നിലമ്പൂരിൽ ‘കുടുങ്ങി’കോൺഗ്രസ്സ്, അൻവർ എഫക്ട് തിരിച്ചടിച്ചാൽ ഇടതിനും പ്രതീക്ഷക്ക് വകയുണ്ട്

സ്വന്തം എം.എൽ.എ പാർട്ടിക്കും മുന്നണിക്കും എതിരായി പരസ്യമായി പോർവിളിച്ച മണ്ണിൽ, വീണ്ടും ചെങ്കൊടി പാറിക്കാൻ സി.പി.എമ്മിനു കഴിഞ്ഞാൽ, ആ ഒരൊറ്റ വിജയം കൊണ്ട് മാത്രം, സംസ്ഥാന ഭരണത്തിൽ മൂന്നാം ഊഴവും ഉറപ്പാകും

നിലമ്പൂരിൽ ‘കുടുങ്ങി’കോൺഗ്രസ്സ്, അൻവർ എഫക്ട് തിരിച്ചടിച്ചാൽ ഇടതിനും പ്രതീക്ഷക്ക് വകയുണ്ട്
നിലമ്പൂരിൽ ‘കുടുങ്ങി’കോൺഗ്രസ്സ്, അൻവർ എഫക്ട് തിരിച്ചടിച്ചാൽ ഇടതിനും പ്രതീക്ഷക്ക് വകയുണ്ട്

പി.വി അൻവറിൻ്റെ അപ്രതീക്ഷിത രാജി യഥാർത്ഥത്തിൽ യു.ഡി.എഫിനെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥി ആരാകണമെന്ന നിർദ്ദേശം അൻവർ മുന്നോട്ട് വച്ചത്, കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അൻവർ ശുപാർശ ചെയ്ത ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പിളരും. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസ്സ് വിട്ടാൽ, അത് ജില്ലയിലെ യു.ഡി.എഫിന് വലിയ പ്രഹരമായി മാറും.

ഷൗക്കത്താണ് സ്ഥാനാർത്ഥിയെങ്കിൽ, പിന്തുണ നൽകില്ലെന്ന നിലപാട് സ്വീകരിച്ച പി.വി അൻവർ, വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ആര്യാടൻ ഷൗക്കത്ത് ആരാണ് എന്നായിരുന്നു അൻവറിൻ്റെ ചോദ്യം. “ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ. സിനിമ എടുക്കുന്ന ആൾ അല്ലെ എന്നൊക്കെ ചോദിച്ച അൻവർ, ഷൗക്കത്തിന് വിജയ സാധ്യത ഇല്ലെന്നും തുറന്നടിച്ചിട്ടുണ്ട്. അൻവറിൻ്റെ ഈ പ്രതികരണം നിലമ്പൂരിലെയും മലപ്പുറത്തെയും കോൺഗ്രസ്സ് പ്രവർത്തകർക്ക് മാത്രമല്ല, നേതാക്കൾക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതായത്, അൻവറിനെ ചൊല്ലി കോൺഗ്രസ്സ് തന്നെ രണ്ട് ചേരിയായ അവസ്ഥയാണ് നിലവിലുള്ളത്.

Also Read: പി.വി അൻവറിനെ വിമർശിച്ച് എ വിജയരാഘവൻ

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. “പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്നാണ് കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ തുറന്നടിച്ചിരിക്കുന്നത്. “മുൻപ് നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ, അൻവർ ആഫ്രിക്കയിലായിരുന്നുവെന്നും, അന്ന് പ്രതിഷേധിച്ചവർക്ക് നേരെ കേസ് എടുത്തവരാണ് ഇടതുപക്ഷവും അൻവറുമെന്നാണ് അദ്ദേഹം പറയുന്നത്. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് കാപട്യവും അവസരവാദപരവും ആണെന്നതാണ് കോൺഗ്രസ്സ് നിലമ്പൂർ മണ്ഡലം സെക്രട്ടറിയുടെ വിലയിരുത്തൽ.

