‘സതീശൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയില്ല’; വി.ഡി. സതീശന് പരസ്യ പിന്തുണയുമായി നടൻ സിദ്ദിഖ്

സതീശനല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

‘സതീശൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയില്ല’; വി.ഡി. സതീശന് പരസ്യ പിന്തുണയുമായി നടൻ സിദ്ദിഖ്
‘സതീശൻ അല്ലാതെ മറ്റൊരു മുഖ്യമന്ത്രിയില്ല’; വി.ഡി. സതീശന് പരസ്യ പിന്തുണയുമായി നടൻ സിദ്ദിഖ്

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന് നടൻ സിദ്ദിഖ് ആവശ്യപ്പെട്ടു. സതീശനല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗ്രൂപ്പ് കളികളോ അധികാര വടംവലിയോ നടത്തി മറ്റാരെയെങ്കിലും ആ പദവിയിലേക്ക് കൊണ്ടുവന്നാൽ അത് ജനങ്ങൾ സഹിക്കില്ലെന്നും കോൺഗ്രസ് നേതൃത്വത്തിന് നൽകിയ കുറിപ്പിൽ സിദ്ദിഖ് മുന്നറിയിപ്പ് നൽകുന്നു.

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളോടുള്ള എതിർപ്പ് മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവുണ്ടെന്ന വിശ്വാസമാണ് യുഡിഎഫിന് ഈ വിജയം സമ്മാനിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഏക നേതാവാണ് സതീശൻ. സമുദായ നേതാക്കളുടെ തിണ്ണനിരങ്ങാത്ത, ആരുടെയും ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതൃത്വം പ്രാദേശിക നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി പരിഗണിക്കണമെന്ന് സിദ്ദിഖ് അപേക്ഷിച്ചു. തീരുമാനങ്ങളിൽ പിഴവ് പറ്റിയാൽ വിചാരിക്കുന്നതിലും വലിയ തിരിച്ചടിയാകും പാർട്ടി നേരിടേണ്ടി വരിക. കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ കൈകൂപ്പിയുള്ള അപേക്ഷയാണിതെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ എന്ന പേര് മാത്രമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share Email
Top