വാഷിങ്ടണ്‍: മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ അമേരിക്ക ഉപയോഗിച്ചത്. ആണവായുധമല്ലാത്ത ഏറ്റവും മാരകമായ ബോംബുകളിലൊന്നായ, എം.ഒ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കാനുള്ള ശേഷി അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബറായ ബി-2 സ്പിരിറ്റ് എന്ന യുദ്ധവിമാനത്തിന് മാത്രമേയുള്ളൂ. എന്നാല്‍ അതുമാത്രമല്ല ഈ യുദ്ധവിമാനത്തിന്റെ സവിശേഷതകള്‍.
ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് അമേരിക്ക ഉപയോഗിച്ച ബി-2 സ്പിരിറ്റ് എന്ന ബോംബര്‍ വിമാനത്തിനെ തിരിച്ചറിയാനുള്ള ശേഷി നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കുമില്ല എന്നതാണ് സത്യം. റഡാര്‍ നിരീക്ഷണത്തെ കബളിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ആകാരവുമുള്‍പ്പെടെയുള്ള സ്റ്റെല്‍ത്ത് സവിശേഷതകള്‍. എന്നാല്‍ അതുമാത്രമല്ല ഈ വിമാനത്തിലുള്ളത്. ഏത് ഭൂഖണ്ഡങ്ങളിലും ചെന്ന് ആക്രമണം നടത്താനുള്ള ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില യുദ്ധവിമാനങ്ങളിലൊന്നാണ് ബി-2 സ്പിരിറ്റ്.
Also Read: നാടുകടത്തല്‍; അമേരിക്കന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള വിധി ട്രംപിന് അനുകൂലം
അതുകൊണ്ട് തന്നെ ദൗത്യത്തിന് പോകുമ്പോള്‍ ഇതിലെ പൈലറ്റുമാര്‍ക്ക് മണിക്കൂറുകള്‍ വിമാനത്തില്‍ ചെലവഴിക്കേണ്ടിവരും. അതുകൊണ്ടുതന്നെ അത്യാവശ്യം വേണ്ട സൗകര്യങ്ങളും ഇതിലുണ്ട്. മൈക്രോവേവ് അവനുകള്‍, റെസ്റ്റ്റൂമുകള്‍, റെഫ്രിജറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഈ വിമാനത്തിനുള്ളിലുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ഇറാനിലെ ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികം തവണ ഇന്ധനം നിറച്ചു.
ഇത്തരം ദൈര്‍ഘ്യമേറിയ യാത്രകളിലുടനീളം ജീവനക്കാര്‍ക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തുന്നതിനായി ഈ ഹൈടെക് ബോംബറുകളുടെ കോക്ക്പിറ്റുകളില്‍ മൈക്രോവേവ് അവനും ചെറിയ ഫ്രിഡ്ജും സജ്ജീകരിച്ചിരിക്കുന്നു. ഒരു പൈലറ്റ് വിമാനം നിയന്ത്രിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് വിശ്രമിക്കുന്നതിനും കിടക്കുന്നതിനും സ്ഥലവും വിമാനത്തിലുണ്ട്. കൂടാതെ, ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത മറ്റ് വിമാനങ്ങളെപ്പോലെ, ബി-2 സ്പിരിറ്റില്‍ ഒരു ടോയ്ലറ്റും ഉള്‍പ്പെടുന്നു. 200 കോടി ഡോളറിലധികം വില വരുന്നതാണ് ഓരോ ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനവും. അമേരിക്കൻ എയര്‍ഫോഴ്‌സിന് നിലവില്‍ 19 ബി-2 ബോംബര്‍ വിമാനങ്ങളാണുള്ളത്. 1997-ലാണ് ബി-2വിനെ അമേരിക്ക ആദ്യമായി ഉപയോഗിക്കുന്നത്. 2008ല്‍ ഒരു അപകടത്തില്‍ അമേരിക്കയ്ക്ക് ഒരു ബി-2 വിമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.