത്. ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് മന്ത്രി വാസവനും വീണ ജോര്‍ജും ഉള്‍പ്പെടെ നല്‍കിയ വിശദീകരണവും ആ ഉറപ്പില്‍ ആദ്യഘട്ടത്തില്‍ ആരും പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതും ഈ ദുരന്തത്തിന് കാരണമായതായാണ്. ദൃക്‌സാഷികള്‍ പോലും ചൂണ്ടിക്കാട്ടുന്നത്.
രണ്ടര മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്ന ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സമയത്തിന് രക്ഷാപ്രവര്‍ത്തനം നടത്തി വൈദ്യസഹായം ലഭ്യമാക്കിയിരുന്നെങ്കില്‍ ഈ ജീവന്‍ ഒരുപക്ഷേ നഷ്ടപ്പെടില്ലായിരുന്നു. നിലവില്‍ ഉപയോഗത്തിലില്ലാത്ത ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാല്‍ പരിക്കുകളോടെ കണ്ടെത്തിയ മൂന്നുപേരൊഴികെ വേറെയാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു, ആദ്യമുണ്ടായിരുന്ന ധാരണ. ഇത് സംഭവസ്ഥലത്ത് എത്തിയ മന്ത്രിമാരും ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍, അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകള്‍ അറിയിച്ചതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയിരുന്നത്.

തുടര്‍ന്ന് 12.30-ഓടെയാണ് അവശിഷ്ടങ്ങള്‍ മാറ്റാനുള്ള ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് തിരച്ചില്‍ തുടങ്ങിയിരുന്നത്. തുടര്‍ന്ന്, ഒരുമണിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചിരുന്നത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിന്ദുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കാമായിരുന്ന വിലപ്പെട്ട രണ്ടുമണിക്കൂറാണ് ജാഗ്രതക്കുറവുമൂലം നഷ്ടമായിരിക്കുന്നത്. അപകടം നടന്ന അരമണിക്കൂറിനകം മന്ത്രി വി.എന്‍ വാസവനും വീണാ ജോര്‍ജും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്നതിനാല്‍, ഉത്തരവാദിത്വത്തില്‍ നിന്നും രണ്ട് മന്ത്രിമാര്‍ക്കും പിന്‍മാറാന്‍ കഴിയുകയില്ല.
സ്ഥലത്ത് എത്തിയ മന്ത്രിമാര്‍, ഇത് ഉപയോഗിക്കുന്ന കെട്ടിടമല്ലെന്നും കൂടുതല്‍ ആര്‍ക്കും അപകടത്തില്‍ അപായം സംഭവിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തിരുന്നത്. ഇതാണ് രക്ഷാദൗത്യം പോലും വൈകാന്‍ കാരണമായിരുന്നത്. പഴയ കെട്ടിടമായതിനാലും വാര്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നതിനാലും ആരും അവിടെ എത്താനിടയില്ലെന്ന നിഗമനത്തിലേക്ക് വളരെ വേഗം മന്ത്രിമാരും എത്തി ചേരുകയാണുണ്ടായത്. അപകടം നടന്ന സ്ഥലത്തുവെച്ചു പോലും ആരോഗ്യമേഖലയില്‍ പ്രകടമായ വികസനത്തേക്കുറിച്ച് വാചാലരാകാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും… സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നുമൊക്കെയുള്ള പച്ചക്കള്ളമാണ് മന്ത്രി തട്ടിവിട്ടത്. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റതെന്നു കൂടി മന്ത്രി വാസവന്‍ തട്ടിവിടുകയുണ്ടായി. സമാന അഭിപ്രായ പ്രകടനമാണ്, മന്ത്രി വീണാ ജോര്‍ജും മൊഴിഞ്ഞത്. ‘അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്നും ഇത് ആരും ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം.
Also Read: കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി എൻ വാസവൻ
കിഫ്ബിയില്‍ നിന്ന് അനുവദിച്ച പണം കൊണ്ട് നിര്‍മിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായെന്നും, പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പറയുന്ന വകുപ്പ് മന്ത്രി, എന്തു കൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം വൈകുന്നതെന്നതിനും മറുപടി പറയണം.
ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ വാതിലുകള്‍ അടച്ചിട്ട് അവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് വച്ചിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നതും, ഓര്‍ത്തു കൊളളണം. തകര്‍ന്നു വീണ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കാറുണ്ടെന്നും ഇതിനായി ആളുകള്‍ ഇവിടെവരാറുണ്ടെന്നുമാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ വാതിലുകള്‍ പൂട്ടിയിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടസാധ്യത സംബന്ധിച്ച, ഒരു മുന്നറിയിപ്പും ആരും തന്നെ നല്‍കിയിരുന്നില്ല എന്നതിനാല്‍ ഇതില്‍പരം മറ്റൊരു തെളിവിന്റെയും ആവശ്യമില്ല. മാത്രമല്ല, തകര്‍ന്ന് വീണ കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത് വാര്‍ഡുകളും അവിടെ രോഗികളും ഉണ്ടായിരുന്നു. അപകടശേഷമാണ് അവരെ ആ കെട്ടിടത്തില്‍ നിന്ന് മാറ്റാന്‍ ശ്രമമുണ്ടായതെന്നതും ഗൗരവം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതും തകര്‍ച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ പറ്റിയ വീഴ്ചയുമാണ് ദുരന്തത്തിന് കാരണമായിരിക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ പോലെ തന്നെ, ജില്ലയില്‍ നിന്നുള്ള മന്ത്രികൂടിയായ വി.എന്‍ വാസവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് രാഷ്ട്രീയ കക്ഷി ഭേദമന്യേ ജനങ്ങളും പറയുന്നത്. വിഴിഞ്ഞം പോര്‍ട്ട് എം.ഡിയായ ദിവ്യ എസ് അയ്യര്‍ക്ക് സോഷ്യല്‍ മീഡിയകളില്‍ റീല്‍സ് ഇടാന്‍ അനുമതി കൊടുക്കുന്ന മന്ത്രി വാസവന് മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണപ്പോള്‍ തിരച്ചിലിന് നിര്‍ദ്ദേശം നല്‍കാന്‍ മാത്രമാണോ മടിയുള്ളതെന്ന ചോദ്യവും, സോഷ്യല്‍ മീഡിയകളില്‍ നിന്നും ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
Express View
വീഡിയോ കാണാം