കേന്ദ്രമന്ത്രിയാക്കാതിരിക്കാനും പാരകളുണ്ടായി,സതീശനെയും കെസിയെയും എല്ലാ ഘട്ടത്തിലും പിന്തുണച്ചത് താൻ, തുറന്ന് പറഞ്ഞ് ചെന്നിത്തല

തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു തർക്കവും ഉണ്ടാകില്ല. കെ സി വേണുഗോപാലും വിഡി സതീശനും തൻ്റെ അനിയൻമാർ, എല്ലാ കാലഘട്ടത്തിലും അവരെ സഹായിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയാക്കാതിരിക്കാനും പാരകളുണ്ടായി,സതീശനെയും കെസിയെയും എല്ലാ ഘട്ടത്തിലും പിന്തുണച്ചത് താൻ, തുറന്ന് പറഞ്ഞ് ചെന്നിത്തല
കേന്ദ്രമന്ത്രിയാക്കാതിരിക്കാനും പാരകളുണ്ടായി,സതീശനെയും കെസിയെയും എല്ലാ ഘട്ടത്തിലും പിന്തുണച്ചത് താൻ, തുറന്ന് പറഞ്ഞ് ചെന്നിത്തല

വിഡി സതീശന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത ജാഥ ക്യാപ്റ്റൻ എന്ന നിലയിലും പ്രതിപക്ഷ നേതാവ്, യുഡിഎഫ് ചെയർമാൻ എന്ന നിലകളിലും ലഭിക്കുന്നതാണ് എന്ന് തുറന്നടിച്ച് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. അതാകട്ടെ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു തർക്കവും ഉണ്ടാകില്ല. കെ സി വേണുഗോപാലും വിഡി സതീശനും തൻ്റെ അനിയൻമാരാണ്, എല്ലാ കാലഘട്ടത്തിലും അവരെ സഹായിച്ചിട്ടുമുണ്ട്. എക്സ്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് രമേശ് ചെന്നിത്തല. (ആദ്യഭാഗം ചുവടെ )

സംഘടനയിൽ കെ എസ് യുവിൽ, എൻ എസ് യു വിൽ, യൂത്ത് കോൺഗ്രസിൽ, കെപിസിസിയിൽ എല്ലാം ഉന്നത പദവി, അധ്യക്ഷ സ്ഥാനം വഹിച്ചു. ജനാധിപത്യ സംവിധാനത്തിൽ ആണെങ്കിൽ എംഎൽഎ, എംപി, മന്ത്രി, പ്രതിപക്ഷ നേതാവ്. ഇനിയുള്ളത് മുഖ്യമന്ത്രിപദം മാത്രമാണ്?

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ഒരു പ്രത്യേക സ്ഥാനം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. പാർട്ടി, പാർട്ടിയുടെ വിശ്വാസം, പാർട്ടിയുടെ ആദർശം അതിലൊക്കെ ഉറച്ചു നിന്നുകൊണ്ടാണ് നമ്മൾ എല്ലാവരും പ്രവർത്തിക്കുന്നത്. അതിനിടയിൽ നമുക്ക് പാർട്ടി ചില ചുമതലകൾ ഒക്കെ തരും. ഏൽപ്പിച്ച ചുമതലകൾ നമ്മൾ നന്നായി നടത്തുക, നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയിട്ടും പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും ചെയ്യുക. മാത്രമല്ല പൊതുസമൂഹത്തിനും വേണ്ടി, നമ്മൾ ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യുക എന്നുള്ളതാണ്. അല്ലാതെ ഒരു പ്രത്യേക സ്ഥാനം കിട്ടിയാലേ പ്രവർത്തിക്കുക എന്നില്ല. ഞാനെന്നും സ്വീകരിച്ച സമീപനം അതാണ്.

യൂത്ത് കോൺഗ്രസിന്റെ നാഷണൽ പ്രസിഡന്റ് ആയിരിക്കെ കേന്ദ്രമന്ത്രി ആകും എന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് അന്ന് എസ് കൃഷ്ണകുമാർ കേന്ദ്രമന്ത്രിയായത്. താങ്കളുടെ ജൂനിയർ ആയിരുന്ന യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും മന്ത്രി ആയി എന്നാണ് മനസ്സിലാക്കുന്നത്. അന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനുള്ള കാരണം എന്തായിരുന്നു?

അത് കേരളത്തിൽ നിന്നുള്ള ചില പാരവെപ്പുകൾ ആയിരുന്നു അത്രയേ ഉള്ളൂ.

അതിന് പിന്നിൽ ലീഡർ ആയിരുന്നോ? പാരയുണ്ടായിരുന്നോ?

അല്ല, നമ്മൾ ഇനി കഴിഞ്ഞു പോയ കഥകൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പാരയുണ്ടായിരുന്നു, ആ സ്ഥാനത്തേക്ക് ഞാൻ എത്തുമെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഓൾ ഇന്ത്യ പ്രസിഡണ്ടായിരുന്നു ഞാൻ, എംപിയാണ് സ്വാഭാവികമായിട്ടും അതാകും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് അത്തരത്തിലുള്ള ഒരു ഹിന്റ് ആയിരുന്നു ലഭിച്ചത്. എന്തായാലും പിന്നീട് എസ് കൃഷ്ണകുമാർ മന്ത്രി ആവുകയാണ് ഉണ്ടായത്.

ഈ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് പിണറായി സർക്കാരിന് ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയ നേതാവ് കൂടിയാണ് താങ്കൾ. പക്ഷേ രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ അതിൽ പ്രതിപക്ഷ നേതാവിന്റെ പെർഫോമൻസ് അസസ്സ് ചെയ്തിട്ടാണോ താങ്കളെ മാറ്റി വി ഡി സതീശനെ കൊണ്ടുവന്നത്?

അല്ല, എന്നെ മാറ്റണമെന്നുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെ തന്നെ ആയിരുന്നു. തുടർച്ചയായി രണ്ട് ഇലക്ഷൻ പരാജയപ്പെട്ടു. അപ്പോൾ അതുകൊണ്ടാകാം. അതിന് ഞാൻ ഒരു പരാതിയും പറഞ്ഞില്ല. ഞാൻ പറഞ്ഞത് എന്നോട് നേരത്തെ പറഞ്ഞാൽ മതിയായിരുന്നു എന്ന് മാത്രം.

