CMDRF

‘ആൻ്റണിക്ക് പോലും ഇടതുപക്ഷ ലൈൻ സ്വീകരിക്കേണ്ടി വന്നു, ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഇനിയും ഉണ്ടാകില്ല’

മുസ്ലീം സമുദായത്തെയും മുസ്ലീം ന്യൂനപക്ഷത്തെയും ചേര്‍ത്തുപിടിക്കുന്ന ഒരു രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്

‘ആൻ്റണിക്ക് പോലും ഇടതുപക്ഷ ലൈൻ സ്വീകരിക്കേണ്ടി വന്നു, ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഇനിയും ഉണ്ടാകില്ല’
‘ആൻ്റണിക്ക് പോലും ഇടതുപക്ഷ ലൈൻ സ്വീകരിക്കേണ്ടി വന്നു, ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഇനിയും ഉണ്ടാകില്ല’

മ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷ മുന്നണിയും കേരളത്തിന് നല്‍കിയ സംഭാവനകള്‍ ഒരു തലമുറയ്ക്കും മറക്കാന്‍ കഴിയില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ്. കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണിക്കു പോലും ഇടതുപക്ഷ ലൈന്‍ സ്വീകരിക്കേണ്ടി വന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇടതുപക്ഷ മില്ലാത്ത ഒരു കേരളം സമീപ ഭാവിയില്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന്….

മുസ്ലിം സമുദായം നേരിടുന്ന വിഷയങ്ങളില്‍, കാര്യമായ ഇടപെടല്‍ സി.പി.എം നടത്തിയിട്ടും ആ വോട്ടുകള്‍ യു.ഡി.എഫിലേക്ക് ഒഴുകിയതിന് എന്താണ് കാരണം ?

മുസ്ലീം സമുദായത്തെയും മുസ്ലീം ന്യൂനപക്ഷത്തെയും ചേര്‍ത്തുപിടിക്കുന്ന ഒരു രീതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസിന്റെ കൂടെയാണ് മുസ്ലീംലീഗ് എത്രയോ കാലമായി നില്‍ക്കുന്നത്. സ്വാഭാവികമായിട്ടും ആ ഒരു ബന്ധം മുസ്ലീം സമുദായത്തിന് ഇരു മുന്നണികളോടും ഉണ്ടെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രത്യേകതയുണ്ട്, സോഷ്യല്‍ എഞ്ചിനീയറിങ് എന്ന് രാഷ്ട്രീയത്തില്‍ പറയും. അതായത് സാമൂഹികമായ ചില ഇടപെടലുകള്‍ ഉണ്ട്.

സമസ്ത കേരള ജമാ അത്തെ ഉലമയില്‍ എന്ന മുസ്ലീം സമുദായ സംഘടന ലീഗിന്റെ അവിഭാജ്യ മത ഘടകമാണ്. രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ലീഗുമായിട്ട് ആ സംഘടന വളരെ നല്ല അടുപ്പത്തിലാണ്. ഇരുകൂട്ടരും വളരെ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതേസമയം തന്നെയാണ് മുഖ്യമന്ത്രി സമസ്തയുടെ നേതാക്കളുമായി ബന്ധമുണ്ടാക്കുന്നത്. ആ ബന്ധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുകയും നേട്ടമുണ്ടാക്കുകയും ചെയ്യുന്നതിനെയാണ് സോഷ്യല്‍ എഞ്ചിനീയറിങ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ നോക്കുമ്പോള്‍ പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ ഇന്ന് ശക്തനായ ഒരു നേതാവാണ്. ആ നിലയ്ക്ക് അദ്ദേഹം അത് പ്രയോഗിച്ചു. മറുതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്വാതന്ത്ര്യമുണ്ട്.

ക്രൈസ്തവ വിഭാഗത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടോ ?

