സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മെഗാസ്റ്റാർ മമ്മൂട്ടി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പ്രകടനത്തിനായിരുന്നു മമ്മൂട്ടിക്ക് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം.
അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ, ഈ അംഗീകാരം വിനയപൂർവ്വം തൻ്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. “കൊടുമൺ പോറ്റിയെ വളരെയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം സമർപ്പിക്കുന്നു,” അദ്ദേഹം കുറിച്ചു. കൂടാതെ, ‘ഭ്രമയുഗം’ പോലൊരു സിനിമ തനിക്ക് സമ്മാനിച്ച ടീമിനോടും അദ്ദേഹം നന്ദി അറിയിച്ചു. പുരസ്‌കാര നേട്ടം സ്വന്തമാക്കിയ ഷംല ഹംസ, സൗബിൻ ഷാഹിർ, ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധാർഥ് ഭരതൻ, ജ്യോതിർമയി, ദർശന, ചിദംബരം തുടങ്ങീ എല്ലാവർക്കും മമ്മൂട്ടി ആശംസകൾ അറിയിക്കുകയും ചെയ്തു.
Also Read: സെൻസറിംഗ് കഴിഞ്ഞു; ഇന്നസെന്റ് സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്
താരപദവിയും പ്രതിച്ഛായായും മറന്ന്, ഉടലിനെ അഭിനയ പരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായക വേഷത്തിൻ്റെ പൂർണതയ്ക്കാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. “കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ച് കൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനാണ് പുരസ്കാരം,” എന്നായിരുന്നു ജൂറിയുടെ പരാമർശം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി ലഭിക്കുക.
‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്ക്കും, മികച്ച സംവിധായകനുമടക്കം പത്ത് പുരസ്‍കാരങ്ങൾ വാരിക്കൂട്ടി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിളങ്ങി നിന്നത്. മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം ‘കളങ്കാവൽ’ ആണ്. നവംബർ 27ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിലും വില്ലൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.