മുഖ്യമന്ത്രി പദത്തിലേക്ക് രമേശ് ചെന്നിത്തല എത്തണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുണ്ട്. അതിനപ്പുറത്തേക്ക് കേരളത്തിലെ രാഷ്ട്രീയ സംവിധാനം എന്ന് പറയുന്നത് സാമുദായിക രാഷ്ട്രീയ സമവാക്യങ്ങളും സങ്കീർണമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. അതിനെയൊക്കെ നല്ല മെയ്വഴക്കത്തോടെ കൊണ്ട് പോയിരുന്ന, അതായത് എസ്എൻഡിപി ആയിട്ടും എൻഎസ്എസ് ആയിട്ടും ജമാഅത്തെ ഇസ്ലാമി ന്യൂനപക്ഷ ക്രൈസ്തവ വിഭാഗമായിട്ടും എല്ലാവരുമായും ഒരു സമവായത്തിന്റെയും സൗഹാർദ്ദത്തിന്റെയും അന്തരീക്ഷം പുലർത്തുന്ന അപൂർവ നേതാക്കളിൽ ഒരാളാണ് താങ്കൾ. അതുകൊണ്ട് കേരളത്തിന്റെ ആ ഒരു സവിശേഷ സാഹചര്യത്തിൽ കൂടുതൽ യു ഡി എഫിന് ഗുണകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആവുകയാണ് എന്നുപറയുന്ന നേതാക്കളും അണികളും ഉണ്ട്.

അതുണ്ടാകാം. അതില്ല എന്ന് ഞാൻ പറയുന്നില്ല. ദീർഘമായ എന്റെ എതിർ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സഹകരിച്ച് പ്രവർത്തിക്കുന്ന പ്രവർത്തകർ, ഇഷ്ടപ്പെടുന്ന ആളുകൾ, നമ്മളെ കൂടെ ചേർത്തു നിർത്തുന്ന ആളുകളും സ്വാഭാവികമായിട്ടുണ്ടാവുമല്ലോ. പക്ഷെ എല്ലാം തീരുമാനിക്കുക നമ്മളുടെ പാർട്ടിയാണ്. പാർട്ടി എന്ത് തീരുമാനിച്ചാൽ അതിനോടൊപ്പം ഞാൻ ഉണ്ടാകും.

മുഖ്യമന്ത്രി ആകേണ്ട എന്ന് തീരുമാനിച്ചാൽ?

പാർട്ടി തീരുമാനിക്കുന്നതല്ലേ നമുക്ക് അംഗീകരിക്കാൻ പറ്റൂ… ഞാൻ നേരത്തെ പറഞ്ഞു പാർട്ടി നമ്മളെ ഓരോ ദൗത്യം ഏൽപ്പിക്കും, ഓരോകാലത്തും

അതായത് രമേശ് ചെന്നിത്തല എന്ന് പറയുന്ന ഒരു മുൻ പ്രതിപക്ഷ നേതാവിന് മുൻ ആഭ്യന്തരമന്ത്രിക്ക്, മുൻ കെപിസിസി പ്രസി‍‍‍ഡൻ്റിന് ഒരു ക്ലെയിം ഇല്ല?

അതല്ല ക്ലെയിം അല്ലല്ലോ ഇവിടുത്തെ ഇഷ്യൂ. അതാണ് ഞാൻ ആദ്യമേ പറഞ്ഞത് നമുക്ക് ഒരു പ്രത്യേക സ്ഥാനം വേണമെന്ന് വെച്ച് പ്രവർത്തിക്കുന്ന ഒരാളല്ല ഞാൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ നമുക്ക് ധാരാളം സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. നാളെ ചിലപ്പോൾ ലഭിക്കുമായിരിക്കും, ലഭിക്കാതിരിക്കുമായിരിക്കും. അതൊക്കെ ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ഥാനം കിട്ടിയില്ല എന്നുവച്ച് നിരാശനായി വീട്ടിൽ ഇരിക്കുന്ന ഒരാൾ അല്ല ഞാൻ. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങളുടെ ഇടയിൽ പ്രതിപക്ഷ നേതാവ് ആയിരുന്ന കാലഘട്ടത്തേക്കാൾ കൂടുതൽ പ്രവർത്തിച്ച ഒരാളാണ് ഞാൻ. എവിടെ ചെല്ലുമ്പോഴും നല്ല ജനക്കൂട്ടം, എവിടെ ചെല്ലുമ്പോഴും ജനങ്ങളുടെ നല്ല സ്വീകരണം, ജനങ്ങളോടൊപ്പം നിൽക്കുന്നു. അതല്ലേ വലുത്. അവർ നൽകുന്ന സ്നേഹമല്ലേ വലുത്.

പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി ഡി സതീശന്റെ പ്രവർത്തനത്തെ എങ്ങനെ അസ്സസ് ചെയുന്നു?

നല്ല പ്രവർത്തനമാണ്.

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ ഈ മൂന്നുപേരിൽ ആരെങ്കിലും ഒരാളായിരിക്കും യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ?

ഞാൻ പറഞ്ഞല്ലോ കോൺഗ്രസിന് ധാരാളം നേതാക്കന്മാർ ഉണ്ട്. അതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രത്യേകത. അപ്പുറത്ത് നോക്കിയാൽ ഒരൊറ്റ നേതാവേ ഉള്ളൂ.

അത് കോൺഗ്രസിന് നേട്ടമാണ് എന്ന് പറയുമ്പോഴും ഒരു ദൗർബല്യം കൂടി ആകാറുണ്ട് ചിലപ്പോൾ. ഒരു തർക്കം ഉണ്ടോ മുഖ്യമന്ത്രിക്ക് പദത്തിന് വേണ്ടി?

ഞാൻ പറയട്ടെ, അതൊരിക്കലും ദോഷമല്ല. ഒരു വലിയ നേതൃനിര കോൺഗ്രസിന് ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം ഓരോ കാലഘട്ടങ്ങളിൽ വളർന്ന് വന്ന നേതാക്കന്മാരാണ്. അത് പാർട്ടിക്ക് ഒരു അസറ്റ് ആണ്. ഇത്രയും നല്ലനിരയിൽ പ്രവർത്തിക്കുന്ന നേതാക്കന്മാർ ഉണ്ട് എന്നുള്ളതാണ് പാർട്ടിയുടെ കരുത്ത്. അപ്പുറത്ത് നോക്കുമ്പോൾ ഒറ്റ ആൾ. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം.

