സർക്കാർ വിരുദ്ധ വികാരമുണ്ട്, എങ്കിലും ഇടതുഭരണം തുടരും ? ബി.ജെ.പി പിടിക്കുന്ന വോട്ട് നിർണ്ണായകം

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാമെന്ന യു.ഡി.എഫ് പ്രതീക്ഷ ബി.ജെ.പി പിടിക്കുന്ന വോട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സംഭവിക്കുക. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചാൽ, മൂന്നാമതും ഇടതുപക്ഷത്തിനു തന്നെയാണ് സാധ്യത ഏറുക.

സർക്കാർ വിരുദ്ധ വികാരമുണ്ട്, എങ്കിലും ഇടതുഭരണം തുടരും ? ബി.ജെ.പി പിടിക്കുന്ന വോട്ട് നിർണ്ണായകം
സർക്കാർ വിരുദ്ധ വികാരമുണ്ട്, എങ്കിലും ഇടതുഭരണം തുടരും ? ബി.ജെ.പി പിടിക്കുന്ന വോട്ട് നിർണ്ണായകം

തുടര്‍ച്ചയായി രണ്ടാംതവണയും കേരളത്തില്‍ ഭരണത്തില്‍ വന്നത് സ്വാഭാവികമായും പിണറായി സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. മുന്‍പൊരിക്കലും ഇങ്ങനെ തുടര്‍ച്ചയായി ഒരു മുന്നണിയും കേരളം ഭരിച്ച ചരിത്രമില്ലാത്തതും ഇത്തരം ഒരു വികാരം സൃഷ്ടിക്കപ്പെടാന്‍ കാരണമാണ്. സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന രാജ്യത്തെ ഏത് സര്‍ക്കാറും നേരിടേണ്ടി വരുന്ന വെല്ലുവിളി തന്നെയാണിത്. കേരളത്തിലാകട്ടെ, ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി കൊണ്ടു വരുന്നതില്‍ മാധ്യമങ്ങളും വലിയപങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ, വാര്‍ത്താ മാധ്യമങ്ങള്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലും കൃത്യമായ മേധാവിത്വമുള്ളത് ഇടതുപക്ഷ വിരുദ്ധര്‍ക്കാണ്. വ്യക്തമായി പറഞ്ഞാല്‍, സി.പി.എം വിരുദ്ധ ചേരിയാണ് ഈ മേഖലകളെ നിലവില്‍ അടക്കിഭരിക്കുന്നത്.

Also Read: ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യത കാണിക്കണം; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സജി ചെറിയാൻ

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെ വില്ലന്‍മാരായി ജനങ്ങള്‍ക്കിടയില്‍ ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും വലിയ പങ്കാണുള്ളത്. അതായത്, ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ഏറ്റുമുട്ടേണ്ടി വരിക മാധ്യമങ്ങളോടു കൂടിയാണെന്നത് ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട്. നിറംപിടിപ്പിച്ച കഥകളും അതിനായി ഇനി വ്യാപകമായി പ്രചരിപ്പിക്കപ്പെടും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ ഫലം കണക്കിലെടുത്ത് മാത്രം ഇടതുപക്ഷത്തെ എഴുതിതള്ളാന്‍ ആര്‍ക്കും കഴിയുകയില്ല. കാരണം, ഉപതിരഞ്ഞെടുപ്പുകളില്‍, പ്രാദേശികമായ വിഷയങ്ങളും വിജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