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതാവാണ്. കേരള കോണ്‍ഗ്രസിന് തന്നെ പഴയ സ്വാധീനമിന്നില്ല. 1964 ല്‍ ആണ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടത്. 1965 ലെ തിരഞ്ഞെടുപ്പിലൊക്കെ ഏതാണ്ട് 24, 25 സീറ്റൊക്കെയാണ് അവിഭക്ത കേരള കോണ്‍ഗ്രസിന് കിട്ടിയത്. ഇപ്പോള്‍ അതെവിടെ? താഴേക്ക് അല്ലേ അവര് വന്നത്. കെ എം മാണി തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്, പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന്. അതില്‍ അദ്ദേഹം അഭിമാനം കൊള്ളുകയും ചെയ്തു. ഇന്ന് ഈ പാര്‍ട്ടിയുടെ വിശ്വാസ്യതയും ഒത്തിരി കുറഞ്ഞിട്ടുണ്ട്.

കേരള കോണ്‍ഗ്രസില്‍ ഉള്ളവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടാല്‍ കേരള കോണ്‍ഗ്രസില്‍ അവര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ച് പോരാനുള്ള സാധ്യത കുറവാണ്. അവര്‍ സ്വാഭാവികമായും ബിജെപിയിലേക്ക് ചേരാനാണ് സാധ്യത. അതാണ് ഒരുപക്ഷേ കേരളത്തിലെ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫും ഇടതുപക്ഷവുമൊക്കെ ജാഗ്രതയോടെ കാണേണ്ട വിഷയം.

2019-ല്‍ തിരിച്ചടി നേരിട്ടപ്പോള്‍ 2021 -ല്‍ ഭരണ തുടര്‍ച്ചയ്ക്ക് മഹാമാരിയിലും പ്രളയത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടുണ്ട്. 2026-ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകില്ലേ ?

ഓരോ തിരഞ്ഞെടുപ്പിലും കേരളത്തിലെ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. അന്നത്തെ സാഹചര്യങ്ങളല്ല ഇനി ഉണ്ടാകുക. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് അന്ന് പല ഘടകങ്ങളും അനുകൂലമായിട്ട് വന്നു. കോവിഡ് മഹാമാരി കാലത്തും അദ്ദേഹം ദിവസങ്ങളോളം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. അതിനുമുമ്പ് 2018 ലെ മഹാമാരി. ഇവിടൊക്കെ ഗവണ്‍മെന്റ് നടത്തിയ ഇടപെടലുകള്‍ ജനങ്ങളെ സ്വാധീനിച്ചു. ഒരു ഭരണാധികാരി എന്ന നിലയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാവാണ് പിണറായി വിജയന്‍ എന്നൊരു ധാരണ പൊതുവെ ഉണ്ടായി. ഇതൊക്കെ കാരണത്താല്‍ ഭരണത്തുടര്‍ച്ച കിട്ടുകയുമുണ്ടായി. ഇനി 2026 ലെ തിരഞ്ഞെടുപ്പില്‍ ഇതേ ഘടകങ്ങള്‍ വേറൊരു തരത്തിലായിരിക്കും, അനുകൂലിച്ചോ പ്രതികൂലിച്ചോ ഉണ്ടാകുക.

1967 ലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റ് ഘടകകക്ഷികളെയെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള സപ്തകക്ഷി മുന്നണിയായിരുന്നു. അങ്ങനെയൊരു മുന്നണി ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് ഇഎംഎസിന്റെ രാഷ്ട്രീയബുദ്ധിയാണ്. അന്ന് കെ കരുണാകരന്‍ പ്രതിപക്ഷത്താണ്. കരുണാകരന്‍ ഉള്‍പ്പെടെ അന്ന് ഒമ്പത് എംഎല്‍എ മാര്‍ മാത്രമായിരുന്നു പ്രതിപക്ഷത്ത്. അവിടെ നിന്ന് കെ കരുണാകരന്‍ മുന്നണി ഉണ്ടാക്കി അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി. അതാണ് രാഷ്ട്രീയമായ ബുദ്ധിയും വൈഭവവും. മറ്റൊരു ഉദാഹരണം നോക്കാം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ കെഎം മാണിയുടെ അവസാനകാലത്ത് യുഡിഎഫിനകത്ത് പിജെ ജോസഫ് പിടിമുറുക്കിയ സമയത്ത് മാണി വിഭാഗത്തിന് പ്രയാസമായി. പിജെ ജോസഫിന്റെ കണക്കുകൂട്ടലില്‍ കേരള കോണ്‍ഗ്രസ് കൈപിടിയില്‍ ഒതുക്കാമെന്നായിരുന്നു കരുതിയത്. ഈ സമയം കെഎം മാണിയെ ആശുപത്രിയില്‍ കാണാന്‍ ചെന്ന പിണറായി വിജയന്‍ ജോസ് കെ മാണിയെ സിപിഎമ്മിനോട് അടുപ്പിച്ചു. ഇതാണ് രാഷ്ട്രീയം.