മൂന്നുപേരുടെ ഒരു ക്ലെയിം സാധ്യത ഉണ്ടാലോ, പണ്ടൊക്കെ ഗ്രൂപ്പ് സമവാക്യങ്ങളും , ഗ്രൂപ്പ് രാഷ്ട്രിയവും കോൺഗ്രസിനെ പിടിച്ചുലക്കുകയും, ഒരു ഘട്ടത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, അതുക്കൊണ്ട് അധികാരം കിട്ടിയാൽ ആളുകൾ ആശങ്കപ്പെടുന്നതും, ശ്രദ്ധിക്കപ്പെടുന്നതും ആരാകും മുഖ്യമന്ത്രി, മുഖ്യമന്ത്രി പദത്തിന് വേണ്ടി ഒരു അഭിപ്രായ വ്യത്യാസമോ, പ്രശ്നമോ ഉണ്ടാകുമോ എന്നതാണ്

നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു സിസ്റ്റമുണ്ട്. വ്യക്തിപരമായിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും അതിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഇവർ രണ്ടുപേരും എന്റെ അനിയന്മാരാണ്. വി. ഡി സതീശൻ ആണെങ്കിലും കെ സി വേണുഗോപാലാണെങ്കിലും. ഞാനാണ് അവരെ എല്ലാ കാലഘട്ടത്തിലും പുഷ് ചെയ്യുകയും, സഹായിക്കുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് എന്റെ അനിയന്മാരാണ് അവർ. എനിക്ക് ആരോടും ഒരു എതിർപ്പില്ലാത്ത ആളാണ്.

അപ്പോൾ ചേട്ടനെ മാറ്റി നിർത്തി അനിയന്മാർക്ക് കൂടുതൽ സ്ഥാന പദവി നൽകാനുള്ള സാധ്യത ഇലക്ഷൻ ദാതാക്കൾ കാണിക്കുമോ?

അതെ, ഞാൻ പറഞ്ഞല്ലോ കോൺഗ്രസ് പാർട്ടിക്ക് തീരുമാനം എടുക്കുന്നതിൽ ഓരോ രീതികളുണ്ട്. ആ രീതിയിൽ തീരുമാനിക്കട്ടെ. ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇത് ഒരു തർക്കം ആക്കാൻ ആഗ്രഹിക്കുന്നില്ല. രാഹുൽ ഗാന്ധി തന്നെ ഞങ്ങളെ എല്ലാവരെയും വിളിച്ചു. തെരഞ്ഞെടുപ്പ് കഴിയട്ടെ.. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീരുമാനം ഹൈക്കമാന്റിന് എടുക്കും. സന്തോഷം.

ഇത്രയും പദവികൾ അലങ്കരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ആകാനുള്ള യോഗ്യനാണ് എന്ന കാര്യത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ താങ്കൾക്കോ അഭിപ്രായമുണ്ടോ?

എന്റെ അഭിപ്രായമല്ലല്ലോ പ്രശ്നം, ജനങ്ങളുടെ അഭിപ്രായമാണ്. എന്റെ പാർട്ടി അത് വിലയിരുത്തുമല്ലോ. നാളെ ആയാലും ആയില്ലെങ്കിലും, ഞാൻ അതാണ് പറഞ്ഞത് കഴിഞ്ഞ 5 വർഷം കേരളത്തിലെ ഏറ്റവും കൂടുതൽ സഞ്ചരിക്കുകയും ഏറ്റവും കൂടുതൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്ത ആളാണ് ഞാൻ.

ഇപ്പോൾ ഈ കോൺഗ്രസ്സിന്റെ യാത്ര ആരംഭിച്ച ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും വി ഡി സതീശനാണ് നയിക്കുന്നത് പക്ഷേ ആ ജാഥ ആരംഭിച്ച് ദിവസങ്ങൾ മാത്രം കഴിയുമ്പോഴും ഒരു യുഡിഎഫിന്റെ അംബാസിഡറായി വി ഡി സതീശൻ പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. അങ്ങനെ സതീശനെ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ടാണോ യുഡിഎഫ് തിരഞ്ഞെടുപ്പ്.

ഞാൻ ജാഥ നയിച്ചപ്പോഴും, സ്വാഭാവികമായും നയിക്കുന്ന ആൾക്ക് പ്രാധാന്യം കിട്ടും. അത് സ്വാഭാവികമല്ലേ?. ഇപ്പോൾ അപ്പുറത്ത് 3 ജാഥ നയിക്കുന്ന ആൾക്ക് ഒരു പ്രാധാന്യം കിട്ടില്ലേ, അത്രേ ഉള്ളു. അത് എപ്പോഴും അങ്ങനെ ആണല്ലോ. പിന്നെ പ്രതിപക്ഷ നേതാവാണ് യുഡിഎഫ് ചെയർമാനുമാണ് അത് സ്വാഭാവികം ആയിട്ട് ഞാൻ ആയിരുന്നപ്പോൾ എനിക്ക് കിട്ടിയ പോലെ തന്നെ പ്രാധാന്യം വി ഡി സതീശന് കിട്ടുന്നു അതിൽ തെറ്റില്ല.

ഈ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ കേരളത്തിൽ പ്രമുഖമായ സമുദായ പ്രഗൽഭമായ, സമുദായ സംഘടനകളായ എസ്എൻഡിപി എൻഎസ്എസ് അതിന്റെ നേതാക്കളുമായി ഒരു കോൺഗ്രസ് നേതാവ് നേരിട്ട് ആശയ പോരാട്ടം നടത്തുന്നത് അല്ലെങ്കിൽ അഭിപ്രായ വ്യത്യാസം നടത്തുന്നത് മുന്നണിക്കും കോൺഗ്രസിനും ഗുണകരമാണോ?

