തിരുവനന്തപുരത്തെയും തൃശൂരിലെയും ബി.ജെ.പിയുടെ കണക്ക് കൂട്ടലുകൾക്ക് പിന്നിൽ ചിലതുണ്ട് . . .

തിരുവനന്തപുരത്തെയും തൃശൂരിലെയും ബി.ജെ.പിയുടെ കണക്ക് കൂട്ടലുകൾക്ക് പിന്നിൽ ചിലതുണ്ട് . . .

ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഇടതുപക്ഷവും യു.ഡി.എഫും ശക്തമായി പറയുന്നുണ്ടെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടന്നിരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വലിയ രൂപത്തില്‍ വോട്ട് പിടിച്ചാല്‍ അത് ഏറ്റവും അധികം ദോഷം ചെയ്യുക യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ആയിരിക്കും. ഇടതുപക്ഷത്തിന്റെ അവസാന വോട്ടും പന്ന്യന്റെ പെട്ടിയില്‍ വീണതിനാല്‍ ഇടതുപക്ഷ നേതൃത്വവും വലിയ ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ വിധിയെഴുത്തുണ്ടായാല്‍ പന്ന്യന്‍ രവീന്ദ്രന്‍ വിജയിക്കുമെന്നതാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

പന്ന്യന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുകയും 2019- നോക്കാള്‍ ബി.ജെ.പി വോട്ട് ഷെയര്‍ ഉയര്‍ത്തുകയും ചെയ്താല്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല 2019-ല്‍ ബി.ജെ.പി സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ഏക മണ്ഡലവും തിരുവനന്തപുരമാണ്. ഇനി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയിക്കാന്‍ തരൂരിന് കഴിഞ്ഞാല്‍ പോലും ഭൂരിപക്ഷം വളരെ കുറവായിരിക്കും. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ഉള്ള ഗ്രൗണ്ട് റിയാലിറ്റിയും അതു തന്നെയാണ്.

തിരുവനന്തപുരത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ തൊട്ടടുത്ത മണ്ഡലമായ ആറ്റിങ്ങലില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ജോയിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ ശക്തമായി രംഗത്തുള്ളത് മൂലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ വോട്ട് ചോര്‍ത്തി കളഞ്ഞാല്‍ ജോയിക്ക് കാര്യങ്ങള്‍ എളുപ്പമാകും. അതേസമയം ഈ മണ്ഡലത്തില്‍ മുരളീധരന് അനുകൂലമായ നിശബ്ദ തരംഗമുണ്ടെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതൃത്വവും പ്രതീക്ഷയില്‍ തന്നെയാണ് ഉള്ളത്. ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന അടുത്ത മണ്ഡലം തൃശൂരാണ്. ഏറ്റവും ഒടുവില്‍ ഉണ്ടായ തൃശൂര്‍ പൂരവിവാദം കൂടി വോട്ടായാല്‍ സുരേഷ് ഗോപി വിജയിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. തൃശൂരിലും തിരുവനന്തപുരത്തും വിജയിക്കുമെന്ന നിഗമനത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വവും ഉള്ളത്.

എന്നാല്‍ ജനകീയനായ വി.എസ് സുനില്‍കുമാര്‍ വന്നതോടെ തൃശൂരിന്റെ ചിത്രം മാറിയെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. തൃശൂര്‍ വിജയിക്കും എന്ന കണക്കു കൂട്ടലില്‍ തന്നെയാണ് ഇടതു നേതാക്കള്‍ മുന്നോട്ട് പോകുന്നത്. കെ. മുരളീധരന്‍ വന്നതോടെ പ്രതാപന് കിട്ടേണ്ട വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കില്ലന്നാണ് ഇടതുപക്ഷവും ബി.ജെ.പിയും വിലയിരുത്തുന്നത്. മുരളീധരനാകട്ടെ പാര്‍ട്ടി നേതാക്കളുടെ നിസഹരണത്തില്‍ കടുത്ത അതൃപ്തിയിലുമാണ് ഉള്ളത്. കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനം 2019 പോലെ ഇത്തവണ തിരുവനന്തപുരത്തും തൃശൂരിലും പ്രവര്‍ത്തിച്ചിട്ടില്ലന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതു തന്നെയാണ് നേതൃത്വത്തിന്റെയും ചങ്കിടിപ്പിക്കുന്നത്. ഈ പ്രതിസന്ധികളെ മറികടന്ന് തരൂരും, മുരളീധരനും വിജയിച്ചാല്‍ അത് യു.ഡി.എഫിന്റെ നേട്ടം എന്നതിലുപരി അവരുടെ വ്യക്തിപരമായ നേട്ടമായി മാറാനാണ് സാധ്യത.