Pinarayi Vijayan

നിലമ്പൂരിലെ പ്രാദേശിക വിഷയം എന്നു പറയുന്നത് തന്നെ, പി.വി അന്‍വറായിരുന്നു. മാത്രമല്ല, യു.ഡി.എഫിന്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂര്‍ പി.വി അന്‍വര്‍ ഇടതുപക്ഷത്ത് എത്തിയപ്പോള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് വ്യക്തിപരമായ വോട്ടുകള്‍ കൂടി ലഭിച്ചതു കൊണ്ടാണ്. രണ്ട് തവണ എം.എല്‍.എ ആയിരുന്നു എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വീകാര്യതയും മാധ്യമങ്ങള്‍ വഴി നടത്തിയ ഇടപെടല്‍ വഴി ലഭിച്ച പ്രശസ്തിയും എല്ലാം പി.വി അന്‍വറിന്റെ പെട്ടിയില്‍ വീണപ്പോഴാണ് 20,000-ന് അടുത്ത് വോട്ടുകള്‍ അദ്ദേഹത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിരുന്നത്. അതു കൊണ്ടാണ്, ആര്യാടന്‍ ഷൗക്കത്തിലൂടെ യു.ഡി.എഫിന് വിജയിച്ച് കയറാന്‍ കഴിഞ്ഞിരുന്നത്. എന്നിട്ടു പോലും സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലേക്കും 2026 -ലേക്കും എത്തുമ്പോള്‍, ഈ ചിത്രമല്ല തെളിയുക. അവിടെ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടതുപക്ഷത്തിന് കഴിയും. താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനം ഏറ്റവും ശക്തമായിട്ടുളള പാര്‍ട്ടി സി.പി.എമ്മാണ്. എണ്ണയിട്ട യന്ത്രം പോലെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനങ്ങള്‍ ഏത് രാഷ്ട്രീയ കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല. താഴെ തട്ടുമുതല്‍ അത്തരമൊരു സംവിധാനം ഇപ്പോഴും കോണ്‍ഗ്രസ്സിനില്ല. ഈ ന്യൂനത തിരിച്ചറിഞ്ഞാണ് സംഘടന തിരഞ്ഞെടുപ്പു നടത്തി സെമികേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് കെ സുധാകരന്‍ മുന്‍പ് പ്രഖാപിച്ചിരുന്നത്. എന്നാല്‍, കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിയും വരെ ഇക്കാര്യത്തില്‍ ഒരടിമുന്നോട്ട് പോകാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സംഘടനാ സംവിധാനം വച്ച് ഉപതിരഞ്ഞെടുപ്പ് പോലെ എളുപ്പത്തില്‍ വിജയിക്കാന്‍ പൊതു തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് സാധിക്കുകയില്ല.

K.C. Venugopal 

നേതൃത്വം ഭംഗിയായതുകൊണ്ട് മാത്രം കാര്യമില്ലെന്നും അടിത്തറ ശക്തമാക്കിയില്ലെങ്കില്‍ മുകളിലുള്ള ഭംഗി കുത്തനെ താഴേക്ക് പോകുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മുന്നറിയിപ്പില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. അടിത്തട്ട് തകര്‍ന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സിനേക്കള്‍ സംഘടനാപരമായി ഭേദം മുസ്ലീം ലീഗാണ്. അവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ സംഘടന ശക്തമാണ്. അതു കൊണ്ടു തന്നെ വിഭാഗീയത പൊട്ടി പുറപ്പെട്ടിട്ടില്ലെങ്കില്‍, ലീഗിന്റെ സ്വാധീന മേഖലകളില്‍ വോട്ട് പിടിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍, യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് ഒന്നും തന്നെ കാര്യമായ ഒരു സ്വാധീനവും കേരളത്തില്‍ ഇല്ല. ലീഗിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി മാത്രം, കേരളത്തില്‍ ഒരു ഭരണമാറ്റം കൊണ്ടുവരാന്‍ യു.ഡി.എഫിന് കഴിയുകയില്ല. അതുകൊണ്ടാണ്, ഇടതുപക്ഷത്തുള്ള കേരള കോണ്‍ഗ്രസ്സിനെയും സി.പി.ഐയെയും കോണ്‍ഗ്രസ്സ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍, ഒരുമുന്നണി മാറ്റത്തിനും തയ്യാറല്ലെന്ന നിലപാട് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചത് യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

വാര്‍ഡ് വിഭജനത്തിന്റെ ആനുകൂല്യവും സംഘടനാ സംവിധാനത്തിലെ മികവും പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അവര്‍ക്ക് ആശങ്കകളില്ല. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കടുത്ത മത്സരം ഇടതുപക്ഷത്തിന് നേരിടേണ്ടി വരുമെന്നു തന്നെയാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. അപ്പോഴും പക്ഷേ, യു.ഡി.എഫിന് വല്ലാതെ സന്തോഷിക്കാന്‍ വകയില്ല. കേരളത്തില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന ജനവിഭാഗം ശക്തമാണെങ്കിലും കണക്കുകള്‍ പരിശോധിച്ചാല്‍ അത്തരം ഒരു സാധ്യതയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ യു.ഡി.എഫ് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടി വരും.