Nilambur MLA PV Anvar joins Trinamool Congress in presence of party general secretary

ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവർക്ക് എല്ലാം തന്നെ ഇതേ അഭിപ്രായമാണുള്ളത്. ഇതുതന്നെയാണ് അൻവറിനെയും ചൊടിപ്പിച്ചിരിക്കുന്നത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് ഏത് വിധേനെയും മുടക്കുക എന്നതു തന്നെയാണ് അൻവർ ലക്ഷ്യമിടുന്നത്. അതേസമയം, ചേലക്കരയിൽ അൻവറിൻ്റെ നിർദ്ദേശം തള്ളിയ കോൺഗ്രസ്സിന്, നിലമ്പൂരിൽ അത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല. കാരണം, വ്യക്തിപരമായി അൻവർ കളത്തിലിറങ്ങിയാൽ, ഒരുപാട് വോട്ടുകൾ അദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയും. തദ്ദേശ തിരഞ്ഞെടുപ്പിനും അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപ് നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാൽ, വിജയിക്കേണ്ടത് യു.ഡി.എഫിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. അതിന് അവർക്ക് സാധിച്ചില്ലെങ്കിൽ, 2026-ൽ ഭരണത്തിൽ തിരിച്ചു വരിക എന്ന സ്വപ്നം തന്നെ തകരും.

Also Read: പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനർ

സ്വന്തം എം.എൽ.എ പാർട്ടിക്കും മുന്നണിക്കും എതിരായി പരസ്യമായി പോർവിളിച്ച മണ്ണിൽ, വീണ്ടും ചെങ്കൊടി പാറിക്കാൻ സി.പി.എമ്മിനു കഴിഞ്ഞാൽ, ആ ഒരൊറ്റ വിജയം കൊണ്ട് മാത്രം, സംസ്ഥാന ഭരണത്തിൽ മൂന്നാം ഊഴവും ഉറപ്പാകും. ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും, പി.വി അൻവർ കടന്നാക്രമിച്ചതു പോലെ, മറ്റൊരു നേതാവും കടന്നാക്രമിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, ഇടതുപക്ഷത്തിൻ്റെ പരാജയം നിലമ്പൂരിൽ ഉറപ്പാക്കേണ്ടത് പി.വി അൻവറിനും അനിവാര്യമാണ്. നിലമ്പൂരിൽ യുഡിഎഫിനെ പിന്തുണയ്ക്കുക, അതുവഴി തൃണമൂൽ കോൺഗ്രസ്സിനെ യു.ഡി.എഫിൽ എത്തിക്കുക എന്നതാണ് അൻവറിൻ്റെ സ്ട്രാറ്റജി.

യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ തന്നെ, തൻ്റെ കോൺഗ്രസ്സ് പ്രവേശനത്തിന് പാരവച്ച ആര്യാടൻ ഷൗക്കത്തിനെ ഒതുക്കുക എന്നതും, അൻവറിൻ്റെ അജണ്ടയാണ്. ഉപതിരഞ്ഞെടുപ്പിൽ വി.എസ് ജോയി മത്സരിച്ച് ജയിച്ചാൽ, 2026-ലെ പൊതു തിരഞ്ഞെടുപ്പിലും ജോയി തന്നെയാകും മത്സരിക്കുക എന്നാണ്, അൻവർ കണക്ക് കുട്ടുന്നത്. ഇതോടെ, നിലമ്പൂരിൽ മത്സരിക്കുക എന്ന ആര്യാടൻ ഷൗക്കത്തിൻ്റെ ആഗ്രഹമാണ് പൊലിയുക. യു.ഡി.എഫ് സംവിധാനത്തിൽ മലപ്പുറം ജില്ലയിൽ നാല് നിയമസഭാ സീറ്റുകളിലാണ് കോൺഗ്രസ്സ് മത്സരിക്കാറുള്ളത്.

