കൊച്ചി: ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് റാപ്പര്‍ വേടൻ. തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് വേടന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
ഗവേഷക വിദ്യാർത്ഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയതായിരുന്നു വേടന്‍. ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടൻ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതിൽ തനിക്ക് യാതൊരുവിധ സംശയവുമില്ല. ബാക്കി കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടൻ വ്യക്തമാക്കി.
Also Read: ലോകയുടെ വിജയം ! റിലീസ് മാറ്റിവെച്ച് ദുൽഖർ നായകനായ ‘കാന്ത’
വേടനെതിരായ കേസുകളിൽ കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് വേടന്റെ സഹോദരൻ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും സഹോദരൻ പറഞ്ഞു.






