സ്നേഹം നടിച്ച് വശീകരിച്ച് ലൈംഗിക ലക്ഷ്യങ്ങൾ മാത്രം നേടുന്ന പുരുഷന്മാരുടെ സ്വഭാവരീതികളെക്കുറിച്ച് ‘ജേണൽ ഓഫ് ഇന്‍റര്‍പേഴ്‌സണൽ വയലൻസ്’ പുറത്തുവിട്ട പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കാനഡയിലും അമേരിക്കയിലുമായി 2,689 പുരുഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക കുറ്റവാളികളെയും പഠനവിധേയമാക്കിയിട്ടുണ്ട്.
താൽപ്പര്യമില്ലാത്ത സ്ത്രീകളെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേക്ക് നയിക്കാൻ ഇവർ ഉപയോഗിക്കുന്ന 36 തന്ത്രങ്ങളാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പ്രധാനമായും ഒമ്പത് തന്ത്രങ്ങളാണ് പുരുഷന്മാർ സാധാരണയായി ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും അധികം പേർ (78 ശതമാനം) ഉപയോഗിക്കുന്നത് സ്ത്രീകൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കുക എന്ന തന്ത്രമാണ്.
Also Read;നിശബ്ദനായ കൊലയാളി! ക്ഷീണവും പനിയും അവഗണിക്കാറുണ്ടോ? എങ്കിൽ അത് ബ്ലഡ് ക്യാൻസറിന്റെ ലക്ഷണമാകാം
ആവർത്തിച്ച് നേരിട്ടോ അല്ലാതെയോ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക (48 ശതമാനം), പൊതുസുഹൃത്തുക്കൾ വഴി ബന്ധം സ്ഥാപിച്ച് ലക്ഷ്യം നേടുക (46 ശതമാനം), തനിക്ക് മറ്റൊരു പെൺസുഹൃത്തുണ്ടെന്നും അവൾക്ക് തന്റെ സാമീപ്യം സുരക്ഷ നൽകാറുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുക (43.8 ശതമാനം) തുടങ്ങിയവയാണ് മറ്റ് പ്രധാന രീതികൾ.
ഇതുകൂടാതെ, സ്ത്രീകൾക്ക് താൽപ്പര്യമില്ലേ എന്ന് ചോദിക്കുക, അപരിചിതരായ സ്ത്രീകളെ സമീപിക്കുക, കൂട്ടുകാരുമായി പരിചയപ്പെടുത്തുക, സ്വകാര്യമായ ഇടങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ വിവിധ തന്ത്രങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. പണം, പദവി, പ്രായം എന്നിവ ഉപയോഗിക്കുക, നിരന്തരം സ്പർശിക്കുക, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുത്തുക തുടങ്ങി 36 വ്യത്യസ്ത രീതികളാണ് ഇവർ പ്രയോഗിക്കുന്നത്.
മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന് സ്വയം കരുതുന്നവരും, ഉയർന്ന സാമൂഹിക പദവിയുള്ളവരുമായ പുരുഷന്മാരാണ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ മൃഗീയമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇത്തരം പ്രവണതകളെക്കുറിച്ചുള്ള തിരിച്ചറിവ് സ്ത്രീകൾക്ക് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