Aryadan Shoukath

നിലമ്പൂർ, തവനൂർ, പൊന്നാനി, വണ്ടൂർ മണ്ഡലങ്ങളാണിത്. ഇടതുപക്ഷത്തിൻ്റെ കോട്ടയായ , പൊന്നാനിയിലും തവനൂരിലും, ഇനിയും കോൺഗ്രസ്സ് വിജയിക്കാൻ ഒരു സാധ്യതയുമില്ല. സംവരണ മണ്ഡലമായ വണ്ടൂരിൽ എ.പി അനിൽകുമാറാണ് എം.എൽ.എ. അടുത്ത തവണയും ഈ സീറ്റ് അനിൽകുമാറിനു തന്നെ നൽകാനാണ് സാധ്യത. ശക്തമായ പോരാട്ടം കാഴ്ചവച്ചാൽ, പിടിച്ചെടുക്കാൻ പറ്റുമെന്ന് കോൺഗ്രസ്സ് വിശ്വസിക്കുന്ന മണ്ഡലം നിലമ്പൂരാണ്. ദീർഘകാലം ആര്യാടൻ മുഹമ്മദ് കുത്തകയാക്കി വച്ച ഈ മണ്ഡലം, സി.പി.എം നൽകിയ പിന്തുണയുടെ കരുത്തിലാണ് 2016 ൽ പി.വി അൻവർ പിടിച്ചെടുത്തിരുന്നത്.

2021-ൽ ഈ വിജയം ആവർത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇടതുപക്ഷത്ത് നിന്നും പുറത്തു വന്ന അൻവറിന്, ഒറ്റയ്ക്ക് നിന്നു മത്സരിച്ചാൽ വിജയിക്കാൻ ഒരു സാധ്യതയും ഇല്ലാത്തതിനാലാണ്, രാജിവച്ചശേഷം, തന്ത്രപരമായ നിലപാട് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ്സിനെ യു.ഡി.എഫിൽ എടുത്തില്ലെങ്കിൽ, ഈ പാർട്ടി ഒറ്റയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും പൊതുതിരഞ്ഞെടുപ്പിലും മത്സരിച്ചാൽ, അത് യു.ഡി.എഫിൻ്റെ വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കുക. അതോടെ, ഇടതുപക്ഷത്തിനാണ് കാര്യങ്ങൾ എളുപ്പമാകുക.

Also Read: ‘അയാൾ കഥയെഴുതുകയാണ് ‘; ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ച് അൻവർ

ഇനി തൃണമൂലിനെ യു.ഡി.എഫിൽ എടുക്കുന്നതിനും, ചില തടസ്സങ്ങളുണ്ട്. ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിൻ്റെ ഭാഗമാണെങ്കിലും, രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാത്ത പാർട്ടിയാണിത്. മാത്രമല്ല, പശ്ചിമ ബംഗാളിലെ കോൺഗ്രസ്സ് നേതൃത്വം, സി.പി.എമ്മിനൊപ്പം നിന്ന് തൃണമൂലിന് എതിരെ പോരാടുന്നവരുമാണ്. ഈ സാഹചര്യവും, കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് പരിഗണിക്കേണ്ടതായി വരും. ഈ പരിമിതികൾ എല്ലാം മറന്ന് തൃണമൂലിനെ യു.ഡി.എഫിൽ എടുത്താലും, സീറ്റുകൾ വിട്ടു നൽകുന്ന കാര്യത്തിലും കോൺഗ്രസ്സും ലീഗും വലിയ അഗ്നിപരീക്ഷണമാണ് നേരിടേണ്ടി വരിക.

തൃണമൂൽ കോൺഗ്രസ്സ് രാജ്യസഭ സീറ്റ് നൽകിയാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, അത് സംഭവിച്ചില്ലെങ്കിൽ, വിജയ സാധ്യതയുള്ള സീറ്റിനായി അൻവർ പിടിമുറുക്കും. അപ്പോഴും തലവേദന യു.ഡി.എഫ് നേതൃത്വത്തിനു തന്നെയാണ്. അൻവർ വിജയിക്കുകയും യു.ഡി.എഫിന് ഭരണം ലഭിക്കുകയും ചെയ്താൽ, മന്ത്രി സ്ഥാനവും അൻവറിന് നൽകേണ്ടതായി വരും. ഒറ്റ സീറ്റുകൾ ഉള്ള പാർട്ടികൾക്ക് മന്ത്രിപദവി നൽകുന്നത്, യു.ഡി.എഫും പിന്തുടരുന്ന രീതിയാണ്. കേരള കോൺഗ്രസ്സ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ് ഉൾപ്പെടെ മന്ത്രിയായതും ഇതേ പരിഗണനയിലാണ്.

