‘കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല’; വികാരാധീനനായി മോഹൻലാൽ

നൂതന സാങ്കേതികവിദ്യയായ ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ വേദിയിൽ വികാരാധീനനായി സംസാരിക്കുന്ന നടൻ മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്

‘കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല’; വികാരാധീനനായി മോഹൻലാൽ
‘കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല’; വികാരാധീനനായി മോഹൻലാൽ

ലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിലൊന്നായ ‘കിരീടം’ 37 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. നൂതന സാങ്കേതികവിദ്യയായ ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ വേദിയിൽ വികാരാധീനനായി സംസാരിക്കുന്ന നടൻ മോഹൻലാലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിൽ തന്നോടൊപ്പം വേഷമിട്ട ഭൂരിഭാഗം പ്രിയപ്പെട്ട താരങ്ങളും ഇന്ന് ജീവനോടെയില്ലെന്ന യാഥാർത്ഥ്യം പങ്കുവെച്ചപ്പോൾ ലാലേട്ടന്റെ കണ്ണുകൾ നിറഞ്ഞു.

തന്റെ 48 വർഷത്തെ നീണ്ട സിനിമാ ജീവിതത്തിൽ എടുത്തുപറയാവുന്ന ഏറ്റവും അപൂർവ്വമായ ചിത്രമാണ് കിരീടമെന്ന് മോഹൻലാൽ ഓർത്തെടുത്തു. തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം നേടിത്തന്ന ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലിന് അദ്ദേഹം വേദിയിൽ വെച്ച് നന്ദി പറഞ്ഞു. തന്റെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും സിബിയുടെ തന്നെ ചിത്രത്തിലൂടെയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരേസമയം വലിയ സന്തോഷവും സങ്കടവും നൽകുന്ന നിമിഷമാണിതെന്നും, സ്‌ക്രീനിൽ ആ പഴയ മുഖങ്ങൾ കണ്ടപ്പോൾ പെട്ടെന്ന് 37 വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചതുപോലെ തോന്നിയെന്നും താരം വികാരാധീനനായി പറഞ്ഞു.

Also Read: നടി അൻസിബയുടെ പരാതിയിൽ കുരുക്ക് മുറുകുന്നു; മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം കോടതിയിൽ!

“ഇങ്ങനെയൊരു സിനിമയെടുക്കാൻ ഇങ്ങനെയുള്ള ആളുകളൊന്നും ഇന്ന് നമ്മുടെ കൂടെയില്ലല്ലോ എന്ന് ഞാൻ സിബിയോട് ചോദിച്ചു. അതിന്റെ വലിയൊരു സങ്കടം ഉള്ളിലുണ്ട്,” മോഹൻലാൽ പറഞ്ഞു. അന്നത്തെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്രയും വൈകാരികമായ ഒരു സിനിമ ചെയ്തെടുക്കുക എന്നത് വലിയൊരു കാര്യമായിരുന്നുവെന്നും, ഇന്ന് ആ സിനിമ ചെയ്യുകയാണെങ്കിൽ അത് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി. കിരീടം കാണുമ്പോൾ ആർക്കായാലും കുറച്ചധികം ഇമോഷണൽ ആവുമെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈ നിമിഷത്തിൽ ഓർക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

വരുന്ന ജൂലൈ 10-നാണ് വലിയ കാത്തിരിപ്പുകൾക്കൊടുവിൽ ‘കിരീടം’ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിലെ ‘സേതുമാധവൻ’ എന്ന കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളായാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേർർന്നാണ് ചിത്രം അന്ന് നിർമിച്ചത്.

Also Read: “ശരീരത്തിൽ എവിടെ തൊട്ടാലും വേദന!” 16 വയസ്സ് മുതലുള്ള പോരാട്ടം പറഞ്ഞ് ഐശ്വര്യ രാജൻ

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ്, കുണ്ടറ ജോണി, കനകലത തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കൂടാതെ ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി തുടങ്ങിയവരുടെയും പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്. കുമാറിന്റെ ഛായാഗ്രഹണവും, എൽ. ഭൂമിനാഥന്റെ ചിത്രസംയോജനവും, കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ സംഗതവും ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. പുത്തൻ ദൃശ്യ-ശ്രാവ്യ ഭംഗിയോടെ എത്തുന്ന സേതുമാധവന്റെയും അച്ചുതൻ നായരുടെയും കഥ തിയേറ്ററുകളിൽ വീണ്ടും വലിയ ചലനമുണ്ടാക്കുമെന്നുറപ്പാണ്.

Share Email
Top