ബി.ജെ.പി എ ക്ലാസ്സ് മണ്ഡലമായി കരുതുന്ന പത്തനംതിട്ടയില്‍ പ്രമുഖ ക്രൈസ്തവസഭ പരസ്യമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിജയിക്കാന്‍ ഒരു സാധ്യതയുമില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയേക്കാള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനാണ് സാധ്യത കൂടുതല്‍. വോട്ടിങ്ങ് ശതമാനം കുത്തനെ കുറഞ്ഞതും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. എം.പി എന്ന നിലയില്‍ ആന്റോ ആന്റണിക്ക് എതിരെ മണ്ഡലത്തില്‍ വലിയ വികാരമുണ്ടെന്നതും ഇടതു പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുന്നതാണ്. കൈക്കൂലി ആരോപണം മുതല്‍ നിരവധി ആരോപണങ്ങളില്‍പ്പെട്ട് മുഖം നഷ്ടപ്പെട്ട അനില്‍ ആന്റണിക്ക് വലിയ തിരിച്ചടി ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് ഉള്ളില്‍ തന്നെ സംശയമില്ലാത്ത സാഹചര്യമാണ് ഉള്ളത്. പി.സി ജോര്‍ജിനെ മാറ്റി നിര്‍ത്തി അനില്‍ ആന്റണിക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗവും കലിപ്പിലാണ് ഉള്ളത്. ഇവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിഷ്‌ക്രിയരായിരുന്നു എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ബി.ജെ.പി വിജയിച്ചില്ലങ്കിലും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ള മണ്ഡലം ആലപ്പുഴയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസ്സിന്റെ പെട്ടിയില്‍ നിന്നാണെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആരിഫിനായിരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വന്നതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മത്സരമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്. പാലക്കാടും ബി.ജെ.പി പിടിക്കുന്ന വോട്ടുകള്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക.
ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചാല്‍ കാബിനറ്റ് റാങ്കോടെ തന്നെ കേന്ദ്രമന്ത്രി പദം ഉറപ്പാണെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം പറയുന്നത്. അവരുടെ സകല പ്രതീക്ഷയും ഇപ്പോള്‍ തൃശൂരിലും തിരുവനന്തപുരത്തുമാണ്.

അഥവാ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ അവര്‍ വിജയിക്കുന്ന മണ്ഡലങ്ങളില്‍ ആരുടെ വോട്ടുകളാണ് കുറഞ്ഞതെന്ന കണക്കു കൂട്ടലാണ് നടക്കുക. കുറവ് ഇടതുപക്ഷത്തിന്റെ പെട്ടിയിലാണെങ്കില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെടുക. ഇനി യു.ഡി.എഫിന്റെ പെട്ടിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായതെങ്കില്‍ അത് കോണ്‍ഗ്രസ്സിനേക്കാള്‍ പ്രതിസന്ധി സൃഷ്ടിക്കുക മുസ്ലീംലീഗിലായിരിക്കും. ഒരു പൊട്ടിത്തെറിയിലേക്ക് തന്നെ അത്തരമൊരു സാഹചര്യം യു.ഡി.എഫിനെ എത്തിക്കും. ബി.ജെ.പിക്ക് സീറ്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലങ്കില്‍ കെ സുരേന്ദ്രന് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും. കേരള ബി.ജെ.പിയുടെ ഘടന തന്നെയാണ് അതോടെ ദേശീയ നേതൃത്വം പൊളിച്ചെഴുതുക.

Top