ബീജിങ്: പുതുവർഷദിനത്തിൽ തായ്‍വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്. ചൈനയുടേയും തയ്വാന്റെയും കൂടിചേരൽ ഒരാൾക്കും തടയാനാവില്ലെന്ന് ഷീ പറഞ്ഞു. തയ്‍വാന്റെ ഇരുവശത്തുമുള്ള ജനങ്ങൾ ഒരു കുടുംബമാണ്. അവരുടെ കൂടിചേരലും ആർക്കും തടയാനാവില്ല. ചരിത്രപരമായ ഒത്തുചേരൽ ഉണ്ടാകുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷീ പറഞ്ഞു.
തയ്‍വാനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. നിരന്തരമായി യുദ്ധകപ്പലുകളും വിമാനങ്ങളും അയച്ച് രാജ്യത്തെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെയാണ് ഇപ്പോൾ പുതുവത്സരദിനത്തിൽ ഷീയുടെ പ്രസ്താവന കൂടി പുറത്ത് വരുന്നത്.
Also Read : ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പുടിന്‍
കഴിഞ്ഞ വർഷവും നൽകിയത് ഒരേ സൂചന

അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ ലോകരാജ്യങ്ങളുടെ പിന്തുണ തയ്‍വാനുണ്ട്. തയ്‍വാന് അമേരിക്ക ആയുധങ്ങൾ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ചൈന അമേരിക്കയോട് ശക്തമായ പ്രതിഷേധമറിയിക്കുകയും ചെയ്തു. അതേസമയം തയ്‍വാനെ കൈപിടിയിലൊതുക്കാൻ ചൈന ഇതുവരെ ഒരു ആക്രമണത്തിന് മുതിർന്നിട്ടില്ല.
എന്നാൽ, ആയുധ വിൽപനയിൽ നിന്ന് പിന്മാറാൻ അമേരിക്ക ഇതുവരെ തയാറായിട്ടില്ല. അതേസമയം, കഴിഞ്ഞ പുതുവത്സര ദിനത്തിലും സമാനമായ പ്രസ്താവന ഷീ ജിങ്പിങ് നടത്തിയിരുന്നു. അന്നും കൂടിചേരൽ വൈകില്ലെന്ന സൂചന തന്നെയാണ് ചൈനീസ് പ്രസിഡന്റ് നൽകിയിരുന്നത്.