കോൺഗ്രസിന്റെ നയമെന്താണ് ? ഞങ്ങളെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പാർട്ടിയാണ്, ഇൻക്ലൂസീവ് ആണ്. ആരെയും മാറ്റിനിർത്തില്ല ഏതു മതവിഭാഗങ്ങളെ ആണെങ്കിലും ഏതു മത സംഘടനകൾ ആണെങ്കിലും അവരോട് എല്ലാവരോടും നല്ല സമീപനമാണ് സ്വീകരിച്ച് മുന്നോട്ടു പോയിട്ടുള്ളത്. ആ നിലപാടാണ് പാർട്ടി എന്നും സ്വീകരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ചില സമയത്ത് ഇതിന് മുൻപ് ഉമ്മൻചാണ്ടിയോ, രമേശ് ചെന്നിത്തലയോ, കെ കരുണാകരനോ ഒന്നും പ്രകടിപ്പിക്കാത്ത തരത്തിൽ ഈ സാമുദായിക സംഘടന നേതാക്കളെ ആക്ഷേപിക്കുകയും അവരോട് നേരിട്ട് വാക്ക് പോര് നടത്തുന്ന സാഹചര്യം ഉണ്ട്. എത്രത്തോളം ഗുണകരമാണ്?

കോൺഗ്രസിന്റെ സമീപനം എന്ന് പറയുന്നത് എല്ലാവരെയും ഉൾക്കൊണ്ടു പോവുക എന്നുള്ളതാണ്. അപ്പോൾ അങ്ങനെയാണ് പോകേണ്ടത്.

അതിൽ വി ഡി സതീശന്റെ അഭിപ്രായപ്രകടനങ്ങൾക്കും വികാരവിക്ഷോഭങ്ങൾക്കും താങ്കൾ പൂർണ്ണമായും യോജിക്കുകയാണോ? അത് അങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത് ?

അതാണ് ഞാൻ പറഞ്ഞത് കോൺഗ്രസ് എപ്പോഴും എല്ലാവരെയും ഉൾക്കൊണ്ടു പോകുന്ന സമീപനമാണ്, അതാണ് വേണ്ടത്. വി ഡി സതീശനുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് അദ്ദേഹം അന്ന് പറഞ്ഞത്. അല്ലാതെ കോൺഗ്രസിന്റെ അകത്ത് എല്ലാ മത സംഘടനകളെയും ഒഴിവാക്കി നിർത്തണമെന്നുള്ള അഭിപ്രായം അദ്ദേഹത്തിനും ഇല്ല. എനിക്കുമില്ല, പാർട്ടിക്കുമില്ല.

നിലവിൽ എസ്എൻഡിപി എൻഎസ്എസ് V/S വി ഡി സതീശൻ എന്നുപറയുന്നത് കോൺഗ്രസ്സുമായിട്ട് ബന്ധമില്ല?

ഇല്ലല്ലോ ബന്ധമില്ലെന്ന് അവർ തന്നെ പറഞ്ഞല്ലോ.

അതായത് കോൺഗ്രസ് പാർട്ടിയെ അത് ഒരുതരത്തിലും തെരഞ്ഞെടുപ്പിൽ എഫക്ട് ചെയ്യാൻ പോകുന്നില്ല?

ഇല്ല ഞങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നവരാണ്.

പെരുന്നായായിട്ടും വെള്ളാപ്പള്ളിയായിട്ടും ഒക്കെ വളരെ അടുത്ത വ്യക്തിപരമായ സൗഹൃദം ഉള്ള വ്യക്തിയും കൂടിയാണ് താങ്കൾ. രാഷ്ട്രീയ നേതാവും ഇത്രയധികം ബന്ധമുള്ള കോൺഗ്രസ് നേതാക്കൾ വേറെ ആരുമില്ല. പ്രത്യേകിച്ച് പെരുന്നയില്ലെല്ലാം. ഇത് പാച്ചപ്പ് ചെയ്യാൻ വേണ്ടി വ്യക്തിപരമായിട്ടോ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോ?

നിങ്ങൾക്കറിയാമല്ലോ, പണ്ട് മന്ത്രിസ്ഥാനം ആയി ബന്ധപ്പെട്ട കാര്യവുമായി വന്നപ്പോൾ 9 വർഷം ഞാനും എൻഎസ്എസും, എൻഎസ്എസ് നേതൃത്വവുമായി അകലമുണ്ടായി. പക്ഷേ ഞാൻ അത് ഒരിക്കലും പ്രകടിപ്പിക്കുകയോ പൊതു സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരുകയോ ചെയ്തിട്ടില്ല. കാരണം ഞാൻ അങ്ങനെ ചെയ്താൽ എന്റെ പാർട്ടിക്ക് ദോഷം ഉണ്ടാകും എന്ന് വിചാരിച്ചിട്ടാണ്. ഇപ്പോഴും എന്റെ നിലപാട് അതാണ്. എല്ലാവരെയും കൂട്ടിക്കൊണ്ടു പോകുന്ന സമീപനമേ ഞാൻ എന്നും സ്വീകരിച്ചിട്ടുള്ളൂ എന്റെ വ്യക്തിപരമായ കാര്യമല്ല എന്റെ പാർട്ടിക്ക് വേണ്ടിയാണ്.

അത് പക്വതാപരമായ സമീപനമാണ്. ഒരു സമുദായ സംഘടന നേതൃത്വവുമായിട്ട് ഒരു രാഷ്ട്രീയ നേതാവ് ഏതെങ്കിലും തരത്തിൽ കലഹിക്കുകയോ ഏതെങ്കിലും തരത്തിൽ അഭിപ്രായ വ്യത്യാസങ്ങളോ ഒരു വഴക്കോ പ്രകടിപ്പിച്ചാൽ അത് ആ പാർട്ടിയെ എഫക്ട് ചെയ്യുമെന്ന പക്വത അത് ചേട്ടൻ എന്ന നിലയിലും അനിയൻ എന്ന തരത്തിൽ നോക്കുമ്പോൾ പക്വത അല്പക്കുറവ് ഉണ്ടായിട്ടുണ്ടോ?

അല്ല അതെല്ലാം അദ്ദേഹം പറഞ്ഞല്ലോ, അദ്ദേഹത്തിന് അങ്ങനെ പ്രശ്നങ്ങൾ ഇല്ലാന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചല്ലോ. കഴിഞ്ഞദിവസം തന്നെ പറഞ്ഞു എനിക്ക് നേതാക്കന്മാരുമായിട്ടോ, മതസംഘടനങ്ങളുമായിട്ടോ എനിക്ക് പ്രശ്നമില്ല എന്ന് പറഞ്ഞല്ലോ.

