മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്ന് അവസാനിക്കും

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്ന് അവസാനിക്കും

ഡല്‍ഹി: ലോക്‌സഭ മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 94 ലോക്‌സഭ മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധി എഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അയോധ്യ സന്ദര്‍ശിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 12 ഇടത്തെ 94 മണ്ഡലങ്ങളില്‍ വാശിയേറിയ പ്രചാരണമായിരുന്നു. കോണ്‍ഗ്രസിന് എതിരെ മുസ്ലിം പ്രീണനവും പാകിസ്ഥാന്‍ ബന്ധവും എല്ലാം പ്രധാനമന്ത്രിയും ബിജെപിയും പ്രചാരണമാക്കിയപ്പോള്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക അതിക്രമവും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലുമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ചര്‍ച്ചയാക്കിയത്.

ഗുജറാത്തിലെ മുഴുവന്‍ മണ്ഡലങ്ങളും കര്‍ണാടകയിലെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളും മൂന്നാം ഘട്ടത്തില്‍ വിധിയെഴുതും. മഹാരാഷ്ട്രയില്‍ 11, ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് മേയ് എഴില്‍ നിന്ന് മേയ് 25ലേക്ക് മാറ്റിയിട്ടുണ്ട്. ബിഎസ്പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച മധ്യപ്രദേശിലെ ബെറ്റുല സീറ്റിലെ തിരഞ്ഞെപ്പും മൂന്നാം ഘട്ടത്തില്‍ നടക്കും.

സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019ല്‍ 72 സീറ്റുകളിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു. 4 എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 94 ല്‍ ഇത്തവണയും 42 ഇടത്ത് ബിജെപി വിജയം സുനിശ്ചിതം എന്നാണ് വിലയിരുത്തല്‍. കര്‍ണാടക അടക്കമുള്ള ഇടങ്ങളില്‍ വന്‍ അട്ടിമറികള്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്കയിലുമാണ്.

Top