VS Joy DCC President Malappuram

Also Read: നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി അൻവർ

ഇതൊക്കെ സാധ്യതകളാണെങ്കിലും, സംഭവിക്കുമെന്ന് ഉറപ്പിക്കാൻ കഴിയുന്ന ഒരുകാര്യം മറ്റൊന്നാണ്. അത് നിലമ്പൂരിലെ കോൺഗ്രസ്സിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം തന്നെയായിരിക്കും. വി.എസ് ജോയി നിലമ്പൂരിൽ സ്ഥാനാർത്ഥി ആയാലും ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാലും കോൺഗ്രസ്സ് വോട്ട് ബാങ്കിൽ അടിയൊഴുക്കുകളും, കാലുവാരലും ശക്തമായി തന്നെ നടക്കും. ഇപ്പോൾ തന്നെ, ജില്ലയിലെ കോൺഗ്രസ്സ് രണ്ട് ചേരിയായാണ് മുന്നോട്ട് പോകുന്നത്. ആര്യാടൻ ഷൗക്കത്ത് ഒരു വിഭാഗത്തും, വി.എസ് ജോയി – എ.പി അനിൽകുമാർ എന്നിവർ മറുഭാഗത്തുമായാണ് പ്രവർത്തനം. ഇതിൽ ശക്തൻ ആര്യാടൻ ഷൗക്കത്ത് തന്നെയാണ്. അദ്ദേഹത്തിൻ്റെ പിതാവ് ജീവിച്ചിരുന്ന കാലത്ത്, ആര്യാടൻ കോൺഗ്രസ്സ് എന്നാണ് എ വിഭാഗം ജില്ലയിൽ അറിയപ്പെട്ടിരുന്നത്. ഈ വിഭാഗം ഇപ്പോഴും ജില്ലയിൽ ശക്തമാണ്.

Also Read: ഒടുവിൽ അൻവറിനെ യു.ഡി.എഫാക്കി കേരള പൊലീസ്, പാളിയ അറസ്റ്റിൽ ഇടതുപക്ഷത്തും ഭിന്നാഭിപ്രായം

അൻവറിൻ്റെ സ്വാധീനത്തിനു വഴങ്ങി, വി.എസ് ജോയിയെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയാൽ, ആര്യാടൻ ഷൗക്കത്ത് സ്വതന്ത്രനായി മത്സരിക്കണമെന്ന വികാരമാണ്, ഈ വിഭാഗത്തിനുള്ളത്. അങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യം വന്നാൽ, ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷവും തയ്യാറാകും. സമസ്തയിലെ തർക്കങ്ങൾ മൂർച്ഛിച്ചതും, ഇടതുപക്ഷത്തിനാണ് രാഷ്ട്രീയമായി ഗുണം ചെയ്യുക. മുസ്ലീംലീഗ് വിരുദ്ധരെന്നും മുസ്ലീംലീഗ് അനുകൂലികളെന്നുമുള്ള തലത്തിൽ, സമസ്ത നേതൃത്വം ഇപ്പോൾ മാറികഴിഞ്ഞിട്ടുണ്ട്. ലീഗ് നേതൃത്വത്തിൻ്റെ അനാവശ്യ ഇടപെടലാണ്, സാമുദായിക സംഘടനയായ സമസ്തയിൽ കാര്യങ്ങൾ വഷളാക്കിയിരിക്കുന്നത്. സുന്നി എ.പി വിഭാഗവും കടുത്ത ലീഗ് വിരോധം ഇപ്പോഴും തുടരുകയാണ്.

ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള കോൺഗ്രസ്സ് നീക്കങ്ങളും, ഇതുവരെ ഫലം കണ്ടിട്ടില്ല. ഇതൊക്കെ , നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ, യു.ഡി.എഫ് നേരിടേണ്ട വെല്ലുവിളികളാണ്. സി.പി.എമ്മിനെ സംബന്ധിച്ച്, നിലമ്പൂരിൽ എത് വിധേയനേയും വിജയിക്കുക എന്നത്, അവരുടെ അഭിമാന പ്രശ്നം കൂടിയാണ്. “പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം നിലമ്പൂരിലെ വിധിയെഴുത്തെന്ന് പറയുന്ന” അൻവറിൻ്റെ തട്ടകത്തിൽ, അൻവറിനെയും യു.ഡി.എഫിനെയും എതിർത്ത് വിജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞാൽ, അത് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച് പുതിയ ചരിത്രമായാണ് മാറുക.

Express View

വീഡിയോ കാണാം…

Share Email
Top