ഈ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണ, കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച പിന്തുണ അതേ അർത്ഥത്തിൽ യുഡിഎഫിന് പൂർണ്ണമായി ലഭ്യമാകുമെന്ന ഒരു ധാരണയുണ്ടോ ?

ഉണ്ടാകുമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

അതിനു വേണ്ടി എന്തെങ്കിലും നീക്കം നടത്തിയിട്ടുണ്ടോ?

സ്വാഭാവികമായും യുഡിഎഫിന് അനുകൂലമായ ഒരു രാഷ്ട്രീയ ചിത്രം കേരളത്തിൽ വളർന്നു വരുന്നുണ്ട്. ഇപ്പോൾ തന്നെ പാർലമെന്റ് ഇലക്ഷൻ നല്ല ഭൂരിപക്ഷം ജയിച്ചു. അതുകഴിഞ്ഞിട്ട് എല്ലാ ഉപതിരഞ്ഞെടുപ്പിലും ചേലക്കര ഒഴിച്ച് ജയിച്ചു. അതുകഴിഞ്ഞിട്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. അപ്പോൾ കേരളം ഒരു രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നു. അപ്പോൾ അതുകൊണ്ടുതന്നെ എല്ലാവരെയും ചേർത്തു നിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ സ്വീകരിക്കുന്നത്, നാളെയും സ്വീകരിക്കുന്നത്.

എന്തെല്ലാം ഗുണകരമായ ഘടകങ്ങളുണ്ട്, യുഡിഎഫിന് അനുകൂലമായി നിയമസഭയിൽ തിരഞ്ഞെടുപ്പിന്.

ഒന്നാമത്തെ കാര്യം, 10 വർഷം കൊണ്ട് കേരളം വളരെ പുറകോട്ട് പോയി. കടക്കെണിയിലാണ് കേരളം, ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഭരണകാലത്ത്, നമ്മുടെ കടം ഒന്നരലക്ഷം കോടിയായിരുന്നു. പക്ഷേ ഈ 10 വർഷം കൊണ്ട് അത് ആറരലക്ഷം കോടിയായി. കടം എന്തിനാണ് എടുക്കുന്നത്? കടം എടുക്കരുത് ഗവണ്മെന്റ്. കടം എന്തിനാ എടുക്കുന്നത്, വികസനത്തിന് വേണ്ടി, കടമെടുക്കുന്നത് പ്രൊഡക്റ്റീവ് ആയിട്ടുള്ള കാര്യങ്ങൾക്കുവേണ്ടി, പ്രത്യുൽപാദനപരമായ കാര്യങ്ങൾക്ക് വേണ്ടി കടമെടുക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നയാളാണ്. കേരളം ഒരു സ്റ്റേറ്റിനു വേണ്ടി കടമെടുക്കരുത്, പക്ഷേ ഇവിടെ കടമെടുക്കുന്നത് എന്തിനാണെന്ന് അറിയുമോ? എടുത്ത പണത്തിന് പലിശ കൊടുക്കാൻ അല്ലാതെ റവന്യൂ ജനറേറ്റ് ചെയ്യുന്ന പദ്ധതിക്ക് വേണ്ടിയല്ല. 10 വർഷത്തെ ഈ ഭരണം ഉപേക്ഷിക്കുമ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാണിക്കാൻ എന്തു നേട്ടമാണ് ഉള്ളത്, ഒന്നുമില്ല. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത്, കേരളം എവിടെ നിൽക്കുന്നു, എന്തു മാറ്റമാണ് കേരളത്തിന് ഉണ്ടായത്, ഞാൻ ചോദിക്കട്ടെ ഇവിടെ ഏതെങ്കിലും വൻകിട വ്യവസായം വന്നോ, ഏതെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതി കൊണ്ടുവന്നോ, കെ റെയിൽവേ ആണ് കൊട്ടി ആഘോഷിച്ചു കൊണ്ടുവന്നത്, ഞങ്ങൾ അതിവേഗ തീവണ്ടി പാതയ്ക്ക് ഒന്നും എതിരല്ല, ഇന്ന് ലോകത്ത് എല്ലായിടത്തും അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തീവണ്ടി പാതകൾ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും അഭിപ്രായം, പക്ഷേ കെ റെയിൽ ഒരു പഠനവും നടത്താതെ, പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ കൊണ്ടുവന്നപ്പോഴാണ് ഞങ്ങൾ എതിർത്തത്. ഇന്ന് പദ്ധതിയുടെ സ്ഥിതി എന്താണ്? റെയിൽവേ വികസനത്തിന് കേരളം എങ്ങോട്ട് പോയി. ഗവൺമെന്റിന് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ?

അപ്പോൾ വികസന മുരടിപ്പാണ് പ്രധാനപ്പെട്ട കാര്യം, മറ്റു പ്രധാനപ്പെട്ട കാര്യം സർക്കാറിന് എതിരായി ഉന്നയിക്കുന്നത്, ഇതായിരിക്കുമോ?

കേരളത്തെ സംബന്ധിച്ചിടത്തോളം സേഫ്റ്റി അതൊരു പ്രധാനപ്പെട്ട കാര്യമാണ്. രാത്രി 10 മണി കഴിഞ്ഞാൽ, എല്ലാ ചാനലുകളും എഫ്ഐആർ പോലത്തെ പരിപാടികൾ ഉണ്ട്, ഒന്നു വെച്ചു നോക്കണം. ഞാൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ കിട്ടുന്ന സമയങ്ങളിലെല്ലാം വെച്ചുനോക്കുമായിരുന്നു. ഇത്രയും അക്രമങ്ങൾ കൊലപാതകങ്ങൾ അതിനോടൊപ്പം തന്നെ ഡ്രഗ്സ് ഏറ്റവും വലിയ പ്രശ്നമാണ്. ഡ്രഗ്സ് കാരണം ചെറുപ്പക്കാർ വഴിതെറ്റി പോകുന്നു. ഗവൺമെന്റ് എന്തു ചെയ്യുന്നു?

താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് കുബേര പോലെത്തെ അങ്ങേയറ്റം പ്രശംസ പിടിച്ചു പറ്റിയ ഓപ്പറേഷൻ നടത്തിയത്. ഈ ഡ്രഗ്ഗിന്റെ കാര്യത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ ഡ്രഗ് മാഫിയ നമ്മുടെ ഗ്രാമങ്ങൾ, നഗരങ്ങൾ ,സ്കൂളുകൾ ,കോളേജുകൾ ,അടക്കം യുവതലമുറയെ മുഴുവൻ വേട്ടയാടി കൊണ്ടിരിക്കുകയാണ്, എന്ത് ഇൻഷേറ്റീവ് ആണ് ആ കാര്യത്തിൽ യുഡിഎഫ് എടുക്കുക?

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏറ്റവും കൂടുതൽ പ്രയോറിറ്റി കൊടുക്കാൻ പോകുന്നത് ഡ്രഗ് മാഫിയയ്ക്കെതിരെയുള്ള പോരാട്ടത്തിന് ആയിരിക്കും. ശക്തമായ നടപടി എടുക്കും. കേരള പോലീസ് വിചാരിച്ചാൽ ഇന്തൊക്കെ ചെയ്യാൻ പറ്റും. ചെയ്യുന്നില്ല എന്നതാണ് വേറൊരു കാര്യം.

ഡ്ര​ഗിൻ്റെ കാര്യം പറഞ്ഞപ്പോ തന്നെ അതിന്റെ കൂട്ടി പറയുകയാണെങ്കിൽ, എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അവരുടെ മദ്യ വർജനവും മദ്യ ആസക്തി കുറയ്ക്കുക എന്നതായിരുന്നു അവരുടെ നയംമെന്നു പറയുമ്പോഴും, നൂറുകണക്കിന് ബാറുകൾ അനുവദിച്ചു. നേരത്തെ യുഡിഎഫിന്റെ ഭരണകാലത്ത്, ബാറുകൾ പൂട്ടി, അപ്പോ അത്തരത്തിൽ ഒരു നയ സമീപനം മദ്യ നയത്തിന്റെ കാര്യത്തിൽ എന്തായി?

കോൺഗ്രസിന്റെ മദ്യനയം ഘട്ടം ഘട്ടമായി ഇതിന്റെ അവൈലബിലിറ്റി കുറച്ചു കൊണ്ടുവരണമെന്നാണ്, അതാണ് നമ്മൾ ഇന്നും സ്വീകരിക്കുന്ന സമീപനം. എൽഡിഎഫ് എന്താണ് ചെയ്തത്? മുക്കിനു മൂലയിലും ബാറുകൾ കൊടുത്തു.

അല്ല ആ കാര്യത്തിൽ ഒരു പുനർവിചിന്തനം ഉണ്ടാകുമോ?

അത് ഞങ്ങൾ കൂട്ടമായി ആലോച്ചിച്ച് ചെയ്യണ്ട ഒരു കാര്യമാണ്. അല്ലാതെ കേരളത്തിലെ മുഴുവൻ ബാറുകളും പൂട്ടാനുള്ള തീരുമാനമൊന്നും ഇല്ല ഏതായാലും.

ഈ ത്രീ സ്റ്റാർ ഫോർ സ്റ്റാർ അന്ന് അത്തരത്തിലൊരു പ്രതിസന്ധി സർക്കാരിനു ബാറിന്റെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുത്തിരുന്നു. അത്തരം ഒരു മദ്യ വ്യാപനം, അല്ലെങ്കിൽ മദ്യ ലഭ്യത കൂട്ടുന്ന ഒരു പ്രവണത ഉണ്ടായിട്ടുണ്ട് , കൂടുതൽ ഇനി കൂട്ടാനുള്ള സാധ്യത ഉണ്ടോ?

ഇല്ല ഇനി ഇത് തുറക്കാനില്ല. എല്ലാ മുക്കിലും മൂലയിലും രണ്ടും മൂന്നും ബാർ ആണ് ഇപ്പോൾ. ഈ ബാർകാർക്ക് ഒരു പ്രയോജനം ഇല്ല എന്നാണ് അവർ പറയുന്നത്.

അപ്പോൾ ഈ മദ്യ നയത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ സാമ്പത്തിക വളർച്ച രംഗത്തും, യുവജനങ്ങളുടെ തൊഴിൽപരമായ ബന്ധപ്പെട്ട കാര്യങ്ങളും?

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്? കേരളത്തിലെ ചെറുപ്പക്കാർ കേരളം വിടുന്നു എന്നതാണ്, ഒരു എസൊണൻസ് അവിടെ ഉണ്ടാകുന്നു. ഈ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് നല്ല വിദ്യാഭ്യാസം ഇവിടെ നിന്നില്ല, ഇവിടുത്തെ കോളേജുകളിൽ പഠിക്കാൻ ആളില്ല, പണ്ട് നമ്മൾ പഠിച്ച കോളേജുകളിലേക്ക് ചെന്നാൽ ഇപ്പോൾ അവിടെ ആളില്ല, രണ്ടോ മൂന്നോ സബ്ജെക്റ്റിന് മാത്രമാണ് കുട്ടികൾ ഇപ്പോൾ ഉള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികൾ ഇവിടെ ഇല്ലാത്തതുകൊണ്ട് കുട്ടികൾ വിദേശത്തേക്ക് പോകുന്നു, അവിടെ പഠിക്കുന്നു, ജോലി ചെയ്യുന്നു, എന്നിട്ട് അവർ എന്ത് ചെയ്യുന്നു അവിടെ താമസിക്കുന്നു. ഇവിടേക്ക് ആരും വരുന്നില്ല കേരളം ഒരു ഓൾഡേജ് ഹോം ആയി മാറുകയാണ്. നമ്മൾ കുറെ ആളുകൾ ഇവിടെ ജീവിക്കുന്നു എന്നുള്ളതല്ല അതിനപ്പുറത്തേക്ക് പുതിയ തലമുറയിൽ പെട്ട ആരും ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല അത് വലിയൊരു തെറ്റല്ലേ, അപ്പോൾ ഇവിടെ എന്താ ചെയ്യേണ്ടത്, ഇവിടെ മികച്ച വിദ്യാഭ്യാസം കൊടുക്കണം, ഞങ്ങൾ അന്തർദേശീയ നിലവാരമുള്ള യൂണിവേഴ്സിറ്റികൾ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അതിന് രൂപംകൊടുത്ത ശ്രീനിവാസനെ അവർ അടിക്കുകയാണ് ചെയ്തത്.