പിണറായി അല്ലാതെ മറ്റാരെയെങ്കിലും സി പി എമ്മിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിക്കാന്‍ പറ്റുമോ? ഇടതുപക്ഷത്ത് നേതൃക്ഷാമം ഉണ്ടോ?

രണ്ട് തവണ മുഖ്യമന്ത്രിയായി കഴിഞ്ഞ നേതാവാണ് പിണറായി വിജയന്‍. ഇനി അടുത്ത മുഖ്യമന്ത്രി ആരെന്ന് അവരുടെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. നിരവധിയാളുകള്‍ കാബിനറ്റില്‍ തന്നെയും പുറത്തുമുണ്ട്. നേതാക്കന്മാര്‍ അങ്ങനെ ഉരുത്തിരിയും. ഇത് ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയാധികാരമാണ് രാഷ്ട്രീയാവകാശമാണ്.

ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വിജയ സാധ്യത ?

ഉപതിരഞ്ഞെടുപ്പുകള്‍ എപ്പോഴും വളരെ ചൂടുപിടിച്ചതായിരിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ബിജെപി ഉന്നംവച്ചിരിക്കുകയാണ്. അതുപോലെതന്നെയാണ് ചേലക്കരയും. ഇടതുപക്ഷത്തിനാണെങ്കില്‍ പകരം ചോദിക്കാനും നഷ്ടപ്പെട്ട സാമ്രാജ്യം തിരിച്ചുപിടിക്കാനുമുള്ള സന്ദര്‍ഭമാണിത്. കോണ്‍ഗ്രസിന് കരുത്ത് തെളിയിക്കാനും ഒന്നുകൂടി ചുവടുറപ്പിക്കാനുമുള്ള സാധ്യതയും തെളിയുന്നുണ്ട്. ഇതൊക്കെ കാത്തിരുന്ന് കാണാം.

ഇടതുപക്ഷമില്ലാത്ത ഒരു കേരളം, അങ്ങനെ അഥവാ സംഭവിച്ചാല്‍, അത് എന്ത് പ്രത്യാഘാതമാണ് കേരളത്തില്‍ ഉണ്ടാക്കുക ?

ഇടതുപക്ഷമില്ലാത്തൊരു കേരളം ഏതായാലും അടുത്ത ഭാവിയിലൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എകെ ആന്റണിയുടെ ചിന്തകളും പ്രവര്‍ത്തികളും നിലപാടുകളുമൊക്കെ വേറിട്ടതായിരുന്നു. ആന്റണിക്ക് പോലും കേരളത്തില്‍ നിലയുറപ്പിക്കാനും വേരുപിടിക്കാനും അതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്താനും അദ്ദേഹത്തിന് ഒരു ഇടതുപക്ഷ ലൈന്‍ സ്വീകരിക്കേണ്ടി വന്നു. അതിനുകാരണം കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ച കണ്ടിട്ടാണ്.

കേരള ജനത ഒരു ഇടതുപക്ഷ ജനതയാണ്. ആ ജനതയുടെ മനസ്സില്‍ നിന്നും ഇടതുപക്ഷ ചിന്താഗതിയെ മാറ്റാന്‍ കഴിയില്ല. കേരളത്തെ ഈ നിലയില്‍ പുരോഗതി പ്രാപിക്കുന്നതിന് പിന്നില്‍ ഒരു ഇടതുപക്ഷ മതേതര സ്വഭാവം തന്നെയുണ്ട്. അതുകൊണ്ടാണ് ഒരു വര്‍ഗീയതയും കേരളത്തില്‍ വേരോടാത്തതിന് കാരണം. മലയാളിയുടെ മനസ്സിലെ ഇടതുപക്ഷ സ്വഭാവവും മതേതര സ്വഭാവവും ഉയര്‍ന്ന ചിന്തകളുമാണ്. അത് കേരള ജനതയ്ക്ക് മാത്രം സ്വന്തമാണ്.

വീഡിയോ കാണുക

Top