Narendra Modi

2026-ല്‍, കേരളം ആര് ഭരിക്കണമെന്ന് യഥാര്‍ത്ഥത്തില്‍ തീരുമാനിക്കുന്നത് ബി.ജെ.പി പിടിക്കുന്ന വോട്ടുകളായിരിക്കും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍, വലിയ രൂപത്തിലുള്ള വോട്ടുകള്‍ പിടിക്കാന്‍ ബി.ജെ.പി മുന്നണിക്ക് സാധിച്ചിട്ടുണ്ട്. 2026-ല്‍ അത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത. പാകിസ്ഥാന് എതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളുമെല്ലാം തന്നെ ബി.ജെ.പി പ്രചരണായുധമാക്കുന്നത് അവര്‍ക്ക് നേട്ടമായി മാറുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍, അത് പ്രധാനമായും യു.ഡി.എഫ് വോട്ട് ബാങ്കുകളെയാണ് ബാധിക്കുക. പിണറായി സര്‍ക്കാറിന് എതിരായ വോട്ടുകള്‍ ഭിന്നിക്കുന്നത് മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വരാനാണ് സാഹചര്യമൊരുക്കുക. 10 നിയമസഭാ സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പിക്ക് വോട്ട് ശതമാനം കുറയുന്ന സാഹചര്യം ചിന്തിക്കാന്‍ പോലും കഴിയുകയില്ല.

മാത്രമല്ല, അസംതൃപ്തരായ കോണ്‍ഗ്രസ്സ് നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. ശശി തരൂരിനെ തന്നെ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്താണ് നടന്‍ സുരേഷ് ഗോപി 2019 ല്‍ ലഭിച്ചതിനേക്കാള്‍ 1,18,516 വോട്ടുകള്‍ കൂടുതല്‍ നേടി തൃശൂരില്‍ നിന്നും വിജയിച്ചിരുന്നത്. ഇവിടെ പ്രധാനമായും ചോര്‍ന്നിരിക്കുന്നത് കോണ്‍ഗ്രസ്സ് വോട്ടുകളാണ്. മൂന്നാം സ്ഥാനത്തേക്കാണ് കെ മുരളീധരന്‍ തള്ളിവിടപ്പെട്ടിരിക്കുന്നത്. വയനാട്ടില്‍, രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച കെ സുരേന്ദ്രനും ബി.ജെ.പിയുടെ വോട്ട് വിഹിതം വലിയ രൂപത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും, ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ മത്സരിപ്പിച്ചതു കൊണ്ടു മാത്രമാണ്, തിരിച്ചടി കിട്ടിയിരിക്കുന്നത്.

VD Satheesan

ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തെത്തിയ വി. മുരളീധരന്‍ ഇരു മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. 2019-ല്‍ ബിജെപിയുടെ വോട്ട് വിഹിതം 2,48,081 ആയിരുന്നു ഇത് ഒറ്റയടിക്ക് 3,11,779 ആയി ഉയര്‍ത്താന്‍ ഇത്തവണ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ വെറും 16,077 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. ഇവിടെ ബിജെപിയുടെ വോട്ടുകള്‍ കൂടിയപ്പോള്‍ കോണ്‍ഗ്രസ്സിന് 2014-നെ അപേക്ഷിച്ച് 57,976 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ഇപ്പോള്‍ തന്നെ കാര്യമായ വോട്ടുകളുണ്ട്. അത് കൂടുകയല്ലാതെ ഒരിക്കലും കുറയാന്‍ പോകുന്നില്ല. 2026 -ല്‍ ശക്തി വര്‍ദ്ധിപ്പിച്ച് 2031-ല്‍ കേരള ഭരണം പിടിക്കുക എന്നതാണ്, ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട. അതുകൊണ്ടു തന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുക.

Also Read: നിലമ്പൂരില്‍ തോറ്റാല്‍ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ബോധ്യമുണ്ടായിരുന്നു; വി ഡി സതീശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിറങ്ങി പ്രചരണം നയിക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വോട്ട് വര്‍ദ്ധന ഉണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് സഹായകരമാകുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. അവിടെ തന്നെയാണ് യു.ഡി.എഫിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റാനും പോകുന്നത്. ബി.ജെ.പിക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ പറ്റുന്ന വോട്ട് ബാങ്ക് കോണ്‍ഗ്രസ്സിന്റെയാണ്. ഒരു ചെറിയ ശതമാനം വോട്ട് ഷിഫ്റ്റിങ്ങ് പോലും വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുമെന്നതിനാല്‍, ഇത്തരമൊരു സാഹചര്യം, ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. നിലമ്പൂര്‍ വഴി കേരളഭരണം പിടിക്കാമെന്ന് പ്രതീക്ഷിക്കുന്ന യു.ഡി.എഫ് നേതൃത്വം ഇക്കാര്യങ്ങള്‍ കൂടി ഒന്നു പരിശോധിക്കുന്നത് നല്ലതായിരിക്കും.

Express View

വീഡിയോ കാണാം

Share Email
Top