ഇതിൽ ഞാൻ പറഞ്ഞു വന്ന പ്രധാനപ്പെട്ട കാര്യമാണ് വിദ്യാഭ്യാസം മേഖല. കേരളത്തിൽ ഏറ്റവും അടിയന്തരമായ പരിഷ്കാരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ഒരു മേഖല. അപ്പോൾ നമ്മുടെ കുട്ടികൾ ഇവിടെ പഠിക്കാനില്ല. കഴിഞ്ഞദിവസം പത്രത്തിൽ വായിച്ച ഏറെ രസകരമായ ഒരു കാര്യം, ഒരു ദിവസം 7000 പേരെയാണ് എറണാകുളത്തെ ഒരു ഏജൻസി കാനഡയിലേക്ക് വിടുന്നത്. കാനഡ എന്ന് പറഞ്ഞാൽ ആറുമാസം ഒരു സൂര്യപ്രകാശം പോലും കിട്ടാത്ത സ്ഥലമാണ്. അപ്പോൾ മലയാളികൾ അവിടെ പോയാൽ അനുഭവിക്കുന്ന പ്രയാസം നമ്മളൊക്കെ അറിയുന്നുണ്ട്. അപ്പോൾ ഇവിടെ മികച്ച യൂണിവേഴ്സിറ്റികൾ ഇല്ല. അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികൾ വേണം.

ഇവിടെ എന്താ എല്ലാ ദിവസവും തർക്കമല്ലേ, വിസി ആര് വേണം? ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ തർക്കം സർക്കാരും ഗവർണറും തമ്മിൽ തർക്കം,ജനങ്ങൾക്ക് അത് ഒന്നും ഒരു വിഷയമല്ല, മികച്ച യൂണിവേഴ്സിറ്റികൾ പിന്നെ ഈ കുട്ടികൾ പഠിച്ചു വന്നാൽ അവർക്ക് ജോലി കിട്ടണ്ടേ, ജോലി കിട്ടണമെങ്കിൽ എന്താ അവസരങ്ങൾ വേണ്ടേ? ഇൻവെസ്റ്റ്മെന്റ് വേണ്ടേ? ഇവിടെ കേരളത്തിൽ ആരാണ് ഇൻവെസ്റ്റ് ചെയ്യുന്നത്? വാസ്തവത്തിൽ നമ്മുടെ എൻആർഐസിന്റെ പണം ഇവിടെ ബാങ്കുകളിൽ കുന്നുകൂടി കിടക്കുന്നുണ്ട്. നമ്മുടെ ഗ്രാമങ്ങളിൽ പോലും നാഷണലൈസ്ഡ് ബാങ്കുകളുടെ ശാഖകൾ അതിവേഗം തുറക്കുകയാണ് എല്ലായിടത്തും. കാരണം എൻആർഐകൾ കേരളത്തിലേക്ക് അയക്കുന്ന പണം ഇവിടെ നിക്ഷേപിക്കുകയാണ്. അപ്പോൾ ഞാൻ അതിന്റെ സിവിആർ റേഷ്യോ ഒന്ന് പരിശോധിച്ചു, കേരളത്തിലാണ് ഏറ്റവും കുറവ്, എന്നാൽ ഏറ്റവും കൂടുതൽ നിക്ഷേപം ഉള്ളത് കേരളത്തിലാണ്. നിക്ഷേപം എന്നാൽ ബാങ്കിൽ നിക്ഷേപിക്കുന്നത്. അതെടുത്തു ഒരു വ്യവസായം തുടങ്ങാൻ ആരും മുന്നോട്ടു വരുന്നില്ല. അതേസമയം തമിഴ്നാട് കർണാടക ആന്ധ്രാ ഇവിടെയൊക്കെ ആളുകൾ മുന്നോട്ട് വരുന്നുണ്ട്.

കേരളം ഇൻവെസ്റ്റ്മെന്റ് ഫ്രണ്ട്‌ലി അല്ലെ?

അല്ല ഇൻവെസ്റ്റ്മെന്റ് ഫ്രണ്ട്‌ലി അല്ല. ആളുകൾ പണം മുടക്കാൻ മുന്നോട്ട് വരുന്നില്ല. ആളുകൾക്ക് ഭയമാണ്, ഇപ്പോഴും നമ്മുടെ ഇ സ്റ്റോക്കും ഇൻവെസ്റ്റർസും പറയാറുണ്ട് പക്ഷെ ആരും വരുന്നില്ലല്ലോ. കേരളത്തിൽ വൻകിട വ്യവസായങ്ങൾക്ക് പ്രശ്നമുണ്ട്. ലാൻഡിന്റെ അവൈലബിലിറ്റി, ഇവിടെ വേണ്ടത്ര ലാൻഡ് ഇല്ല. കാരണം നമ്മുടെ ഡെൻസിറ്റി ഓഫ് പോപ്പുലേഷൻ വളരെ കൂടുതലാണ്. എന്നാൽ അതിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റിയ മേഖലയുമുണ്ട്. ഏറ്റവും കൂടുതൽ സർവീസ് സെക്ടർ ഐടി റിലേറ്റഡ് ആക്ടിവിറ്റീസ് അതോടൊപ്പം തന്നെ ഏറ്റവും നല്ല മേഖലയായ ടൂറിസം ഡെവലപ്മെന്റ്.

അല്ല ഈ റിസോഴ്സസ് ആവശ്യത്തിൽ അധികം ഉണ്ടെങ്കിൽ പോലും അതിന് ആനുപാതികമായി, അതിപ്പോൾ വ്യവസായിക രംഗത്ത് ആയിക്കോട്ടെ ടൂറിസം രംഗത്ത് ആയിക്കോട്ടെ എഡ്യൂക്കേഷൻ രംഗത്ത് ആയിക്കോട്ടെ അതിന് ഒരു നയരൂപീകരണവും വിശാല കാഴ്ചപ്പാടും ദിശാബോധവും എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടില്ല?

