ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫിൻ്റെ സാധ്യത എത്രത്തോളമാണ്, ശ്രീലക്ഷ്മിയുടെ അഭിപ്രായം എന്താണ് ?
യു ഡി എഫിൻ്റെ പ്ലസ് പോയൻ്റായി ഞാൻ കാണുന്നത്, നീണ്ട 10 വർഷത്തെ ഇടതുപക്ഷത്തിൻ്റെ ഭരണമാണ്. ജനങ്ങൾക്ക് ശരിക്കും മടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ട് ചെയ്ത വിഭാഗങ്ങളിൽ പോലും നല്ലൊരു പങ്ക് ഇത്തവണ യു ഡി എഫിന് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്.
പിണറായി വിജയന് ഇവിടുത്തെ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചാർത്തി നൽകിയ വില്ലൻ പരിവേഷം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കാൻ പോകുന്നത്. കോൺഗ്രസ്സ് നേതാക്കൾക്കും ലീഗ് നേതാക്കൾക്കും എതിരെ എന്തൊക്കെ കുറവുകൾ ചൂണ്ടിക്കാട്ടാൻ ഉണ്ടെങ്കിലും, മാധ്യമങ്ങളോടും ജനങ്ങളോടുമുള്ള അവരുടെ പെരുമാറ്റം സൗമ്യമാണ്. എന്നാൽ, മുഖ്യമന്ത്രിയുടെയും മിക്ക മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും എല്ലാം പെരുമാറ്റം ധാർഷ്ട്യം കലർന്നതാണ്. ഒരു വനിതാ മന്ത്രിയുടെ പെരുമാറ്റം എങ്ങനെ ആയിരുന്നു എന്നത് നമ്മൾ കണ്ണൂരിൽ കണ്ടതല്ലേ ? മുഖ്യമന്ത്രി അടുത്തയിടെ നടത്തിയ ചില പരാമർശങ്ങളും, ജനങ്ങൾക്കിടയിൽ എതിർ വികാരം ഉണ്ടാക്കുന്നതാണ്. ദൃശ്യമാധ്യമങ്ങളുടെയും സോഷ്യൽ മീഡിയകളുടെയും ഈ പുതിയ കാലത്ത്, അതിന് യോജിച്ച തരത്തിലുള്ള പെരുമാറ്റമല്ല മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് എന്നത് പറയാതിരിക്കാൻ കഴിയുകയില്ല. ഒരുതരം ധാർഷ്ട്യം ഇവരുടെ ഒക്കെ പെരുമാറ്റത്തിൽ പലപ്പോഴും പുറത്ത് വരുന്നുണ്ട്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്.
എത്ര നന്നായി ഭരിച്ചാലും, നല്ല കാര്യങ്ങൾ ചെയ്താലും, പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ സാധാരണക്കാരെ സ്വാധീനിക്കുക ഇതൊക്കെ ആണ് എന്നത് ഇടതുപക്ഷ നേതാക്കൾ മനസ്സിലാക്കണം. തെരുവോരങ്ങളിൽ ഇടതുപക്ഷം വച്ച മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പോലും ഉദ്ദ്യേശിച്ച ഫലമല്ല ഇടതുപക്ഷത്തിന് ഉണ്ടാക്കാൻ പോകുന്നത് എന്നതാണ് എനിക്ക് തോന്നുന്നത്.
ഇനി അർച്ചനയ്ക്ക് എന്താണ് പറയാനുള്ളത് ?
ഞാൻ മനസ്സിലാക്കുന്നത്, പെരുമാറ്റ രീതിയിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട സമീപനത്തിൻ്റെ കാര്യത്തിൽ പോലും, സി.പി.എം നേതാക്കൾക്ക് വലിയ വീഴ്ച പറ്റിയിട്ടുണ്ട് എന്നതാണ്. അവരുടെ സ്ഥാനാർത്ഥി നിർണ്ണയം തന്നെ എടുത്തു നോക്കിയാൽ അക്കാരും മനസ്സിലാകും.
തളിപറമ്പിൽ, എന്തൊക്കെ യോഗ്യത ഉണ്ടെന്ന് പറഞ്ഞാലും, പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ മത്സരിപ്പിക്കരുതായിരുന്നു. അതു കൊണ്ടാണ് സി. പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദൻ എതിരായി മത്സരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. അതു പോലെ തന്നെ, പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം, അദ്ദേഹത്തെ പുറത്താക്കിയത്, പയ്യന്നൂരിലും അപ്രതീക്ഷിത വെല്ലുവിളിയാണ് ഇടതുപക്ഷത്തിന് ഉയർത്തുന്നത്. ഇതിന് പുറമെയാണ് ഒരു പാർട്ടി മെമ്പർഷിപ്പിന് വേണ്ടി കേണപേക്ഷിച്ച വിഎസിൻ്റെ പി.എ സുരേഷിനെ സി.പി.എം നേതൃത്വം തന്നെ അപമാനിച്ച് യു ഡി എഫ് പാളയത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇതെല്ലാം തന്നെ, ഇടതുപക്ഷ മനസ്സുകൾ പോലും അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
അതുപോലെ തന്നെ ജി സുധാകരനെ പോലുള്ള അഴിമതിയുടെ കറപുരളാത്ത ഒരു നേതാവ് സി.പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്നതും, ഇടതുപക്ഷത്തിന് വെല്ലുവിളിയാണ്. ഇതിൻ്റെയെല്ലാം എഫക്ട് , ഈ നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങൾക്ക് പുറത്തേക്കും പടരുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.
യു ഡി എഫിനെ സംബന്ധിച്ച്, അത് കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും യുവത്വത്തിന് നല്ല പരിഗണനയാണ് കൊടുത്തിരിക്കുന്നത്. അത്, ഇടതുപക്ഷത്തിൻ്റെ പരമ്പരാഗത കോട്ടകളെ ഉലക്കുന്ന രൂപത്തിലേക്ക് പലയിടത്തും മാറിയിട്ടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഞാൻ കരുതുന്നത് വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തന്നെയാണ്.
ശ്രീലക്ഷ്മി, അർച്ചന അരവിന്ദ് കെ






