പുനർജനി കേസിൽ വി. ഡി. സതീശനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിൽ കഴമ്പില്ലാത്തതിനാലാണ് കേസ് മുന്നോട്ട് പോകാതിരുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ മുഖ്യമന്ത്രിക്ക് പോലുമില്ലാത്ത സംശയമാണ് എം. വി. ഗോവിന്ദന് ഇപ്പോഴുമുള്ളതെന്നും, തെരഞ്ഞെടുപ്പിൽ തോറ്റത് മുതൽ അദ്ദേഹത്തിന് സംശയം കൂടുതലാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കാനും കസ്റ്റഡി മർദ്ദനങ്ങൾ ഇല്ലാതാക്കാനുമായി ഓഗസ്റ്റ് 15 മുതൽ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് തുടക്കമിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ ചുമതലകൾ എസ്.ഐമാർക്ക് കൈമാറുമെന്നും 63 സ്റ്റേഷനുകളിൽ വനിതാ എസ്.ഐമാർ എസ്.എച്ച്.ഒമാരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ‘റൂം ഫോർ റിവർ പഠിക്കാൻ വിദേശത്ത് പോയതല്ലാതെ മണൽ മാറ്റിയില്ല’! മഴക്കെടുതിയിൽ സർക്കാരിനെതിരെ ഷോൺ ജോർജ്
പൊലീസിലെ അംഗബലം കൂട്ടാനും ഗുണ്ടകളെ ശക്തമായി അടിച്ചമർത്താനും സർക്കാർ മുൻകൈയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മുൻ സർക്കാരിന്റെ കാലത്തെ മുൻഗണനാ പട്ടിക പ്രകാരമാണ് എസ്. ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയതെന്നും, മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.