യൂഡിഎഫിനെ സംബന്ധിച്ചിടത്തോളം അതിനൊക്കെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. ഞങ്ങൾ കൊണ്ടുവന്ന പദ്ധതികളെല്ലാം അവർ ആയിരുന്നു എതിർത്തിരുന്നത്. വിദേശ യൂണിവേഴ്സിറ്റികൾ കേരളത്തിൽ വേണമെന്ന് പറഞ്ഞപ്പോൾ എതിർത്തവരാണ്. ജോൺ ഹോമിങ്സ് യൂണിവേഴ്സിറ്റിയുടെ ഒരു മെഡിക്കൽ കോളേജ് മൂന്നാറിൽ വന്നപ്പോൾ സിഐഎ നമ്മുടെ രഹസ്യം മുഴുവൻ ചോർത്തി കളയും എന്ന് പറഞ്ഞ് വേണ്ടെന്നുവച്ചതാണ്. മാത്രമല്ല ഇൻവെസ്റ്റ്മെന്റ് മേഖലകൾ തിരിച്ചു വേണം. നമ്മുടെ കുട്ടികൾക്ക് ഇവിടെ നന്നായി പഠിക്കാൻ, അന്താരാഷ്ട്ര നിലവാരത്തിൽ പഠിക്കാൻ അവർക്ക് പഠിച്ചു കഴിഞ്ഞാൽ ജോലി കിട്ടാൻ, ഡീസന്റ് ആയി ജീവിക്കാൻ ഇവിടെ ഒരു സാഹചര്യം കൊടുക്കുകയാണെങ്കിൽ ഈ കേരളം വിട്ട് ആരും പോകില്ല, അപ്പോൾ ഈ എസൊണാൻസ് ഉണ്ടാകില്ല.

ഞങ്ങളുടെ ലക്ഷ്യം അതാണ്. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഈ കേരളത്തിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ മികച്ച വിദ്യാഭ്യാസം, മികച്ച തൊഴിൽ, മികച്ച ജീവിതം , കൊടുക്കാൻ ഞങ്ങൾ മുന്നോട്ടു വരും. അതാണ് ഞങ്ങൾക്ക് പ്രധാനം. രണ്ടാമത്തെ കാര്യം വ്യവസായത്തെ പറ്റി പറഞ്ഞു. വ്യവസായത്തിന് വിവിധ മേഖലകൾ ഉണ്ട്. ഇപ്പോൾ മന്ത്രി രാജീവ് വ്യവസായത്തിന്റെ ഡെഫിനിഷൻ മാറ്റിയത് കൊണ്ട് ഒരാൾ ഒരു ബൂട്ടിക്ക് തുടങ്ങിയാൽ അത് ഒരു വ്യവസായമാണ്. അതാണ് അദ്ദേഹം ഈ എടുത്തു പറയുന്നത്, ഒരു ലക്ഷം വ്യവസായം വന്നു അതിൽ അമ്പതിനായിരം പൂട്ടി. വ്യവസായ ഓഫീസർ നാട്ടിൽ നടന്ന ചോദിക്കുക എവിടെയെങ്കിലും ബാർബർ ഷോപ്പ് തുടങ്ങിയോ കോഫി ഷോപ്പ് തുടങ്ങിയോ അതെല്ലാം വ്യവസായത്തിന് ഡെഫിനിഷനിൽ നിന്നും മാറ്റം വരുത്തിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ വ്യവസായം എങ്ങനെ മാറി. ഞാൻ കഴിഞ്ഞ ദിവസം ഐഎസ്ആർഒ മുൻ ചെയർമാൻമാരോട് സംസാരിച്ചു. അവർ എന്നോട് പറഞ്ഞു സാർ കേരളമാണ് ഏറ്റവും ഐഡിയൽ സ്പേസ്. കാരണം ഇവിടെ വി എസ് എസ് ഇ , ഐ എസ് ആർ ഓ ഒകെ ഉണ്ട്. പക്ഷേ കേരളത്തിൽ സ്പേസ് റിലേറ്റഡ് ആയിട്ടുള്ള ഒരു ഇൻഡസ്ട്രീം ഇല്ല. ആരും മുന്നോട്ട് വരുന്നില്ല, പക്ഷെ കേരളത്തിൽ വലിയ സ്കോപ്പ് ആണ് ഉള്ളത്. അതേസമയം തമിഴ്നാട് കർണാടക ബാംഗ്ലൂർ ഒക്കെ ഈ രംഗത്ത് വളരെ മുന്നിലാണ്. എന്തുകൊണ്ട് നമുക്ക് അതിനെപ്പറ്റി ആലോചിച്ചുകൂടാ? ഗവൺമെന്റ് എന്തുകൊണ്ടാ ആലോചിച്ചു കൂടാ? പ്രൈവറ്റ് ആയി വരുന്ന ആളുകളെ പ്രോത്സാഹിപ്പിക്കുക ഈ സ്പേസ് റിലേറ്റഡ് ആയിട്ടുള്ള ഇൻഡസ്ട്രീസ് ഏറ്റവും നന്നായി ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒരു മേഖലയാണ്. അതുപോലെ നമുക്ക് എടുക്കാൻ കഴിയുന്ന ഒരു മേഖലയാണ് സമുദ്രോല്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖല. കൂടാതെ ഐടി റിലേറ്റഡ് ആയിട്ടുള്ള ഐടി പാർക്കുകൾ കൂടുതൽ സ്ഥാപിക്കുകയും കൂടുതൽ കയറ്റുമതി അവസരം ഉണ്ടാകുകയും ചെയ്യാം. കർണാടകവും, ചെന്നൈയും, ഹൈദരാബാദത്തും ,ഒക്കെ ഐടി മേഖലയിൽ കുതിച്ചുചാട്ടം ആണ്. നമുക്കല്ലേ അത് കിട്ടേണ്ടിയിരുന്നത്. ഞാൻ ഈ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അധികാരത്തിൽ വരികയാണെങ്കിൽ ഐടി മേഖലയ്ക്ക് കുതിച്ചു ചാട്ടത്തിന് നമ്മൾ നേതൃത്വം കൊടുക്കും. അതൊരു സംശയമില്ലാത്ത കാര്യമാണ്.

അഭിമുഖം തയ്യാറാക്കിയത് : പ്രകാശ് സി.എൻ

വീഡിയോയുടെ ആദ്യഭാഗം കാണുക…

Share Email
Top